കോവിഡിന് ശേഷം വലിയ കുടിയേറ്റങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി “റെഡ് ക്രോസ്സ്”


Spread the love

കൊറോണ മഹാമാരിക്ക് ശേഷം ലോകം സാക്ഷ്യം വഹിക്കാനിരിക്കുന്നത് വലിയ തോതിലുള്ള കുടിയേറ്റങ്ങളാണെന്ന മുന്നറിയിപ്പുമായി റെഡ് ക്രോസ്സ്. അതിർത്തികൾ തുറന്ന് കഴിഞ്ഞാൽ കോവിഡ് പ്രതിസന്ധികൾ മൂലം ശക്തമായ കുടിയേറ്റങ്ങൾ സംഭവിക്കും. അതിർത്തികൾ എല്ലാം അടഞ്ഞു കിടക്കുന്നതിനാലും, കോവിഡ് നിയന്ത്രണങ്ങൾ മൂലവും കോടിക്കണക്കിന് ജനങ്ങൾ പട്ടിണിയിലാണ്. കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ നടക്കാൻ ഇടയുള്ള സംഭവങ്ങളിൽ താൻ ഏറ്റവും കൂടുതൽ ഭയപ്പാടോടെ നോക്കിക്കാണുന്നത്, വലിയ രീതിയിൽ അരങ്ങേറാൻ പോകുന്ന കുടിയേറ്റങ്ങളെയാണെന്ന് ‘ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ്സ് ആൻഡ് റെഡ് ക്രസന്റ് സൊസൈററ്റി’ മേധാവി ‘ജഗൻ ചപഗെയ്ൻ’ അറിയിച്ചു. 

കോവിഡ് വ്യാപിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളിലും, ഭക്ഷ്യ സുരക്ഷയിലും, ഭക്ഷ്യ ലഭ്യതയിലും വലിയ തോതിൽ ആഘാതം സംഭവിക്കുന്നുണ്ട്. കോവിഡിനെ നേരിടണോ, അതോ പട്ടിണി കിടക്കണോ എന്ന് തിരഞ്ഞെടുക്കേണ്ട അവസ്ഥയാണ്, ഒരു വിഭാഗം ജനങ്ങൾക്ക് ഇപ്പോഴെന്ന്, ഫ്രാൻസ് മീഡിയ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചപഗേയ്ൻ പറയുകയുണ്ടായി. നിലവിലെ സാഹചര്യത്തിൽ ഒരുപാട് പേർക്ക് തങ്ങളുടെ ഉപജീവനം മാർഗ്ഗം നഷ്ടമായിരിക്കുന്നു. അതിനാൽ തന്നെ, അതിർത്തികൾ തുറന്നാൽ അവർ ഉപജീവന മാർഗ്ഗങ്ങൾക്കായി മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി പാർക്കാൻ നിർബന്ധിതരാകും. അങ്ങനെ വരും മാസങ്ങളിൽ കുടിയേറ്റങ്ങൾ വലിയ തോതിൽ നടന്നാൽ, അതിൽ അത്ഭുതപ്പെടാനായി ഒന്നും തന്നെയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്നാൽ, ഈ സാഹചര്യം കണക്കിലെടുത്ത് എത്രയും പെട്ടന്ന് തന്നെ ജനങ്ങളെ സുരക്ഷിതരാക്കേണ്ടതുണ്ട്. ജനങ്ങളുടെ നൈരാശ്യങ്ങൾ മറികടന്ന് എത്രയും പെട്ടന്ന് ഇതിൽ ഇടപെടേണ്ടത് അത്യാവശ്യമാണ്. കുടിയേറ്റങ്ങൾ നടന്നാൽ വിവിധ തരത്തിലുള്ള ദുരന്തങ്ങൾ നേരിടേണ്ടി വരുമെന്നും റെഡ് ക്രോസ്സ് മുന്നറിയിപ്പ് നൽകി. കുടിയേറ്റ സമയത്ത് അനേകം പേർ മാർഗ്ഗമദ്ധ്യേ മരണപ്പെടുകയോ, മനുഷ്യ കടത്തിന് ഇരകളാകുകയോ, ചൂഷണങ്ങൾക്ക് അടിമപ്പെടുകയോ ചെയ്തേക്കാം. എന്നാൽ കുടിയേറ്റക്കാരുടെ യാത്രയിലും, യാത്രാമദ്ധ്യേയുള്ള സൗകര്യങ്ങളും, ലക്ഷ്യസ്ഥാനത്ത് എത്താൻ നൽകുന്ന സഹായങ്ങളുടെയും പകുതി പോലും വേണ്ടി വരില്ല അവരെ സ്വന്തം രാജ്യത്ത് തന്നെ, ജീവിത സാഹചര്യങ്ങൾ നൽകി നില നിർത്താൻ എന്നും അദ്ദേഹം പറഞ്ഞു. 

അതോടൊപ്പം ചില രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് പ്രഥമ വാക്‌സിനേഷൻ നൽകണം എന്ന നയത്തിനായി ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. വൈറസ് എല്ലാ അതിർത്തികളും കടന്നിരിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ ‘ഞാൻ എന്റെ ജനങ്ങൾക്ക് മാത്രം വാക്‌സിനേഷൻ നൽകാം, അതിലൂടെ ഞങ്ങൾ സുരഷിതരായിരിക്കും’ എന്ന സ്വാർത്ഥ ചിന്ത വെറും മണ്ടത്തരം മാത്രമാണെന്നും ചപഗേയ്ൻ ഓർമ്മിപ്പിച്ചു. 

Read also :കോവിഡ് പരിശോധന കണക്കിൽ അമേരിക്ക 50 മില്യൺ പിന്നിട്ടുവെന്ന് ട്രംപ്

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close