ഓപ്പറേഷൻ ട്രോജൻ ഷീൽഡിൻ്റെ വിജയം ; ലോകമെമ്പാടും 800ൽ അധികം അറസ്റ്റുകൾ


Spread the love

ലോകത്തെ 16 ഓളം രാജ്യങ്ങൾ ചേർന്ന്, ആഗോള തലത്തിലുള്ള കുറ്റ കൃത്യങ്ങളായ മയക്കുമരുന്ന് കൈമാറ്റം, ആയുധം കടത്തൽ എന്നിവയ്ക്കും അതിനു ചുക്കാൻ പിടിക്കുന്നവർക്കുമെതിരെ വേട്ടയാടുവാൻ തുടങ്ങിവെച്ച ഓപ്പറേഷൻ ട്രോജൻ ഷീൽഡ് വിജയം കണ്ടു. ഇതിനോടനുബന്ധിച്ച് ഏകദേശം 800 ലധികം പേർ ലോകമെമ്പാടുംപിടിയിലായിട്ടുണ്ട്.ആഗോള തലത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളിലെ പ്രധാന കണ്ണികളാണ് നിലവിൽ അറസ്റ്റിൽ ആയിരിക്കുന്നതെന്നാണ് വിവരം.

യു. എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്. ബി. ഐ), കൂടാതെ യൂറോപ്യൻ, ഓസ്ട്രേലിയൻ പോലീസ് സേന എന്നിവർ കൂട്ടായി നടപ്പിലാക്കിയ ഓപ്പറേഷനിൽ ആയിരുന്നു ഈയിടെ വൻ വേട്ട ആഗോള തലത്തിൽ നടന്നത്. വർഷങ്ങളായി ഇവർ നടത്തിവന്ന രഹസ്യ ഗൂഢാലോചനയാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. യു.എസ് അധികൃതർ വികസിപ്പിച്ചെടുത്ത ആനം (ANOM) എന്ന രഹസ്യ മെസ്സേജിങ് ആപ്പ് ആണ് ഇവരെ പിടികൂടുവാൻ സഹായകകരമായത്. ഈ ആപ്പ് സന്ദേശങ്ങൾ അയക്കുവാൻ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിപ്പിച്ചു, ഇത് ഇൻസ്റ്റാൾ ചെയ്ത ഫോണുകൾ ക്രിമിനൽ സംഘത്തിന് വിൽക്കുകയായിരുന്നു. ചില കുറ്റവാളികൾ നിർമ്മിച്ച ഉപകരണമാണിതെന്ന വ്യാജേനയായിരുന്നു ഇത് ക്രിമിനലുകൾക്കിടയിലേക്ക് എത്തിച്ചത്. ഇത് ഏകദേശം 2000 ഡോളറിന് ക്രിമിനലുകൾക്ക് വിൽക്കുകയും, അവരിൽ നിന്ന് 6 മാസത്തിലൊരിക്കൽ 1300 മുതൽ 2000 ഡോളർ വരെ ഉപയോക്ത ഫീസായി വാങ്ങുകയും ചെയ്തു. ഇതിന് പിന്നിൽ പോലീസിന്റെ ഗൂഢ തന്ത്രമുണ്ടായിരുന്നെന്ന് ഇവർ പ്രതീക്ഷിച്ചില്ല. പിന്നീട് ഈ ആപ്പ് ഏകദേശം 100 ഓളം രാജ്യങ്ങളിൽ ക്രിമിനലുകൾ മുഖേനെ വ്യാപിച്ചു. ഈ കെണിയിലകപ്പെട്ട ക്രിമിനൽ സംഘം, അത് വിശ്വസിക്കുകയും, തുടർന്നുള്ള സന്ദേശങ്ങൾ ഇതുപയോഗിച്ച് ആഗോള തലത്തിൽ കൈമാറാനും തുടങ്ങി. എന്നാൽ ഈ സന്ദേശങ്ങൾ 16 ഓളം രാജ്യങ്ങൾ ഒരേ സമയം വീക്ഷിച്ചുകൊണ്ടിരുന്നു. ഏകദേശം 27 മില്യനോളം സന്ദേശങ്ങൾ ഇവർ ക്രിമിനൽ സംഘങ്ങളിൽ നിന്നും ഇതുവഴി ചോർത്തിയെടുത്തു.

2018 ൽ എഫ്.ബി.ഐ യും, ഓസ്ട്രേലിയൻ പോലീസും ഒന്നിച്ച് ഈ ഉദ്യമത്തിന് ഓപ്പറേഷൻ ട്രോജൻ ഷീൽഡ് അഥവാ ഓപ്പറേഷൻ ഗ്രീൻ ലൈറ്റ് എന്ന പേര് നൽകി. പിന്നീട് ഇവർ രഹസ്യ ആപ്പ് അടങ്ങിയ ഫോൺ ഈ ക്രിമിനൽ സംഘങ്ങൾക്ക് കൈമാറി, തെളിവ് സഹിതം ഇവരെ പിടിയിലാ ക്കുവാനുള്ള സമയം കാത്തിരിന്നു. ഇവരിൽ നിന്ന് ടൺ കണക്കിന് ലഹരിമരുന്നും, 1000 കോടിയിലേറെ രൂപയും, നിരവധി ആയുധങ്ങൾ, ക്രിപ്റ്റോ കറൻസികൾ എന്നിവയും പിടികൂടിയിട്ടുണ്ട്. ഈ വിവരം പുറത്തുവിട്ടത് എഫ്.ബി.ഐ ആണ്.

വൻ തോതിലുള്ള ഈ വേട്ടമാത്രമല്ല, ഈ ആപ്പിന്റെ സഹായത്തോടെ മുൻപും ക്രിമിനൽ സംഘത്തിന്റെ പല നീക്കങ്ങളും വിവിധ രാജ്യങ്ങളിലെ പോലീസുകാർ തടഞ്ഞിരുന്നു.ഏകദേശം 150 ഓളം കൊലപാതകങ്ങളും, വൻ തോതിലുള്ള മയക്കുമരുന്ന് കയറ്റുമതിയുമൊക്കെ തടയുവാനും, ആയുധങ്ങൾ, ഡോളർ എന്നിവ പിടിച്ചെടുക്കുവാനും ഇത് സഹായകമായി. എന്നാൽ ഇപ്പോൾ ആദ്യമായിട്ടാണ് ഇത്ര വലിയ ഒരു വേട്ട നടന്നത്. അതിനാലാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച ബുദ്ധി പുറത്ത് വിടാൻ അവർ തയ്യാറായത്.

‘ഈ ഫലം തീർത്തും അമ്പരപ്പിക്കുന്നതാണ്’ എന്ന് എഫ്. ബി. ഐ അസിസ്റ്റന്റ് ഡയറക്ടർ കാൽവിൻ ഷിവേഴ്‌സ് അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയന്റെ പോലീസ് ഏജൻസിയായ യൂറോപോളിന്റെ ആസ്ഥാനത്ത് വെച്ച് മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അറിയിച്ചത്. ഈ ഓപ്പറേഷൻ ഇതിന് മുൻകൈയെടുത്ത 16 രാജ്യങ്ങൾക്ക് മാത്രമല്ല, ലോകമെമ്പാടും നടന്നു വരുന്ന സംഘടിത കുറ്റകൃത്യങ്ങൾക്ക് വലിയൊരു ‘പ്രഹരം ഏൽപ്പിച്ചു’ എന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അഭിപ്രായപ്പെട്ടു.

Read More:https://exposekerala.com/crime-storymitila-mohan/

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close