
രോഗവും ചികില്‍സയുമെല്ലാം സ്വയം നിശ്ചയിക്കുന്നവര്‍ കുറവൊന്നുമല്ല നമ്മുടെ നാട്ടില്‍. ഇങ്ങനെയുള്ളവര്‍ അസുഖങ്ങള്‍ വരുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ തന്നെ ഏതെങ്കിലും മരുന്നകള്‍ വാങ്ങിക്കഴിക്കുകയും ചെയ്യും. ഇങ്ങനെ മരുന്ന് വാങ്ങിക്കഴിക്കുമ്പോള് മരുന്നുകളുടെ അളവോ അത് തന്റെ അസുഖത്തിന് കഴിക്കാന്‍ പറ്റുന്നതാണോയെന്ന് പോലും ചിന്തിക്കാറില്ല.
വേഗത്തില്‍ രോഗശാന്തി ലഭിക്കാനായി ആന്റിബയോട്ടിക് അനിയന്ത്രിതമായി ഉപയോഗിക്കുന്നതോടെ മറ്റ് പല രോഗങ്ങളും ഉടലോടുക്കുമെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. അണുബാധയാണ് ഏറ്റവും വലിയ ഭീഷണി. പലരും പുറമേ കാണപ്പെടുന്ന രോഗങ്ങളില്‍ നിന്നു വിമുക്തി നേടിയാലും അപ്രതീക്ഷിതമായുണ്ടാകുന്ന അണുബാധ മൂലം മരണം വരെയുണ്ടാകാം. ആന്റിബയോട്ടിക് മരുന്നുകളുടെ തോന്നിയപടിയുള്ള ഉപയോഗം വിഷപ്പാമ്പിനെ നോവിച്ചു വിടുന്നതു പോലെയാണ്. വേദനിച്ച പാമ്പ് കൂടുതല്‍ കരുത്തോടെ ആക്രമിക്കും. കൃത്യമായ അളവിലല്ലാതെയും അനാവശ്യമായും ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകള്‍ മൂലം രോഗാണുക്കള്‍ക്കു മരുന്നിനോടു പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാകുന്നു. അഥവാ രോഗാണുക്കള്‍ മരുന്നുകളെക്കാള്‍ കരുത്തരാകുന്നു. 10 വര്‍ഷം മുന്പുകേരളത്തില് ടൈഫോയ്ഡിന് ഉപയോഗിച്ചിരുന്ന മരുന്ന് (സിപ്രോഫ്ലോക്സാസിന്) ഇപ്പോള്‍ ചുമയ്ക്കു പ്രതിവിധിയായി ഉപയോഗിക്കുന്നുവെന്ന് ആരോഗ്യവകുപ്പു തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
രോഗങ്ങള്‍ക്കു ഡോക്ടര്‍മാര്‍ അനാവശ്യമായി ആന്റിബയോട്ടിക് മരുന്നു നിര്‍ദേശിക്കുന്നതു വഴിയുള്ള തുടര്‍ച്ചയായ ഉപയോഗം മരുന്നു പ്രതിരോധിക്കുന്ന രോഗാണുക്കളെ സൃഷ്ടിക്കുന്നതിനു കാരണമാകുന്നുണ്ട്. ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ കൃത്യമായ കോഴ്സില്‍ (നിശ്ചിത സമയത്തും അളവിലും) കഴിച്ചില്ലെങ്കിലും ഇതു സംഭവിക്കാം. അതായത് അഞ്ചു ദിവസത്തേക്കു നല്കുന്ന മരുന്ന്, രോഗം മാറിയെന്നു കരുതി രണ്ടു ദിവസം കൊണ്ടു നിര്‍ത്തുന്നവരാണ് ഇര. പുറമേ, ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ചികില്‍സ നിശ്ചയിച്ചു മരുന്നുകള്‍ ഉപയോഗിക്കുന്നവരും ഈ പട്ടികയില്‍ വരും.