നല്ല രുചികരമായ പോത്തിറച്ചി ഉലർത്തിയത് ഉണ്ടാക്കി നോക്കിയാലോ.


Spread the love

പോത്തിറച്ചി മലയാളിയുടെ വികാരം ആണ്. ഇത് കൊണ്ടുള്ള ഏത് വിഭവം ആണെങ്കിലും നിമിഷ നേരം കൊണ്ട് തന്നെ പാത്രം കാലിയാക്കുന്നവർ ആണ് നമ്മൾ മലയാളികൾ. ഒട്ടു മിക്ക മലയാളികളുടെയും ഇഷ്ട വിഭവങ്ങളിൽ ഒന്ന് ആയ, നല്ല നാടൻ പോത്തിറച്ചി ഉലർത്തിയത് എങ്ങനെ പാകം ചെയ്തു എടുക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ.

പോത്ത് ഇറച്ചി: 1 Kg
സവാള: 4 എണ്ണം
ചെറിയ ഉള്ളി: 10 എണ്ണം
തേങ്ങ കഷ്ണങ്ങൾ ആക്കിയത്: ½ മുറി
ഇഞ്ചി: 2 വലിയ കഷ്ണം ചതയ്ച്ചത്
വെളുത്തുള്ളി: 15 അല്ലി ചതയ്ച്ചത്
നാരങ്ങ: 1 എണ്ണം
പച്ച മുളക്: 3
കുരുമുളക് പൊടി: 2 ½ ടേബിൾ സ്പൂൺ.
എണ്ണ: ആവശ്യത്തിന്
കടുക്: 1 tsp
മുളക് പൊടി: 3 ടേബിൾ സ്പൂൺ
മല്ലി പൊടി: 3 ടേബിൾ സ്പൂൺ
ഗരം മസാല: 2 ടേബിൾ സ്പൂൺ
കറി വേപ്പില: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

ആദ്യമായി പോത്തിറച്ചി നല്ലത് പോലെ കഴുകി വൃത്തിയാക്കിയതിന് ശേഷം കുക്കറിൽ വേവിക്കുവാൻ വെയ്ക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ മല്ലി പൊടി, 1 ടേബിൾ സ്പൂൺ മുളക് പൊടി, 1 ടേബിൾ സ്പൂൺ ഗരം മസാല, 1 tsp മഞ്ഞൾ പൊടി, 2 tsp കുരുമുളക് പൊടി, 2 സവാള അരിഞ്ഞത്, ചതയ്ച്ചു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, നെടുകെ കീറിയ 3 പച്ച മുളക്, ആവശ്യത്തിന് ഉപ്പ്, 1 നാരങ്ങ നീര്, ആവശ്യത്തിന് കറി വേപ്പില, ¼ കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലത് പോലെ കൈ കൊണ്ട് യോജിപ്പിച്ചു എടുക്കുക. ശേഷം 15 മിനുട്ട് മാറ്റി വെച്ച ശേഷം അടുപ്പിൽ വെച്ച് വേവിക്കാവുന്നത് ആണ്. 5 മുതൽ 6 വിസിൽ വരെ ആണ് കുക്കറിൽ പോത്തിറച്ചി വേവുന്നതിനുള്ള പാകം.

അടുത്തതായി ഒരു പാൻ എടുത്ത് 5 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് 1 tsp കടുക് ചേർത്ത് കൊടുക്കുക. കടുക് ചൂടായി പൊട്ടിയതിനു ശേഷം, ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്ത് മൂപ്പിച്ചു എടുക്കുക. ശേഷം ഇതിലേക്ക് തേങ്ങ കൊത്ത് കൂടി ചേർത്ത് കൊടുത്തു തവിട്ട് നിറം ആകുന്നത് വരെ മൂപ്പിക്കുക. ഇവ മൂത്തു വന്നതിന് ശേഷം കുക്കറിൽ തയ്യാറാക്കി വെച്ചിരിക്കുന്ന പോത്തിറച്ചി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നല്ലത് പോലെ ഇളക്കി യോജിപ്പിച്ചു വെള്ളം വറ്റിച്ചു എടുക്കുക.

വെള്ളം വറ്റി വരണ്ട് വരുമ്പോൾ, ഇതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന 2 സവാള കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം 1 ടേബിൾ സ്പൂൺ ഗരം മസാല ചേർത്ത് അല്പം കുരുമുളക് പൊടി കൂടി തൂകി 5 മിനുറ്റ് ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക.

ഈ സമയത്ത് ഒരു പാൻ എടുത്ത്, 2 tsp എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിന് ശേഷം 8 അല്ലി വെളുത്തുള്ളി ചതയ്ച്ചത്, 1 ചെറിയ കഷ്ണം ഇഞ്ചി ചതയ്ച്ചത്, 2 തണ്ട് കറിവേപ്പില എന്നിവ ഇട്ട് എണ്ണയിൽ മൂപ്പിച്ചു എടുക്കുക. ശേഷം ഈ കൂട്ട് കൂടി പോത്തിറച്ചിയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം തീ അണയ്ക്കാവുന്നതാണ്. നല്ല തനി നാടൻ പോത്തിറച്ചി ഉലർത്തിയത് തയ്യാർ.

കുടംപുളി ഇട്ട തിലാപിയ മീൻകറി

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : http://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close