ഓവൻ ഇല്ലാതെ തയ്യാറാക്കാം  പൈനാപ്പിൾ  അപ്പ്‌-സൈഡ് ഡൗൺ  കേക്ക്


Spread the love

നൂറ്റാണ്ടുകളുടെ മഹിമയുള്ള അപ്പ്‌-സൈഡ് ഡൗൺ കേക്ക് വീണ്ടും തരംഗമാവുകയാണ്. പേരിൽ തന്നെ വ്യത്യസ്ത പുലർത്തുന്ന ഒരു കേക്ക് ആണ് പൈനാപ്പിൾ അപ്പ്-സൈഡ് ഡൗൺ കേക്ക്, പാകം ചെയ്യുമ്പോൾ ടോപ്പിങ്  ആയ പൈനാപ്പിൾ ലെയർ അടി ഭാഗത്തു വരുന്നതിനാലാണ് ഇതിന് ഇങ്ങനൊരു പേര് ലഭിച്ചത്. ഒരു കിലോ കേക്കിന് 750 രൂപ വരെയാണ് ഇവയ്ക്ക് വില. ഓവൻ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഇവ വീട്ടിൽ തയ്യാറാക്കാം. 

ആവശ്യമായ ചേരുവകൾ 

പൈനാപ്പിൾ ലെയർ തയ്യാറാക്കാൻ 

പഞ്ചസാര :- ½ കപ്പ്‌ 

പൈനാപ്പിൾ റിങ്‌സ് :- 5 എണ്ണം

കേക്ക് ബാറ്റർ തയ്യാറാക്കാൻ 

മൈദ :- 1 കപ്പ്‌ 

കോൺഫ്‌ളോർ :- ⅓ കപ്പ്‌ 

മുട്ട :- 3 എണ്ണം  ( വലുത് )  

പഞ്ചസാര :- ½  കപ്പ്‌ 

സൺഫ്ലവർ ഓയിൽ :- ¼ കപ്പ്‌ 

ബേക്കിംഗ് പൗഡർ :- 1 ½ ടീസ്പൂൺ 

ബേക്കിംഗ് സോഡാ :- ഒരു നുള്ള്

പൈനാപ്പിൾ എസ്സൻസ്  :- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം 

 • ആദ്യം തന്നെ മുട്ടയുടെ വെള്ളയും  മഞ്ഞക്കരുവും വേർതിരിക്കുക.
 • വേർതിരിച്ചു വച്ചിരിക്കുന്ന മഞ്ഞക്കരുവിലേക്ക് 1 ടീസ്സ്പൂൺ പൈനാപ്പിൾ എസ്സെൻസ്‌ ചേർത്ത്,  സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി വയ്ക്കുക. മുട്ടയുടെ മണം ഇല്ലാതാകാൻ ഇത് സഹായിക്കുന്നു.
 • മറ്റൊരു പാത്രത്തിൽ  മുട്ടയുടെ വെള്ള ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി നന്നായി പതച്ചു വയ്ക്കുക. 
 • പിന്നീട് പൈനാപ്പിൾ എസ്സെൻസ്‌ ചേർത്ത് ഇളക്കി വച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് പൊടിച്ച ½ കപ്പ്‌ പഞ്ചസാര അല്പം വീതം ചേർത്ത് കുഴമ്പ് രൂപത്തിൽ ആകുമ്പോൾ, ¼ കപ്പ്‌ എണ്ണയും ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക.
 • അടുത്തതായി പതച്ചു വച്ചിരിക്കുന്ന മുട്ടയുടെ വെള്ള ഇതിലേക്ക് ചേർത്തു നന്നായി യോജിപ്പിക്കുക.
 •  ഇവയിലേക്ക് ചേർക്കേണ്ട മൈദ, കോൺഫ്ലോർ, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ തുടങ്ങിയവ ഒരുമിച്ചു മിക്സ്‌ ചെയ്ത് ഒരു അരിപ്പയിലൂടെ അരിച്ചു വച്ചിരിക്കണം.
 • അരിച്ചു വച്ചിരിക്കുന്ന മൈദ മിക്സ്‌ കുറച്ചു വീതം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ഇട്ട് ഒരേ ദിശയിലേക്ക് ഇളക്കി യോജിപ്പിക്കുക. വളരെ പതുക്കെ വേണം ഇത്തരത്തിൽ  ചെയ്യാൻ. 
 • ദോശ മാവിന്റെ പരുവം ആകുന്ന വരെ മിക്സിങ് തുടരണം. കട്ടി കൂടുതായി തോന്നുവെങ്കിൽ തിളപ്പിച്ചാറ്റിയ പാൽ ഒഴിച്ചു ലൂസ് ആക്കാം. 

ബേക്ക് ചെയ്യേണ്ട വിധം 

 •  ആദ്യമായി കേക്കിന്റെ ടോപ് ലെയർ  തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാനിൽ  ½ കപ്പ്‌ പഞ്ചസാര ഇളം സ്വർണനിറം ആകുന്ന വരെ ചെറുതീയിൽ കാരമലൈസ് ചെയ്യുക. 
 • ഈ സമയം തന്നെ കേക്ക് തയ്യാറാക്കാൻ ഉദ്ദേശിക്കുന്ന പാത്രം എണ്ണ തടവി വച്ചിരിക്കണം. 
 • സ്വർണ്ണ നിറം ആയി കഴിഞ്ഞാൽ ഉടൻ തന്നെ പഞ്ചസാര മിശ്രിതം എണ്ണ തടവിയ പാത്രത്തിലേക്ക് ചൂടോടെ ഒഴിക്കുക. ഒപ്പം നേരത്തെ  എടുത്തുവച്ചിട്ടുള്ള പൈനാപ്പിൾ റിങ്‌സ്  ഷുഗർ കാരമലിന്‌ മുകളിൽ വയ്ക്കണം. കേക്കിന്റെ ടോപ് ലെയർ തയ്യാർ. 
 • അടുത്തതായി നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള മാവ് ഇതിനു മുകളിൽ ഒഴിക്കുക. മാവിന്റെ മുകൾ ഭാഗത്തു കുമിളകൾ ഉണ്ടാകാതിരിക്കാൻ പരന്ന പ്രതലത്തിൽ വച്ചു തട്ടി കൊടുക്കാൻ പ്രത്യേകം ഓർക്കുക.
 •  ബേക്ക് ചെയ്യുന്നതിന് വേണ്ടി ചുവട് കട്ടിയുള്ള ഒരു പാത്രം 10 മിനിറ്റ് ചെറുതീയിൽ ചൂടാക്കുക. കേക്ക് ടിൻ വയ്ക്കുന്നതിന് വേണ്ടി ഒരു സ്റ്റാൻഡ് കൂടെ ഉള്ളിൽ  വയ്ക്കാൻ ശ്രദ്ധിക്കണം. 
 • 10 മിനിറ്റ് ചൂടാക്കിയ പാത്രത്തിലേക്ക് കേക്ക് ടിൻ വച്ചു 35-40 മിനിറ്റ് അടച്ചു ചെറുതീയിൽ വേവിക്കുക. 
 • 30 മിനിറ്റിന് ശേഷം ഈർക്കിലോ കത്തിയോ വച്ചു കുത്തി നോക്കി പാകം ഉറപ്പ് വരുത്താം. കത്തിയിൽ മാവിന്റെ അംശം കണ്ടില്ല എങ്കിൽ കേക്ക് പാകമായി എന്ന് ഉറപ്പിക്കാം. സ്റ്റവ് അണച്ചു  തണുക്കുമ്പോൾ ഇത് പാത്രത്തിലേക്ക് മാറ്റാം. ചെറി ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യാം. സ്വാദിഷ്ടമായ പൈനാപ്പിൾ അപ്-സൈഡ് ഡൗൺ കേക്ക് തയ്യാർ !

ഏറിയാൽ 2 മണിക്കൂർ അധ്വാനം കൊണ്ട് തന്നെ സ്വാദിഷ്ടമായ കേക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നു. ഓവനിൽ ബേക്ക് ചെയ്യുന്ന അതേ രുചിയിൽ തന്നെയാണ് ഈ കേക്കും ലഭിക്കുന്നത്. ഇത്തരത്തിൽ ഓവൻ ഇല്ലാതെ തന്നെ കുറഞ്ഞ ചിലവിൽ കേക്കുകൾ നിർമ്മിച്ചു വിപണിയിൽ എത്തിക്കാം. ഹോംമെയ്ഡ് കേക്കിന് സമൂഹത്തിൽ ഏറെ ഡിമാൻഡ് ഉണ്ട്. അതുകൊണ്ട് തന്നെ വിപണനത്തെക്കുറിച്ചോർത്ത് ബുദ്ധിമുട്ടേണ്ടി വരുന്നില്ല. കോവിഡ് സാഹചര്യത്തിൽ വീട്ടിലിരുന്നു കൊണ്ട് തന്നെ വരുമാനം ഉണ്ടാക്കാവുന്ന ഒരു മികച്ച സംരംഭമാണ് കേക്ക് ബേക്കിംഗ്. ഇതു വഴി വീട്ടമ്മമാർക്ക് മികച്ച ഒരു വരുമാന മാർഗ്ഗം കണ്ടെത്താൻ സാധിക്കുന്നു.

Read also: പാഷൻഫ്രൂട്ട് കൊണ്ട് ഒരുഗ്രൻ സ്ക്വാഷ്

ഈ അറിവ് നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അപ്ഡേറ്റ്സിനായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക. http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close