തനി നാടൻ പോത്തുംകാൽ റോസ്റ്റ്.


Spread the love

നാടൻ ഭക്ഷണത്തോട് ഒരു പ്രത്യേക ഇഷ്ടം കൂടുതൽ ഉള്ളവർ ആണ് നമ്മളിൽ ഭൂരിഭാഗവും. അവയുടെ സ്വാദും മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്. നാടൻ വിഭവങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്നവയാണ് പോത്തിറച്ചി കൊണ്ടുള്ളവ. പോത്തിറച്ചി ഉപയോഗിച്ച് പല തരത്തിലുള്ള നാടൻ വിഭവങ്ങൾ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇവയിൽ പ്രധാനം ആണ് പോത്തുംകാൽ ഉപയോഗിച്ചുള്ള രുചിക്കൂട്ടുകൾ. നല്ല നാടൻ രീതിയിൽ പോത്തുംകാൽ റോസ്റ്റ് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

പോത്തുംകാൽ: 2 എണ്ണം ( ചെറിയ സൈസ്)
സവാള: 5 എണ്ണം
ചെറിയ ഉള്ളി: 3 എണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്: 3 ടേബിൾ സ്പൂൺ
പച്ച മുളക്: 3 എണ്ണം
കറിവേപ്പില: 1 തണ്ട്
മുളക് പൊടി: 2 ടേബിൾ സ്പൂൺ
മല്ലി പൊടി: 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി: ½ tsp
കുരുമുളക് പൊടി: 1 tsp
ഗരം മസാല 1 ടേബിൾ സ്പൂൺ
തേങ്ങ: ½ മുറി ചിരകിയത്
പെരും ജീരകം: ½ tsp
എണ്ണ: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി പോത്തുംകാൽ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. അടുത്തതായി പ്രഷർ കുക്കർ അടുപ്പിൽ വെച്ച് ചൂടായി വരുമ്പോൾ 5 ടേബിൾ സ്പൂൺ എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള ഒന്ന് വാടി വരുമ്പോൾ 3 ടേബിൾ സ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, 3 പച്ച മുളക് കീറിയത്, 1 തണ്ട് കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിന് ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ മുളക് പൊടി, 2 ടേബിൾ സ്പൂൺ മല്ലിപ്പൊടി, ½ tsp മഞ്ഞൾ പൊടി, 1 tsp കുരുമുളക് പൊടി, 1 ടേബിൾ സ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത്, പൊടികളുടെ പച്ച മണം മാറുന്നത് വരെ നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക. ശേഷം 1 കപ്പ്‌ വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഈ മസാല കൂട്ടിലേക്ക് കഴുകി വെച്ചിരിക്കുന്ന പോത്തുംകാൽ ചേർത്ത് നല്ലത് പോലെ ഇളക്കി ചേർക്കുക. ശേഷം കുക്കർ അടച്ചു 6- 7 വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക.

അടുത്തതായി ഒരു പാൻ അടുപ്പിൽ വെച്ച് 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങ, 3 ചെറിയ ഉള്ളി, ½ tsp പെരും ജീരകം, എന്നിവ ചേർത്ത് നല്ലത് പോലെ വറുത്തു എടുക്കുക. നല്ല തവിട്ട് നിറം ആയി വന്നാൽ, തീ ഓഫ്‌ ചെയ്ത് ഒന്ന് തണുത്തതിന് ശേഷം ½ കപ്പ്‌ വെള്ളം കൂടി ചേർത്ത് മിക്സിയിൽ ഇട്ട് നല്ല പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക.

അടുത്തതായി മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ, കുക്കറിൽ വെന്ത പോത്തുംകാൽ ചേർത്ത് കൊടുക്കുക. ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന തേങ്ങ കൂടി ചേർത്ത്, ശേഷം അരച്ച കപ്പിൽ തന്നെ 1 കപ്പ്‌ വെള്ളം കഴുകി ചേർത്ത് കൊടുക്കുക. 2 മിനുട്ട് നേരം ചെറു തീയിൽ ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫ്‌ ചെയ്യാവുന്നതാണ്. സ്വാദിഷ്ടമായ പോത്തുംകാൽ റോസ്റ്റ് തയ്യാർ.

മട്ടൺ ബ്ലഡ്‌ ഫ്രൈ


കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttp://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close