റേഷൻ വിതരണം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭക്ഷ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു


Spread the love

മുൻഗണനാ കാർഡുകളുടെ പരിധിയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി സംസ്ഥാനത്തിന് അർഹമായ പ്രാതിനിധ്യം നൽകുക, അരി വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിനു ലഭിക്കേണ്ട സബ്‌സിഡിയുടെ 10 ശതമാനം തടഞ്ഞുവച്ചത് പുനസ്ഥാപിക്കുക, കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന നോൺ-സബ്‌സിഡി മണ്ണെണ്ണയുടെ അളവ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ കേന്ദ്ര പൊതുവിതരണ മന്ത്രി പീയുഷ് ഗോയലിനും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും കത്തയച്ചു.

മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെ എണ്ണം 1,54,80,040 ആയി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തിയതിലൂടെ പട്ടികയിൽ നിന്നും എൻ.എഫ്.എസ്.എ പ്രകാരമുള്ള റേഷൻ സമ്പ്രദായത്തിൽ നിന്നും അർഹതയുള്ള നിരവധിപേർ പുറത്തായതായി കത്തിൽ ചൂണ്ടിക്കാട്ടി. മുൻഗണനാ വിഭാഗത്തിൽപ്പെട്ട പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാരുടെ ദേശീയ ശരാശരി 75% (റൂറൽ) 50% (അർബൻ) ആയിരിക്കെ കേരളത്തിലെ ശരാശരി കേവലം 52.63% (റൂറൽ) 39.50% (അർബൻ) ആണെന്നും ഇതിൽ വർധനവ് വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അരിയുടെ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ അന്നവിത്രാൻ പോർട്ടലിൽ രേഖപ്പെടുത്തിയ വ്യത്യാസം കാരണം കേരളത്തിനു ലഭിക്കേണ്ട സബ്‌സിഡി തുകയുടെ 10 ശതമാനം കേന്ദ്രം കുറവു വരുത്തിയിരുന്നു. പ്രസ്തുത സാങ്കേതിക പ്രശ്‌നം പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ കുറവു വരുത്തിയ സബ്‌സിഡി തുക പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങൾക്ക് അനുവദിച്ചുകൊണ്ടിരുന്ന മണ്ണെണ്ണയുടെ അളവിൽ വലിയതോതിലുള്ള കുറവ് കഴിഞ്ഞ കാലങ്ങളിൽ കേന്ദ്രസർക്കാർ വരുത്തിയിട്ടുണ്ടെന്നും കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയുടെ അളവിൽ വർധനവ് വരുത്തണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close