പോത്ത് വളർത്തലിലൂടെ എന്നെന്നും ആദായം.


Spread the love

എല്ലാ സംരംഭകരുടെയും ഒരു സ്വപ്നമാണ് ഒരിക്കലും നഷ്ടം വരാത്ത ഒരു ബിസിനസ്സ് നടത്തുക എന്നത്. അല്പം മുതൽ മുടക്കാൻ തയ്യാറാണെങ്കിൽ വമ്പിച്ച ആദായം നൽകുന്ന ഒരു ബിസിനസ്സ് ആണ് പോത്ത് വളർത്തൽ.കാർഷിക മേഖലയിൽ യന്ത്രവൽക്കരണം വന്നതോടെ ഇപ്പോൾ പ്രധാനമായും ഇറച്ചിക്കായാണ് പോത്തിനെ വളർത്തുന്നത്. മാംസാഹാര പ്രേമികൾക്ക് ഏറെ പ്രിയമുള്ള ഇറച്ചിയാണ് പോത്തിറച്ചി. നിരവധി ഗുണങ്ങൾ ഉള്ള പോത്തിറച്ചി ചുവന്ന മാംസത്തിന്റെ ഗണത്തിൽ പെടുന്നു. ധാരാളം പ്രോട്ടീനും അയേണും അടങ്ങിയിരിക്കുന്ന പോത്തിറച്ചിയിൽ കുട്ടികളുടെ വളർച്ചക്ക് ആവശ്യമായ സിങ്ക്, വിറ്റാമിൻ ബി 12, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. അധികം മൂക്കാത്ത ഇറച്ചിയിൽ കൊഴുപ്പു കുറവായതിനാൽ മിതമായ അളവിൽ പോത്തിറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

വീട്ടിൽ അല്പം മാത്രം സ്ഥലമുള്ളവർക്ക് പോത്തുകൾക്കു തൊഴുത്ത് നിർമിച്ചു തീറ്റ നൽകി വളർത്താം. പുല്ല്, വൈക്കോൽ, കാലിത്തീറ്റ നൽകി കെട്ടിയിട്ട് വളർത്തുന്ന ഈ രീതിയിൽ നിന്നും ലഭിക്കുന്ന മൂത്രവും ചാണകവും പച്ചക്കറി കൃഷിക്ക് മികച്ച ജൈവ വളമായി ഉപയോഗിക്കാം. അടുത്ത് വിശാലമായ പറമ്പുകളും മറ്റും ഉള്ളവർക്ക് പോത്തുകളെ മേയാൻ വിട്ട് വളർത്താം. രാത്രിയിൽ മാത്രം കെട്ടിയിടുന്ന ഈ രീതിയിൽ തീറ്റയുടെ ചെലവ് കുറവായിരിക്കും. സ്ഥല സൗകര്യം ഉള്ളവർക്ക് പണം മുടക്കി മികച്ച രീതിയിൽ ഉള്ള ഫാമുകൾ തുടങ്ങാം. പ്രത്യേക സ്ഥലത്ത് അല്പം ഉയർന്ന രീതിയിൽ തൊഴുത്തുകൾ നിർമിക്കാം. വെള്ളം കെട്ടികിടക്കാത്ത വൃത്തിയുള്ള സ്ഥലമായിരിക്കണം പോത്തിനെ വളർത്താനായി തിരഞ്ഞെടുക്കേണ്ടത് . തൊഴുത്തിൽ തീറ്റ നൽകാനും വെളളം കൊടുക്കാനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കണം. യഥാസമയം തൊഴുത്തിലെ ചാണകം, മൂത്രം, തീറ്റയുടെ അവശിഷ്ടങ്ങൾ മാറ്റി വൃത്തിയാക്കണം.രണ്ടു നേരം നിർബന്ധമായും കുളിപ്പിക്കണം. വെള്ളത്തിൽ മുങ്ങികിടക്കാനുള്ള അവസരം കൊടുക്കാൻ പറ്റുമെങ്കിൽ ഏറെ നല്ലതാണ്. ശരീരത്തിലെ താപനില ക്രമീകരിക്കാൻ ഇതവരെ സഹായിക്കും. ‘വാലോയിങ് ‘എന്നാണ് ഈ രീതിക്കു പറയുന്ന പേര്.

വളർത്താനായി പോത്തിൻകുട്ടികളെ എത്തിച്ചു നൽകുന്ന ധാരാളം ഏജൻസികളും കർഷക കൂട്ടായ്‍മകളും ഉണ്ട്. ഇവരിൽ നിന്നും മികച്ച ഇനം പോത്തിൻ കുട്ടികളെ വാങ്ങാം.ഇതിൽ തന്നെ ജനിച്ച ഉടനെ കന്നിപ്പാൽ കുടിച്ച കുഞ്ഞുങ്ങൾക്ക് ആവശ്യത്തിന് പ്രതിരോധ ശേഷി ഉണ്ടായിരിക്കും. ഈ പാലിൽ ഇമ്യൂണോഗ്ലോബുലിൻ അടങ്ങിയിരിക്കുന്നതിനാൽ ഇത്തരം പോത്തിൻ കുഞ്ഞുങ്ങളിലെ മരണനിരക്ക് കുറവായിരിക്കും. കുറച്ചു ദിവസങ്ങൾക്കു ശേഷം കാൽഫ് തീറ്റ കൊടുത്തു വളർത്തുന്ന ഇവ 6ആംമാസം മുതൽ വിപണത്തിനായി തയ്യാറാകും. ആന്ധ്രാ പ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നും സാധാരണയായി എത്തിച്ചേരുന്ന വിവിധ പോത്തിൻ കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള പരിചരണം നൽകണം. വളർത്താനായി ആറുമാസം പ്രായമുള്ള 50-60കിലോ ഉള്ള പോത്തിൻകുട്ടികളെ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

പോത്തുകൾക്ക് കുളമ്പു രോഗം, കുരലടപ്പൻ എന്നിവക്കെതിരെ പ്രത്യേക കുത്തിവെപ്പ് എടുക്കണം. കൃത്യമായ ഇടവേളകളിൽ വിരക്കുള്ള മരുന്ന് നൽകണം. വൃത്തിയില്ലാത്തതും ആരോഗ്യകരമല്ലാത്തതുമായ തീറ്റ നൽകുന്നത് വഴി ദഹനക്കേട്, വയറുപെരുക്കം എന്നിവ ഉണ്ടായേക്കാം, ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പുല്ല്, വൈക്കോൽ, തവിട്, കടലപ്പിണ്ണാക്ക്, എന്നിവ കൂടാതെ ഇവയ്ക്കു ആവശ്യമായ വിറ്റാമിൻ സപ്ലിമെന്റുകളും നൽകണം. ആവശ്യത്തിന് ശുദ്ധ ജലം എപ്പോഴും ലഭ്യമായിരിക്കണം.

വളർത്താനായി പെട്ടെന്ന് തൂക്കം വെക്കുന്ന ഇനങ്ങളായ മുറ, നീലിരവി, ഗുജറാത്തിലെ സുർത്തി, മെഹ്സാന, ജാഫറാബാദി തുടങ്ങിയ മികച്ച ഇനങ്ങളെ തിരഞ്ഞെടുക്കാം. ശരിയായ അളവിൽ സമീകൃതാഹാരം ലഭിച്ചാൽ തൂക്കത്തിൽ ശരാശരി 500ഗ്രാം വെച്ച് വർധന ഒരു ദിവസം ഇവക്കുണ്ടാകും. 23-24മാസത്തിൽ 300-350കിലോ മുതലുള്ള പോത്തുകളെ ഇറച്ചിക്കായി ഉപയോഗിക്കാം. നാടൻ ഇനങ്ങൾക്ക് തൂക്കം കുറവായതിനാൽ പെട്ടെന്ന് തൂക്കം വെക്കുന്ന മുറ ഇനത്തിൽ പെട്ട പോത്തുകൾക്കാണ് കർഷകർക്കിടയിൽ കൂടുതൽ പ്രിയം. ഇവ പൂർണ വളർച്ച എത്തുമ്പോൾ ഏഴു കിന്റലോളം തൂക്കം വെക്കും. ഗുജറാത്തിലെ ജാഫറാബാദി ഇനത്തിന് ആയിരം കിലോ വരെ തൂക്കം വെക്കുമെങ്കിലും മുറയെ അപേക്ഷിച്ച് വളർച്ചാ നിരക്ക് കുറവാണ്. എങ്കിലും വളർത്തിയാൽ ഒരിക്കലും നഷ്ടം വരാത്ത ഇനമാണ്. പോത്തിറച്ചിക്ക് കിലോക്ക് 300 രൂപ വരെ മാർക്കറ്റ് വില ഉള്ളപ്പോൾ പോത്ത് വളർത്തൽ ഒരിക്കലും നഷ്ടമാകില്ല.
പോത്ത് വളർത്തലിന്റെ കൂടെ തന്നെ തീറ്റ പുൽക്കൃഷി നടത്താം. പോത്തിൻ കുട്ടികളെ വളർത്താൻ താല്പര്യമുള്ള മറ്റ് കർഷകർക്ക് വിൽക്കാം. ഇറച്ചി കൂടാതെ വളം,സോപ്പ്, തുകൽ വ്യവസായങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കളും പോത്ത് വളർത്തലിലൂടെ ഉൽപാദിപ്പിക്കാം. അല്പം മുതൽ മുടക്കിയാലും അൻപതിനായിരത്തിൽ കുറയാത്ത ലാഭം തുടക്കം മുതലേ ഇതിൽ നിന്നും ലഭിക്കുമെന്നുറപ്പാണ്. ലോകത്ത് ഉല്പാദിപ്പിക്കുന്ന പോത്തിറച്ചിയുടെ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണെന്ന് പറയുമ്പോൾ തന്നെ പോത്ത് വളർത്തലിന്റെ ബിസിനസ്സ് സാധ്യതകളെ കുറിച്ച് ഊഹിക്കാവുന്നതേ ഉള്ളൂ.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close