പന്നി വളർത്തൽ സാധ്യതകൾ


Spread the love

പന്നി വളർത്തൽ എന്നത് താരതമ്യേന ചിലവ് കുറഞ്ഞതും എന്നാൽ മികച്ച ലാഭം ഉണ്ടാക്കാൻ കഴിയുന്നതുമായ ഒരു സംരഭം ആണ്. ഇറച്ചി ആവശ്യത്തിന് ആയി പന്നികളെ വളർത്തുന്നതിനെ പറ്റി കഴിഞ്ഞ വാല്യത്തിൽ വിശദമായി പറഞ്ഞിരുന്നു. കുറഞ്ഞ ഗർഭകാലമുള്ള പന്നികളെ ഫാമുകളിൽ തന്നെ ബ്രീഡിങ് നടത്തി മികച്ച നിലവാരമുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാവുന്നതാണ്.

പന്നി വളർത്തലിൽ കുറച്ചു അധികം അവബോധം ആവശ്യമായ മേഖലയാണ് പ്രത്യുത്പാദനത്തിനായി പന്നിയെ വളർത്തൽ. ചിലവ് കുറഞ്ഞതും എന്നാൽ ശാസ്ത്രീയമായ രീതിയിലുള്ള കൂടുകൾ നിർമ്മിക്കേണ്ടത് ഇതിന് ആവശ്യകമാണ്. പ്രസവത്തിനായും, പ്രസവശേഷം കുഞ്ഞുങ്ങൾക്ക് അമ്മയോടൊപ്പം കഴിയുവാനും റെയിൽഗാർഡ് സംവിധാനത്തോട് കൂടിയ പ്രത്യേകം മുറികൾ സജ്ജീകരിക്കേണ്ടതുണ്ട്.

പ്രത്യുത്പാദനത്തിനായി നല്ല ഇനം പന്നികളെ തിരഞ്ഞെടുക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്, മികച്ച തീറ്റപരിവർത്തന ശേഷി ഉള്ള വിദേശജനുസ്സുകളാണ് ഏറെ അഭികാമ്യം. ലാർജ് വൈറ്റ് യോർക്ഷയർ, ഡ്യൂറോക് തുടങ്ങിയ ഇനങ്ങൾ ഇവയ്ക്ക് ഉദാഹരണമാണ്. ഇത്തരം പന്നികളെ ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞ കാലയളവിൽ കൂടുതൽ എണ്ണം പന്നിക്കുഞ്ഞുങ്ങളെ ലഭിക്കുന്നു.
നല്ലയിനം കുഞ്ഞുങ്ങളെ KLD ബോർഡ്‌ വഴി ലഭ്യമാണ്. ഇവയെ വാങ്ങി വളർത്തി 8മാസം പ്രായം ആകുമ്പോൾ മുതൽ പ്രത്യുത്പാദനത്തിന് ഉപയോഗിക്കാം. ആരോഗ്യമുള്ളതും അംഗവൈകല്യം ഇല്ലാത്തതുമായ ആൺപന്നിയെയും പെൺപന്നിയെയും വേണം തിരഞ്ഞെടുക്കേണ്ടത്. ക്രോസിങ്ങിനായി അടുത്ത രക്തബന്ധം ഇല്ലാത്തവയെ തിരഞ്ഞെടുക്കുന്നതിലൂടെ അന്തർപ്രജനന സാധ്യത ഇല്ലാതാക്കാൻ സാധിക്കുന്നു. ക്രോസിങ്ങിനായി തിരഞ്ഞെടുത്ത പെൺപന്നിക്ക് രണ്ടാഴ്ചക്കാലം ബുച്ചർ വേസ്റ്റിനൊപ്പം ധാന്യഭക്ഷണം കൂടെ നൽകുന്നത് ഗുണനിലവാരമുള്ള കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുന്നതിന് കാരണമാകുന്നു.

114 ദിവസം അഥവാ 3 മാസം 3 ആഴ്ച 3 ദിവസം ആണ് പന്നികളുടെ ഗർഭകാലം. ലാർജ് വൈറ്റ് യോർക്ഷയർ പെൺപന്നിയെയും ഡ്യുറക്‌ ആൺപന്നിയെയും തമ്മിൽ ക്രോസ്സ് ചെയ്യുന്നതിലൂടെ 2 വേ ക്രോസ്സ് കുഞ്ഞുങ്ങളെ ലഭിക്കുന്നു.വളർച്ച പൂർത്തിയായ 2വേ ക്രോസ്സ് പെൺപന്നികളെ ഡുറാക് ആൺപന്നികളുമായി ക്രോസ്സ് ചെയ്യുന്നതിലൂടെ മികച്ച രോഗപ്രതിരോധ ശേഷിയും ഗുണനിലവാരവും ഉള്ള 3വേ ക്രോസ്സ് പന്നിക്കുഞ്ഞുങ്ങളെ കര്ഷകന് ലഭിക്കുന്നു. ശരാശരി 10-12 കുഞ്ഞുങ്ങളെ ആണ് ഒരു പ്രസവത്തിലൂടെ ലഭിക്കുന്നത്. റെയിൽഗാർഡ് സംവിധാനമുള്ള പ്രത്യേകം മുറികളിൽ വേണം ഇവയെ പാർപ്പിക്കാൻ, അമ്മപ്പന്നി കിടക്കുകയും ചരിയുകയും ഒക്കെ ചെയ്യുന്ന അവസരങ്ങളിൽ കുഞ്ഞുങ്ങൾ അടിയിൽ പെടാതിരിക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ഇത്തരത്തിൽ അമ്മയോടൊപ്പം പാർപ്പിച്ച കുഞ്ഞുങ്ങളെ 45 ദിവസങ്ങൾക്കു ശേഷം അമ്മയിൽ  നിന്നും വേർപ്പെടുത്താവുന്നതാണ്.  ഈ കാലയളവിൽ തന്നെ ആണ് കുഞ്ഞുങ്ങൾക്ക് കുളമ്പുരോഗ പ്രതിരോധത്തിനും പന്നിപ്പനി പ്രതിരോധത്തിനും ഉള്ള വാക്‌സിനും നൽകുന്നത്.

ഇത്തരത്തിൽ വേർപ്പെടുത്തിയ 45-60 ദിവസം പ്രായമായ കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് വിൽക്കുന്നതിലൂടെ ഒരു കുട്ടിക്ക് 4000രൂപ വരെ കർഷകന് ലഭിക്കുന്നു. ഇത്തരത്തിൽ ഒരു പ്രസവത്തിലെ കുഞ്ഞുങ്ങളെ വിൽക്കുന്നതിലൂടെ മാത്രം 40000രൂപക്ക് മുകളിൽ ലഭിക്കുന്നു. 2 മാസങ്ങൾക്ക് ശേഷം ഇവയെ വീണ്ടും ഇണചേർക്കാവുന്നതാണ്. ഒരു പന്നിയുടെ പ്രത്യുത്പാദനത്തിലൂടെ മാത്രം ലഭിക്കുന്ന തുകയുടെ കണക്കാണ് ഇവിടെ പറഞ്ഞത്.ഒരു പെൺപന്നിയെ 3 വയസ്സ് വരെയും ആൺപന്നിയെ 5 വയസ്സ് വരെയും പ്രത്യുത്പാദനത്തിന് ഉപയോഗിക്കാം,ശേഷം ഇറച്ചിക്ക് വിൽക്കാവുന്നതുമാണ്.

പന്നി വളർത്തലിന്റെ അനന്തസാധ്യതയാണ് ഇതിലൂടെ മനസിലാക്കാൻ കഴിയുന്നത്. അന്താരാഷ്ട്ര മാർക്കറ്റിലെ പന്നിയിറച്ചിയുടെ ഡിമാൻഡ് തന്നെയാണ് പന്നി വളർത്തലിനെ ഏറെ സ്വാധീനിക്കുന്നത്. അധികം പേർ മുന്നോട്ട് വരാത്ത ഈ സംരംഭത്തിലൂടെ അധ്വാനിക്കാൻ തയ്യാറായ ഏതൊരാൾക്കും കുറഞ്ഞ മുടക്കുമുതലിൽ കൂടുതൽ വരുമാനം ഉണ്ടാക്കാൻ കഴിയുന്നു.

പന്നി വളർത്തൽ ആദ്യ ഭാഗം വയ്ക്കുവാനായി   ഈ ലിങ്ക് ക്ലിക്ക് ചെയ്യു
പന്നി വളർത്തലിലൂടെ ലാഭം കൊയ്യാം

ഈ വാർത്ത നിങ്ങൾക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ വാർത്തകൾ അറിയുന്നതിനായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close