
തിരുവനന്തപുരം: ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ഓണം സ്ക്വാഡുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ചെക്ക് പോസ്റ്റുകളില്‍ ഫുഡ് ടെസ്റ്റിങ് ലാബുകള്‍ ഉള്‍പ്പടെയുള്ള യൂണിറ്റിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പാല്, മത്സ്യം, ഭക്ഷ്യ എണ്ണകള്‍, പഴം, പച്ചക്കറി എന്നിവ പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് ചെക്ക് പോസ്റ്റുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കാനാണിതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകലായ അമരവിള, ആര്യങ്കാവ്, കുമിളി, വാളയാര്‍, മീനാക്ഷിപുരം, മഞ്ചേശ്വരം, എന്നിവിടങ്ങളിലാണ് ഫുഡ് ടെസ്റ്റിങ് ലാബുകള്‍ ഉള്‍പ്പെടുന്ന ഓണം സ്ക്വാഡിനെ നിയോഗിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കല്‍ ചെക്ക് പോസ്റ്റുകളില്‍ മാത്രം ഒതുങ്ങില്ല. സംസ്ഥാനത്തിനുള്ളില്‍ തട്ടുകടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, എന്നിവിടങ്ങളില്‍ ശുചിത്വം, സാമുഹിക അകലം പാലിക്കല്‍, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ നല്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
ഓണം വിപണിയില്‍ എത്തിക്കുന്ന പാല്, ശര്‍ക്കര, വെളിച്ചെണ്ണ, പായസം മിക്സ്, നെയ്യ്, പയര്‍, പരിപ്പ്, പഴം, പച്ചക്കറികള്‍ തടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനകള്‍, ബേക്കറി നിര്‍മാണ ഉല്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റുകള്‍, പാല് ഐസ്ക്രീം യൂണിറ്റുകള്‍, വെളിച്ചെണ്ണ നിര്മാണപായ്ക്കിങ് യൂണിറ്റുകള്‍ തുടങ്ങിയ എല്ലായിടത്തും പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഭക്ഷ്യവസ്തുക്കളിലെ മായം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്ബരില്‍ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.