
സമുദ്രങ്ങളിലേക്ക് തള്ളപ്പെടുന്ന മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ഒരു ചെറിയ റോബോട്ട് മത്സ്യത്തെ ശാസ്ത്രജ്ഞർ രൂപകല്പന ചെയ്തിരിക്കുകയാണ്. പതിമൂന്ന് മില്ലിമീറ്റർ മാത്രം നീളമുള്ള ഈ യന്ത്രമത്സ്യം സമുദ്രനിരപ്പിനു ചുറ്റും നീന്തുകയും അതിലെ മൈക്രോ പ്ലാസ്റ്റിക് കണികകൾ ആഗിരണം ചെയ്യുകയും ചെയ്യും. ഈ മത്സ്യത്തിന്റെ ശരീരം മറ്റുള്ള മത്സ്യങ്ങളെ പോലെ വഴക്കമുള്ളതും മൃദുവായതുമാണ്. മറ്റാരും നിയന്ത്രിക്കാതെ തന്നെ സഞ്ചരിക്കുന്ന റോബോ മത്സ്യം കൂടിയാണിത്. വാലിൽ ഘടിപ്പിച്ച ഒരുതരം നേരിയ ലേസർ സംവിധാനത്തിന്റെ സഹായത്തോടെയാണ് മത്സ്യത്തിന് സഞ്ചരിക്കാൻ സാധിക്കുന്നത്. മണിക്കൂറിൽ ഏകദേശം 30 മില്ലിമീറ്റർ വേഗതയിൽ നീന്താൻ ഇവയ്ക്ക് പറ്റും.
ഭൂമിയിൽ ഏറ്റവും കൂടുതൽ മലിനമാക്കപ്പെടുന്ന ഒരു ഭാഗമാണ് സമുദ്രം. ലോകത്തെമ്പാടുമുള്ള ജലാശയങ്ങളിലേക്ക് പുറന്തള്ളുന്ന മാലിന്യങ്ങൾ ഏറ്റവും അവസാനം എത്തിപ്പെടുന്നത് കടലിലാണ്. ഫാക്ടറികളിൽ നിന്നും പുറത്തുവരുന്ന മലിനജലം, ഇൻഡസ്ട്രിയൽ വേസ്റ്റ്, ഇലക്ട്രോണിക് വേസ്റ്റ് തുടങ്ങിയവയാണ് സമുദ്രത്തിൽ കൂടുതലും കാണപ്പെടുന്നത്. ഇവയിൽ ഏറ്റവും ദോഷം ചെയ്യുന്ന ഒന്നാണ് പ്ലാസ്റ്റിക്. വർഷങ്ങളോളം പഴക്കമുള്ള പ്ലാസ്റ്റിക് കുപ്പികൾ, കളിപ്പാട്ടങ്ങൾ, പ്ലേറ്റുകൾ തുടങ്ങിയവ നമ്മൾ കടലിൽ ഒഴുകിപോകുന്നത് കാണാറുണ്ട്. അവ വിഘടിച്ചുകൊണ്ട് ചെറിയ മൈക്രോ പ്ലാസ്റ്റിക്കുകളായി മാറും. മറ്റുള്ള മാലിന്യങ്ങളെ അപേക്ഷിച്ച് ഇത്തരം മൈക്രോ പ്ലാസ്റ്റിക്കുകൾ നിർമ്മാർജനം ചെയ്യാൻ പ്രയാസമാണ്. അവിടെയാണ് ചൈനയിലെ സിഷുവാൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻമാർ റോബോ ഫിഷ് എന്ന കണ്ടുപിടുത്തവുമായി രംഗത്തെത്തിയത്.
ഈ റോബോ മത്സ്യത്തിന്റെ വലിപ്പകുറവാണ് അതിന്റെ ഒരു പ്രേത്യേകത. മറ്റാർക്കും കയറിച്ചെന്ന് വൃത്തിയാക്കാൻ പറ്റാത്ത സ്ഥലങ്ങളിലൊക്കെ ഈ റോബോ ഫിഷിന് എത്താൻ പറ്റും. സമുദ്രത്തിലെ യഥാർത്ഥ മത്സ്യങ്ങൾ ഇവയെ ഭക്ഷിക്കുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. അഥവാ റോബോ മത്സ്യത്തെ മീനുകൾ വിഴുങ്ങിയാലും അവയുടെ ജീവന് ആപത്ത് ഒന്നും സംഭവിക്കില്ലെന്ന് ശാസ്ത്രജ്ഞൻമാർ പറഞ്ഞിട്ടുണ്ട്. ഈ പുതിയ സാങ്കേതികവിദ്യ സമുദ്രജലം ശുദ്ധീകരിക്കുന്നതിന് വിനിയോഗിക്കപ്പെടുന്ന അധ്വാനവും ചെലവും കുറക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
English summary :- scientists from china discovered a new robo fish to eat and reduce all the micro plastics in the ocean