മൈനിംഗ് ലൈസൻസിന് ഇനി ഓൺലൈൻ അപേക്ഷകൾ


Spread the love

മൈനിംഗ് ലൈസൻസിന് ഇനി ഓൺലൈൻ അപേക്ഷകൾ.സംസ്ഥാനത്ത് ഖനന ലൈസൻസിന് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം ഒരുങ്ങുന്നു. ഒക്‌ടോബർ മുതലാണ് ഖനനാനുമതിക്ക് ഓൺലൈനായി അപേക്ഷിക്കാനാവുക. ഇതോടെ ഖനന ലൈസൻസിനായി നേരിട്ട് ഓഫീസിൽ എത്തുന്നത് ഒഴിവാക്കാനാവുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പ്രവർത്തനം ഇതോടെ കൂടുതൽ സുതാര്യമാകും.

ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതുൾപ്പടെ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഡയറക്‌ട്രേറ്റിലെയും ജില്ലാ ഓഫീസുകളിലെയും മേധാവിമാരുമായി മന്ത്രി ഓൺലൈൻ അവലോകന യോഗം നടത്തി.
മൈനിംഗ് ആന്റ് ജിയോളജി വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ പത്തു ദിവസത്തിൽ തീർപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഫയലുകൾ തീർപ്പാക്കുന്നതിലെ പുരോഗതി രണ്ടാഴ്ചയിൽ ഒരിക്കൽ പരിശോധിക്കും. മറ്റു വകുപ്പുകളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീർപ്പാക്കേണ്ട ഫയലുകളിൽ ആവശ്യമായ ഇടപെടലുകൾ വേഗത്തിൽ നടത്തണം. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ഇടപെടൽ ആവശ്യമുണ്ടെങ്കിൽ അതുറപ്പാക്കാനും മന്ത്രി നിർദ്ദേശിച്ചു.

പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം സൗഹാർദ്ദപരമായിരിക്കണം. ഗൃഹനിർമാണത്തിന് ചെങ്കല്ല് എടുക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി അനുമതി ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ പരിശോധിച്ച് വേഗത്തിൽ തീരുമാനം എടുക്കണം. പൊതുമേഖല സ്ഥാപനങ്ങളുടെ ഖനന അനുമതി വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു.

യോഗ തീരുമാനങ്ങളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജൂലൈ ഒന്നിന് മുമ്പ് ജില്ലകളിൽ നിന്ന് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി പറഞ്ഞു. ഡയറക്ടർ ഡോ. എസ്. കാർത്തികേയൻ വകുപ്പിന്റെ നിലവിലെ സ്ഥിതിയും പ്രവർത്തനങ്ങളും യോഗത്തിൽ വിശദീകരിച്ചു.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close