
മൊബൈൽ ഫോണിന്റെ മോശം ബാറ്ററി ബാക്കപ്പ് നമ്മളെ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്. മിക്ക സ്മാർട്ട്ഫോണുകൾക്കും ഒരു പരിധിയിൽ കൂടുതൽ ക്ഷമതയുള്ള ബാറ്ററികൾ നൽകാൻ പറ്റാറില്ല. ഇതിന് പല കാരണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ പലരും ഇന്ന് ഉയർന്ന ബാറ്ററി ബാക്കപ്പ് നൽകുന്ന കീപാഡ് ഫോണുകൾ കയ്യിൽ കരുതാറുണ്ട്. ഇത്തരം കീപാഡ് ഫോണുകളുടെ രാജാക്കന്മാരായ നോക്കിയ പുത്തൻ 4 ജി ഫീച്ചർ ഫോണുകളുമായി വിപണിയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. നോക്കിയ 8210 4 ജി, നോക്കിയ 110 എന്നീ മോഡലുകളാണ് കമ്പനി നവീകരിച്ചുക്കൊണ്ട് പുറത്തിറക്കിയിരിക്കുന്നത്.
നോക്കിയയുടെ പ്രമുഖ മോഡലായ 110 ന്റെ പുതിയ പതിപ്പിന് കൂടുതൽ ബിൽഡ് ക്വാളിറ്റിയും മികവാർന്ന ഫിസിക്കൽ കീബോർഡും നൽകിയിട്ടുണ്ട്. പുതിയ സ്ലീക്ക് ഡിസൈനോടെയാണ് മൊബൈൽ ഫോൺ പുറത്തുവരുന്നത്. ഒറ്റകയ്യിൽ വളരെ അനായാസം ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് നോക്കിയ പുതിയ ഫോണിനെ രൂപകല്പന ചെയ്തിട്ടുള്ളത്. ഓട്ടോ കോൾ റെക്കോർഡിംഗ് ഓപ്ഷൻ നോക്കിയ 110 ൽ നൽകിയിട്ടുണ്ട്. 1699 രൂപയാണ് ഫോണിന്റെ വില. റോസ് ഗോൾഡ്, സിയാൻ, ചാർക്കോൾ തുടങ്ങിയ കളർ വേരിയന്റുകളിൽ 110 ലഭ്യമാണ്.
ക്യു.വി.ജി.എ റെസല്യൂഷനോട് കൂടിയ 2.8 ഇഞ്ച് ഡിസ്പ്ലേയോടെയാണ് നോക്കിയ 8210 4G വരുന്നത്. 0.3 എം.പി റിയർ ക്യാമറയാണ് പുതിയ ഫോണിന്റെ മറ്റൊരു സവിശേഷത. 48 എം.ബി റാം, 128 എം.ബി ഇന്റേണൽ സ്റ്റോറേജ് (32 ജി.ബി വരെ മൈക്രോ എസ്ഡി കാർഡ് വഴി ഉയർത്താം) എന്നിവയുള്ള ഫോണിനെ പ്രവർത്തിപ്പിക്കുന്നത് ടി 107 പ്രോസസറാണ്. 27 ദിവസം വരെ സ്റ്റാൻഡ് ബൈ ടൈം ഈ ഫോണിൽ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4 ജി കണക്ഷൻ സപ്പോർട്ട് ചെയ്യുന്ന ഫോണിന്റെ വില 3999 രൂപയാണ്. നീല, ചുവപ്പ് എന്നീ രണ്ടു കളറുകളിലാണ് നോക്കിയ 8210 4 ജി പുറത്തിറക്കുന്നത്.
English summary:- new feature phone from nokia. Nokia 110. and 8120 4g with 27 days stand by time.