
കന്നുകാലി കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കാലികൾക് കൊടുക്കുന്നതിനുള്ള പുല്ല് കണ്ടെത്തുക എന്നത്.പുല്ല് വളർത്തുവാൻ ആവശ്യമായ സ്ഥലം ഇല്ല എന്നത് തന്നെയാണ് പലപ്പോഴും പ്രശ്നകാരണമാകുന്നത്. ഇതിന് ആധുനിക സാങ്കേതികവിദ്യ പറഞ്ഞുതരുന്ന ഒരു പ്രശ്നപരിഹാരമാണ് ഹൈഡ്രോപോണിക്സ്. ഇതിലൂടെ മണ്ണും പറമ്പും ഇല്ലാതെ തീറ്റപ്പുല്ല് തയ്യാറാക്കാൻ സാധിക്കുന്നു.
മണ്ണും വളമോ സൂര്യപ്രകാശവും നൽകാതെ കൃത്രിമ അന്തരീക്ഷത്തിൽ പുല്ലു വളർത്തുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്. അനുകൂല സാഹചര്യത്തിൽ മണ്ണിന്റെ സഹായമില്ലാതെ തന്നെ ഒരു നിശ്ചിത അളവ് വരെ വളരാനുള്ള പോഷകങ്ങൾ വിത്തിനുള്ളിൽ ഉണ്ട്. വിത്തിന്റെ ഈ സവിശേഷതയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കന്നുകാലി കർഷകർക്ക് വൻതോതിൽ തന്നെ തീറ്റപ്പുല്ല് വളർത്താൻ സാധിക്കുന്നു. ഹൈഡ്രോപ്റോണിക്സ് ഫോഡർ എന്ന യന്ത്രം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ആറ് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും 3.25 മീറ്റർ ഉയരവും ഉള്ള യന്ത്രത്തിന് രണ്ടുഭാഗവും തുറക്കുന്ന വാതിലുകൾ ഉണ്ട്. ഇതിനകത്തായി രണ്ട് അടി വീതം ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്ന തട്ടുകളിലെ ട്രേകളിലാണ് വിത്ത് പാകുന്നത്. ഓരോ ട്രേയ്ക്കും 180cm നീളം, 90cm വീതി, 4.5cm ഉയരം എന്നിവയുണ്ട്. 1മുതൽ 1.5 കിലോ വരെയുള്ള വിത്ത് ഒരു ട്രേയിൽ ഉപയോഗിക്കാം. നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ച വിത്താണ് ട്രേയിൽ നിറക്കുന്നത്.ഓരോ തട്ടിനും ഇടയ്ക്ക് ട്രേയ്ക്ക് മുകളിലായി കൃത്രിമ സൂര്യപ്രകാശവും സ്പ്രിംഗ്ലർ ഉം പിടിപ്പിച്ചിരിക്കുന്നു. സമയാനുസരണം എല്ലാം നിയന്ത്രിക്കാനുള്ള ഓട്ടോമാറ്റിക് പാനൽ സംവിധാനവും ഇതിലുണ്ട് 18 മുതൽ 20 സെന്റിഗ്രേഡ് താപനിലയിലാണ് ഇവ സൂക്ഷിക്കുന്നത്.
ആറു ദിവസം കൊണ്ട് അരയടി വളർച്ചയെത്തുന്ന ഇവ ആറാം ദിവസം പുറത്തെടുക്കുമ്പോൾ വേരുകൾ ചേർന്ന് ഒരുമിച്ചു മാറ്റ് രൂപത്തിൽ ആകുന്നു. ഇതിനെ ഫോഡർ ബിസ്ക്കറ്റ് എന്നറിയപ്പെടുന്നു. ഒരു കിലോ വിത്തിൽ നിന്നും 6ദിവസം കൊണ്ട് 7കിലോ പുല്ല് ലഭിക്കുന്നു. ഗോതമ്പ്, ചോളം, ബാർലി തുടങ്ങിയവ ഉപയോഗിച്ച് കന്നുകാലികൾക്ക് വേണ്ടിയുള്ള തീറ്റപ്പുല് തയ്യാറാക്കാവുന്നതാണ്. യന്ത്രം സ്ഥാപിക്കാൻ മുടക്കുമുതൽ കുറച്ചു കൂടുതലാണ് എങ്കിൽ തന്നെയും രണ്ടുമുതൽ മൂന്നുവർഷംകൊണ്ട് തന്നെ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ സാധിക്കുന്നു.
തീറ്റ ചിലവ് കുറക്കാം എന്നതുമാത്രമല്ല, ഇത് നൽകുന്നത് കൊണ്ട് ധാരാളം ഗുണങ്ങളും ഉണ്ടാകുന്നു,
* വിത്ത് മുളയ്ക്കുമ്പോൾ പുളിക്കൽ നടക്കുന്നത് വഴി വിത്തിലെ മാംസ്യം അമിനോആസിഡ് ആകുന്നു, ഇത് ശരീരം നേരിട്ട് ഉപയോഗിച്ച് കോശ നിർമ്മിതിയും ഭാരവും ഉണ്ടാക്കുന്നു.
*വിത്ത് മുളയ്ക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ജൈവദ്രവങ്ങൾ അഥവാ എൻസൈമുകൾ ഏറ്റവും ശക്തിമത്തായിരിക്കും ഇവ ശാരീരിക പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു.
* ഇതിലെ കൊഴുപ്പ് സ്വതന്ത്ര അമ്ലങ്ങളും, ഗ്ലൂക്കോസ്സും ആയി മാറി ശരീരത്തിൽ വേഗത്തിൽ ആഗിരണം ചെയ്ത് ദഹനവും രോഗപ്രതിരോധവും സാധ്യമാക്കുന്നു.
80% ജലാംശവും നല്ല മധുരവും ഉള്ളതിനാൽ പശുക്കൾ പുല്ല് മുഴുവനായി കഴിക്കുന്നതിന് കാരണമാകുന്നു.
* പ്രകൃതിദത്തമായ വിറ്റാമിൻ എ, ഇ ധാതുക്കൾ ഉള്ളതിനാൽ കൃത്യസമയത്ത് മദിലക്ഷണം കാണിക്കുന്നു.
15 ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ പോഷകങ്ങൾ 3ഹൈഡ്രോപോണിക് ബിസ്ക്കറ്റ് അതായത് 25.5 കിലോഗ്രാം യന്ത്രപുല്ലിൽ അടങ്ങിയിട്ടുണ്ട്.കറവയുള്ള പശുവിന് ഒരു ദിനം ഏകദേശം 14 കിലോഗ്രാം യന്ത്രപുല്ല് മതിയാകും, ഒപ്പം ഏതെങ്കിലും പിണ്ണാക്ക് മിശ്രിതവും വൈക്കോലും കുറഞ്ഞ അളവിൽ നൽകണം.ഫോഡർ ബിസ്ക്കറ്റിൽ നാരിന്റെ അംശം കുറവായതിനാൽ ആണിത്.
ഇതിലൂടെ തീറ്റപ്പുല്ല് കണ്ടെത്തുക എന്ന ബുദ്ധിമുട്ട് കര്ഷകന് ഇല്ലാതാകുന്നു എന്ന് മാത്രമല്ല പോഷകഗുണം കൂടിയ പാൽ ലഭിക്കുകയും ചെയ്യുന്നു. ക്ഷീരവകുപ്പ് കർഷകർക്ക് സബ്സിഡിയോടെ മിനി ഫോഡർയന്ത്രം നല്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്കു ക്ഷീരവകുപ്പുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
സ്ഥലം ഇല്ലാത്തവർക്കായി ഒരു കൃഷി രീതി കൂടുതൽ വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. മണൽ ഇല്ലാതെ ചെടിച്ചട്ടികൾ ഇല്ലാതെ ഇനി വീട്ടിൽ എന്നും ഇലക്കറികൾ
ഈ വാർത്ത നിങ്ങൾക് ഇഷ്ടമായി എങ്കിൽ മറ്റുള്ളവർക് കൂടി ഷെയർ ചെയ്യുക.കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക http://bitly.ws/8Nk2