അധോലോകത്തിലെ ഇതിഹാസം പാബ്ലോ എസ്കോബാർ.


Spread the love


മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് ലാറ്റിൻ അമേരിക്കയിലെ മണൽത്തരികൾ പോലും ഭയപ്പെട്ടിരുന്ന പേരായിരുന്നു “പാബ്ലോ എസ്കോബാർ”. ലോകത്തെ മയക്കു മരുന്ന് വിപണിയുടെ 90 ശതമാനവും നടത്തുന്ന രാജ്യമായിരുന്നു കൊളംബിയ. ഈ  കൊളംബിയൻ അധോലോകത്തിന്റെ തലതൊട്ടപ്പൻ ആയിരിന്നു പാബ്ലോ എസ്കോബാർ. കൊളംബിയൻ അധോലോകത്തിന്റെ അവസാന വാക്കായി മാറിയ മയക്കു മരുന്ന് മാഫിയ ആയ ‘മെഡലിൻ കാർട്ടൽ ‘ ന്റെ സ്ഥാപകൻ കൂടി ആയിരുന്നു പാബ്ലോ. ഈ ലോകം കണ്ട ഏറ്റവും പണക്കാരനും ക്രൂരനുമായ ഗ്യാങ്സ്റ്റർ. അങ്ങനെ തന്നെ വിശേഷിപ്പിക്കണം പാബ്ലൊയെ.അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 22 ബില്യൺ യു.എസ്. ഡോളറിനു അടുത്തായിരുന്നു. അതായത് ഏകദേശം നമ്മുടെ ഇന്ത്യ മുഴുവൻ വാങ്ങുവാൻ കഴിയുന്ന അത്ര പണം,  ഒരുപക്ഷെ അതിലും കൂടുതൽ. 
               കൊളംബിയയിലെ റിയോ നീഗ്രോ എന്ന് അറിയപ്പെടുന്ന ഗ്രാമത്തിൽ 1949 ഡിസംബർ 1 ന് പാബ്ലോ എസ്കോബാർ ജനിച്ചു. ഡിഗ്രി വരെ കഷ്ടിച്ച് വിദ്യാഭ്യാസം കൊണ്ടെത്തിച്ചെങ്കിലും കുടുംബത്തിന്റെ ദാരിദ്ര്യം മൂലം പഠനം പൂർത്തിയാക്കുവാൻ സാധിച്ചില്ല. ദാരിദ്ര്യവും അതിലുപരി പണത്തോടുള്ള അടങ്ങാത്ത ആവേശവും അദ്ദേഹത്തെ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചു. തുടക്കത്തിൽ വ്യാജ ലോട്ടറി വില്പനയിലൂടെ, പിന്നീട് പല, പല കുറ്റകൃത്യങ്ങളിലേക്ക്, അങ്ങനെ അവസാനം മയക്കു മരുന്ന് വില്പനയിൽ എത്തിച്ചേർന്നു. തുടക്കത്തിൽ വെറുമൊരു ഡെലിവറി ബോയ്  ആയിട്ടായിരുന്നു പാബ്ലോ മയക്കു മരുന്ന് വില്പനയിൽ ഏർപ്പെട്ടിരുന്നത്. എന്നിരുന്നാലും ചെറിയൊരു ഗ്യാങ് രൂപപ്പെടുത്തി എടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഈ ഗ്യാങ്ങിനു അവർ “മെൻഡലിൻ കാർട്ടൽ” എന്ന പേരും നൽകി. 
               അമേരിക്കൻ ഭൂഖണ്ഡം മുഴുവൻ മയക്കു മരുന്നിനു അടിമപ്പെട്ടിരുന്ന ഒരു കാലമായിരുന്നു 1970കൾ. എന്നാൽ ഈ  മേഖലയിൽ പാബ്ലോയുടെ ഏറ്റവും വലിയ നേട്ടം എന്തെന്നാൽ, കൊളംബിയയിൽ നിന്ന് അമേരിക്കയിലേക്ക് കൊക്കൈൻ കടത്തുവാനുള്ള  ഒരു സുരക്ഷിത മാർഗം ഇയാൾ കണ്ടെത്തിയിരുന്നു എന്നതാണ്. അതായത് കൊളംബിയയിൽ നിന്നും അമേരിക്കയിലേക്ക് പോകുന്ന വിമാനങ്ങളുടെ പൈലറ്റ്മാർക്ക് പണം നൽകി വിമാനത്തിൽ മയക്കു മരുന്ന് കടത്തുന്ന രീതി ആയിരുന്നു പാബ്ലോ നടപ്പിലാക്കിയിരുന്നത്. അത് വഴി വളരെ പെട്ടന്ന് തന്നെ ഇയാൾ ഒരു ശത കോടീശ്വരൻ ആയി മാറുകയും ചെയ്തു. 
               1975 ൽ ആരംഭിച്ച പാബ്ലോയുടെ ബിസിനസ് വെറും 5 വർഷം കൊണ്ട് ഒരു മാസത്തിൽ ഏകദേശം 60 മുതൽ 80 ടൺ വരെ മയക്കു മരുന്ന് കയറ്റി അയക്കുന്ന ഒരു അധോലോക സാമ്രാജ്യം ആയി മാറി. മാത്രമല്ല ഒരുപാട് രാജ്യങ്ങളിലേക്ക് പാബ്ലോ തന്റെ ബിസിനസ് ശ്യംഖല വ്യാപിപ്പിക്കുകയും ചെയ്തു. പിന്നീട് ആയുധ കടത്ത്, കൊലപാതകം, ബോംബ് സ്ഫോടനങ്ങൾ, തീവ്രവാദം എന്നിങ്ങനെ മെൻഡലിൻ കാർട്ടൽ കുറ്റകൃത്യങ്ങളുടെ എല്ലാ മേഖലകളിലേക്കും വളർന്നു. ഒറ്റ ദിവസം കൊണ്ട് തന്നെ 60 മില്യൺ ഡോളറിനെക്കാൾ വലിയ ബിസിനസുകൾ ഈ സംഘം  നടത്തിയിരുന്നു. 
               തന്റെ മുന്നിൽ വിലങ്ങുതടികളായി നിന്ന എല്ലാവരെയും പാബ്ലോ വക വരുത്തി. എന്നാൽ 1976 ൽ 18 കിലോ വൈറ്റ് പേസ്റ്റ് എന്ന മയക്കു മരുന്നുമായി പാബ്ലോ അറസ്റ്റിലായി. ധാരാളം പണം വാരി എറിഞ്ഞെങ്കിലും അത്ര പെട്ടന്ന് ഈ  കേസിൽ നിന്നും പാബ്ലൊക്ക് ഊരി പോകുവാനായില്ല. എന്നാൽ മാസങ്ങൾക്കു ശേഷം ജാമ്യത്തിൽ ഇറങ്ങിയ പാബ്ലോ ആദ്യം ചെയ്തത്, തന്നെ അറസ്റ്റ് ചെയ്ത പൊലീസുകാരെ അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.ഏകദേശം 622 ൽ പരം പൊലീസുകാരെ മാത്രം തനിക്കെതിരെ നിന്നതിനു പാബ്ലോ നിഷ്കരുണം കൊന്ന് തള്ളിയിട്ടുണ്ട്. ‘പ്ലാറ്റ ഓർ പ്ലോമോ’ അതായത് വെള്ളി അല്ലെങ്കിൽ ഈയം എന്നതായിരുന്നു പാബ്ലോയുടെ നയം. എന്ന് പറഞ്ഞാൽ ഒന്നുകിൽ താൻ കൊടുക്കുന്ന വെള്ളിക്കാശും വാങ്ങിച്ചു കൊണ്ട് തനിക്കെതിരെ ശബ്ദമുയർത്താതെ ഇരിക്കുക, അല്ലെങ്കിൽ ഈയം കൊണ്ടുണ്ടാക്കുന്ന വെടിയുണ്ടകൾ തുളച്ചു മരിക്കുവാൻ തയ്യാറാകുക. ഇതായിരുന്നു പാബ്ലോയുടെ തത്വശാസ്ത്രം. 
               1989 ൽ തന്റെ ശത്രു ആയിട്ടുള്ള ഒരേ ഒരു ഒറ്റുകാരനെ കൊല്ലുവാനായി മാത്രം അയാൾ സഞ്ചരിച്ചിരുന്ന നൂറിൽ പരം യാത്രക്കാർ ഉണ്ടായിരുന്ന ഒരു വിമാനം പാബ്ലോ ബോംബ് വെച്ച് തകർക്കുകയുണ്ടായി. ഏകദേശം 4000 കൊലപാതകങ്ങളുമായി പാബ്ലൊക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു,  ഇതിൽ ഇരുനൂറ്റിപത്തെണ്ണം അയാൾക്കെതിരെ വിധികൾ പറഞ്ഞ ജഡ്ജികൾ ആയിരുന്നു. തനിക്കെതിരെ ഏതെങ്കിലും മാധ്യമ പ്രവർത്തകർ റിപ്പോർട്ട്‌ നൽകിയാൽ ഉടൻ തന്നെ പാബ്ലോ അവരെയും കൊല്ലുമായിരുന്നു. അങ്ങനെ തനിക്കെതിരെ നിന്ന എല്ലാവരെയും കൊന്നു തള്ളി പാബ്ലോ മുന്നേറിക്കൊണ്ടിരുന്നു. അധികാരം നില നിർത്തുവാൻ  വേണ്ടി മാത്രം മെൻഡലിൻ കാർട്ടൽ ചെയ്ത കൊലപാതകങ്ങൾ ഏകദേശം 27000 ന് മുകളിൽവരും. അങ്ങനെ കൊളംബിയ എന്ന രാജ്യത്തിന് “Crime Capital of World” എന്ന പട്ടവും പാബ്ലൊയും ഗാങ്ങും കൂടെ നേടിക്കൊടുത്തു. 
               ആഡംബര ഹോട്ടലുകളും,റിസോർട്ടുകളും കൊട്ടാരങ്ങളുമെല്ലാം വാങ്ങി കൂട്ടുന്നത് പാബ്ലോയുടെ ഹോബി ആയിരുന്നു. അതിൽ ഏറ്റവും മനോഹരമായ കൊട്ടാരമാണ് 63 മില്യൺ യു. എസ്. ഡോളർ നൽകി അദ്ദേഹം വാങ്ങിച്ച ‘
“ഹസിൻഡിയ നെപ്പോളിസ്”. 7000 ഏക്കറിൽ നിറഞ്ഞു നിന്ന സർവ സന്നാഹങ്ങളും ഉള്ളൊരു കൊട്ടാരം. ഒരു  എയർ പോർട്ട്‌ വരെ അതിനുള്ളിൽ ഉണ്ടായിരുന്നു. നിലവിൽ അതൊരു പാർക്ക്‌ ആയി മാറി. എത്രയൊക്കെ ചിലവാക്കിയിട്ടും പാബ്ലോയുടെ പണം കുമിഞ്ഞു കൂടിക്കൊണ്ടേയിരുന്നു. എന്നാൽ കണക്കിൽ പെടാത്ത പണം ആയതിനാൽ എല്ലാം നോട്ടുകെട്ടുകൾ ആയിത്തന്നെ സൂക്ഷിക്കേണ്ട ഒരു ബുദ്ധിമുട്ട് പാബ്ലോയ്ക്ക് ഉണ്ടായിരുന്നു. ഒരു വർഷത്തിൽ ഏകദേശം 2 ബില്യൺ യു.എസ്. ഡോളറുകൾ അദ്ദേഹത്തിന്റെ ഗോഡൗണിൽ നിന്ന് എലികൾ കരണ്ട് തിന്നു നശിപ്പിക്കുകയായിരുന്നു  എന്നാണ് പറയപ്പെടുന്നത്. ഈ നോട്ടുകൾ കെട്ടി വെക്കുവാൻ വേണ്ടി മാത്രം ഏകദേശം 1000 ഡോളറിന്റെ റബ്ബർ ബാൻഡുകൾ ആയിരുന്നു ഒരു ആഴചയിൽ ഇയാൾ വാങ്ങിക്കൊണ്ടിരുന്നത്. അതായത് ഇന്നത്തെ ഇന്ത്യൻ വില അനുസരിച്ചു ഏകദേശം 70000 രൂപ. 
               ഇത്രയൊക്കെ ആണെങ്കിലും പാബ്ലോ ആ നാട്ടിലെ ഏറ്റവും  ജനസമ്മതൻ ആയിരുന്നു, ആ നാട്ടുകാരുടെ കണ്ണിലുണ്ണി എന്ന് തന്നെ പറയാം. ആ നാട്ടിൽ അദ്ദേഹം ഒരുപാട് സ്കൂളുകളും, ആശുപത്രികളും, ക്രിക്കറ്റ്‌ സ്റ്റേഡിയങ്ങളും ഒക്കെ പണിത് നൽകി. അനേകം കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്തു നടത്തി. സഹായം ചോദിച്ചു ചെല്ലുന്ന എല്ലാവർക്കും കൈ നിറയെ പണം നൽകിയിരുന്നു അദ്ദേഹം. മറ്റ് രാജ്യക്കാർക്ക്‌  പാബ്ലോ ഡോണും, കൊലയാളിയും ഒക്കെ ആയിരുന്നെങ്കിലും ആ നാട്ടുകാർക്ക് അയാൾ ദൈവം ആയിരുന്നു. ഈ ജന പിന്തുണ കൊണ്ട് കൊളംബിയൻ പാർലമെന്റലേക്ക് വരെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന ചില മന്ത്രിമാരുടെ എതിർപ്പ് മൂലം അയാൾക്ക് രാജി വെക്കേണ്ടി വന്നു. രാജി വെച്ച പാബ്ലോ ആദ്യം ചെയ്തത് ആ മന്ത്രിമാരെ വക വരുത്തുകയായിരുന്നു. 
               അവസാനം യു.എസ്. ഗവണ്മെന്റ് തന്നെ പാബ്ലോയ്ക്ക് എതിരെ തിരിയുകയും, പാബ്ലൊയെ അറസ്റ്റ് ചെയ്യാൻ കൊളംബിയൻ ഗവണ്മെന്റിൽ  സമ്മർദ്ദം ചെലുത്തുകയും ചെയ്തു. പിന്നീട് നിലനിൽപ്പില്ല എന്ന് മനസ്സിലാക്കിയ പാബ്ലോ കൊളംബിയൻ ഗവണ്മെന്റിനു ഒരു ഓഫർ നൽകി. തന്റെ രാജ്യത്തിന്റെ മൊത്തം കടമായ 10 ബില്യൺ ഡോളർ താൻ തന്നെ വഹിച്ചുകൊള്ളാം  എന്നതായിരുന്നു അത്. മാത്രമല്ല താൻ തന്നെ പണിത ഒരു ജയിലിൽ തടങ്കലിൽ ഇരുന്നോളാം എന്നും ഉടമ്പടി വെച്ചു. മറ്റു നിവർത്തി ഇല്ലാതെ കൊളംബിയൻ ഗവണ്മെന്റിനു ഇത് സമ്മതിക്കേണ്ടി വന്നു. അങ്ങനെ പാബ്ലോ തനിക്കായി സർവ സന്നാഹങ്ങളും ഉള്ള ഒരു ആഡംബര ജയിൽ പണിയുകയും പിന്നീട് അതിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ തന്റെ സാമ്രാജ്യം  നിയന്ത്രിക്കുകയും ചെയ്തു. ഇത് മനസ്സിലക്കിയ കൊളംബിയൻ ഗവണ്മെന്റ് പാബ്ലൊയെ മറ്റൊരു ജയിലിൽ ആക്കുവാനുള്ള നടപടി തുടർന്നു. അതോടു കൂടി പാബ്ലോ അവിടെ നിന്ന് രക്ഷപെടുകയും ചെയ്തു. 
               ഒളിവിൽ പോയ പാബ്ലോ വീണ്ടും തന്റെ അധോലക പ്രവർത്തനങ്ങൾ  തുടർന്ന് കൊണ്ടേയിരുന്നു. അവസാനം അമേരിക്ക പാബ്ലോക്കെതിരെ നേരിട്ട് രംഗത്ത് വന്നു. കൊളംബിയൻ പോലീസും, യു.എസ്. ലെ കമാൻഡോകളും  ചേർന്ന ഒരു സേന പാബ്ലോയെ നേരിടാനായി രൂപീകരിച്ചു. എന്നാൽ ഈ ദൗത്യം അത്ര എളുപ്പമല്ലായിരുന്നു. 16 മാസങ്ങളോളം ഈ രണ്ട് രാജ്യങ്ങളെയും കബളിപ്പിച്ചു അവരുടെ മൂക്കിന് താഴെ കൂടെ പാബ്ലോ പറന്നു നടന്നു. എന്നാൽ പാബ്ലോയ്ക്ക് ഒരു ബലഹീനത ഉണ്ടായിരുന്നു, തന്റെ കുടുംബം. എവിടെ ആയിരുന്നാലും പാബ്ലോ തന്റെ കുടുംബവുമായി നിരന്തരം ബന്ധപെട്ടിരുന്നു. ഇതറിഞ്ഞ C.I.A. ഫോണിലൂടെ ഇദ്ദേഹത്തിന്റെ ശബ്ദം തിരിച്ചറിയാനുള്ള ഒരു ‘വോയിസ്‌ റെക്കോഗ്നൈസേഷൻ സോഫ്റ്റ്‌വെയർ’വികസിപ്പിച്ചെടുക്കുകയും  അത് വഴി പാബ്ലോ തന്റെ മകനുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ഫോൺ സംഭാഷണം ചോർത്തി, പാബ്ലോയുടെ താമസ്ഥലത്തെ കുറിച്ച് ഏകദേശം മനസിലാക്കി. 
               1993 ഡിസംബർ 2ന് പാബ്ലോയ്ക്ക് എതിരെ നിയുക്തമായ  കമാൻഡോ സംഘം ഇയാളുടെ സങ്കേതം കണ്ടെത്തുകയും, ഏറെ നേരത്തെ പോരാട്ടത്തിന് ഒടുവിൽ പാബ്ലോയുടെ തലയിൽ വെടിയുതിർത്തു വീഴ്ത്തുകയും ചെയ്തു. അങ്ങനെ ലോകം കണ്ട ഏറ്റവും വലിയ അധോലോക നായകനായ പാബ്ലോ എസ്കോബാറിന്റെ യുഗം അവസാനിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ മാത്രം ഏകദേശം 25000 ഓളം പേർ തടിച്ചു കൂടി. സാധാരണക്കാർക്ക് പാബ്ലോയോട് ഉണ്ടായിരുന്ന സ്നേഹം തന്നെ ആയിരുന്നു അതിനു കാരണം. ലോകം പാബ്ലോ എസ്കോബാറിനെ എങ്ങനെ ഒക്കെ നിന്ദിച്ചാലും ആ നാട്ടുകാർക്ക് അയാൾ തങ്ങളുടെ രാജാവ് തന്നെ ആയിരുന്നു. 

Read also: ‘ആലിബാബ’യും ‘ജാക്ക് മാ’യും

Ad Widget
Ad Widget

Recommended For You

About the Author: admin

Close