റിച്ചാർഡ് ബ്രാൻസൺ


Spread the love

കോടീശ്വരനായ റിച്ചാർഡ് ബ്രാൻസണിന്റെ പേര് കേൾക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും. വെറും കോടീശ്വരൻ എന്നല്ല, മറിച്ച് സരസനായ കോടീശ്വരൻ എന്ന് തന്നെ എടുത്ത് പറയണം റിച്ചാർഡിനെ. വിധി തന്നെ വില്ലനായി മാറിയ ജീവിതത്തിന്റെ ദുരന്ത കയത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു വന്നവൻ. വിജയത്തിന്റെ കൊടുമുടിയിൽ എത്തിപ്പെട്ടത്തിനു ശേഷം പോലും അഹങ്കാരം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു വ്യക്തി . തീർച്ചയായും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ഒരു ജീവിതം പാഠവം തന്നെയാണ് അദ്ദേഹത്തിന്റേത്.

                1950 ജൂലൈ 18 ന് ലണ്ടനിൽ ഈവ് ബ്രാൻസണിന്റെയും, എഡ്‌വേഡ്‌ ജെയിംസിന്റെയും മകനായി ആയിരുന്നു റിച്ചാർഡ് ബ്രാൻസണിന്റെ ജനനം. താൻ “ഡിസ്‌ലെക്സിയ” എന്ന രോഗത്തിന് അടിമ ആയിരുന്നു എന്ന സത്യം സ്കൂൾ കാലഘട്ടത്തിൽ ആയിരുന്നു ആ കൗമാരക്കാരനും, അവന്റെ വീട്ടുകാരും മനസ്സിലാക്കിയത്. വായിക്കുവാനുള്ള ശേഷിക്കുറവ്. അതാണ് ഡിസ്‌ലെക്സിയ. അതായത് അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായിച്ചെടുത്തു പറയുവാനുള്ള ബുദ്ധിമുട്ട്. ഈ ഒരു അസുഖം മൂലം പല ദിവസവും ആ ബാലന് സ്കൂളിൽ പോകുവാൻ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ തന്റെ പതിനാറാം വയസ്സിൽ അവനു തന്റെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 

               ഏതൊരു കുട്ടിയും തന്റെ ജീവിതത്തിൽ തകർന്ന് പോകുന്ന സമയം. എന്നാൽ സ്വന്തം രോഗത്തെ കുറിച്ച് ഓർത്തു വിലപിച്ച് ഇരിക്കുവാൻ ആ കൗമാരക്കാരൻ തയ്യാറല്ലായിരുന്നു. തന്റെ ചുറ്റിനും ഉള്ള അവസരങ്ങളെ തേടി അവൻ ഇറങ്ങുവാൻ തുടങ്ങി. അങ്ങനെ തന്റെ പതിനേഴാമത്തെ വയസ്സിൽ “സ്റ്റുഡന്റ്” എന്നൊരു മാഗസീൻ ആരംഭിച്ചു. 7500 കോപ്പികൾ ആയിരുന്നു അദ്ദേഹം ആദ്യമായി അച്ചടിച്ചത്. അതിൽ 2500 എണ്ണം വിറ്റഴിക്കപ്പെട്ടു. 800 ഡോളർ ആയിരുന്നു റിച്ചാർഡ് ആ വിറ്റഴിച്ച കോപ്പികളിൽ നിന്നും സമ്പാദിച്ച വരുമാനം. തന്റെ ഭിന്ന ശേഷി മൂലം വിദ്യാലയത്തിന്റെ പടി ഇറങ്ങേണ്ടിവന്നവന്റെ ആദ്യ സമ്പാദ്യം. ശേഷിച്ച കോപ്പികൾ എല്ലാം സൗജന്യമായി നൽകി. 

               പതിനേഴാം വയസ്സിൽ താൻ നേടിയ വിജയം റിച്ചാർഡിനു എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം നൽകുകയായിരുന്നു. ഇതിന് ശേഷം ‘വിർജിൻ’ എന്ന പേരിൽ ഒരു റെക്കോർഡ് കമ്പനി തുടങ്ങുകയായിരുന്നു. ഗ്രാമഫോണിനും, റെക്കോർഡിനും ഒക്കെ അന്ന് വളരെ ഏറെ ആവശ്യക്കാർ ആയിരുന്നു. ആദ്യ ആൽബം ആയ “ടൂബുലാർ ബെൽസ്” വൻ ഹിറ്റായി മാറിയതോടെ അത് വിജയത്തിന്റെ പാതയിലായി. എന്നാൽ റിച്ചാർഡിന്റെ ആഗ്രഹങ്ങൾ അതിൽ ഒന്നും ഒതുങ്ങി നിൽക്കുന്നത് ആയിരുന്നില്ല. അവൻ ഉയരങ്ങളിൽ പറക്കുവാൻ ആയിരുന്നു ആഗ്രഹിച്ചത്. സ്വന്തമായി ഒരു വിമാന കമ്പനി തുടങ്ങണം. അതായിരുന്നു ആ ചെറുപ്പക്കാരന്റെ അടുത്ത മോഹം. ഒടുവിൽ അയാൾ അതും സാധിച്ചു. ഒരു വിമാനം അദ്ദേഹം വാടകയ്ക്ക് എടുത്തു. “വിർജിൻ അറ്റ്ലാന്റിക് ” എന്ന പേര് നൽകി സർവീസ് ആരംഭിച്ചു. എന്നാൽ ‘വിർജിൻ’ റെക്കോർഡിനു ലഭിച്ച പോലെ അത്ര എളുപ്പത്തിൽ ഉള്ള ഒരു വിജയം ആയിരുന്നില്ല അവിടെ റിച്ചാർഡിനെ കാത്തിരുന്നത്. എയർലൈൻസ് രംഗത്ത് “ബ്രിട്ടീഷ് എയർലൈൻസ് ” എന്ന വമ്പൻ വിമാന കമ്പനിയുടെ സ്വേച്ഛാതിപത്യ വാഴ്ചയുടെ സമയം ആയിരുന്നു അത്. അതിനോട് മത്സരിച്ചു വിജയിക്കാൻ നമ്മുടെ “വിർജിൻ എയർലൈൻസ്” ന് സാധിക്കുമായിരുന്നില്ല. ഒരു വശത്തു “വിർജിൻ റെക്കോർഡ്” ലാഭ കൊയ്ത്തു നടത്തിക്കൊണ്ട് ഇരുന്നപ്പോൾ, മറുവശത്തു “വിർജിൻ എയർ ലൈൻസ്” നഷ്ട കയത്തിൽ മുങ്ങിക്കൊണ്ടിരുന്നു. 

                റിച്ചാർഡ് തന്റെ സംരംഭം വിജയിപ്പിച്ച് എടുക്കുവാൻ കഴിവിന്റെ പരമാവധി പരിശ്രമിച്ചു. എന്നാൽ എല്ലാ പരിശ്രമങ്ങളും ‘വെള്ളത്തിൽ വരച്ച വര’ പോലെ ആയിരുന്നു. എന്നാലും തോറ്റു കൊടുക്കുവാൻ റിച്ചാർഡ് തയ്യാറായിരുന്നില്ല. വളരെ നിർണായകമായ ഒരു തീരുമാനം ആയിരുന്നു അന്ന് അയാൾ കൈ കൊണ്ടത്. തനിക്ക് വലിയ തോതിൽ ലാഭം നേടി തന്നുകൊണ്ടിരുന്ന “വിർജിൻ റെക്കോർഡ്” അയാൾ വിൽക്കുവാൻ തീരുമാനിച്ചു. പലരും റിച്ചാർഡിനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. ലാഭം മാത്രം നൽകിക്കൊണ്ട് ഇരിക്കുന്ന ഒരു പ്രസ്ഥാനത്തെ, കേവലം നഷ്ടത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ട് ഇരിക്കുന്ന ഒരു സംരംഭത്തിന് വേണ്ടി വിറ്റഴിക്കുക. ആരായാലും തടസ്സം പറഞ്ഞു പോകും. എന്നാൽ റിച്ചാർഡിനു തന്റെ സ്വപ്നം ആയിരുന്നു വലുത്. താൻ മെനഞ്ഞെടുത്ത്  വെച്ചിരിക്കുന്ന ലക്ഷ്യത്തിൽ എത്തി ചേരുന്നതിലും വലുത് അല്ലായിരുന്നു റിച്ചാർഡിനു മറ്റൊന്നും. അങ്ങനെ അയാൾ “വിർജിൻ റെക്കോർഡ്” വിറ്റഴിച്ചു.  

               പിന്നീട് അദ്ദേഹം എങ്ങനെയും തന്റെ എയർ ലൈൻസ് കമ്പനിയിലേക്ക് ജനങ്ങളുടെ ശ്രദ്ധ കൊണ്ട് വരണം എന്ന് ഉറപ്പിച്ചു. ജനങ്ങളുടെ മനസ്സിൽ “വിർജിൻ എയർലൈൻസ്” എന്ന പേര് പതിഞ്ഞാൽ മാത്രമേ ഇനി തനിക്ക് ഈ രംഗത്ത് പിടിച്ചു നിൽക്കുവാൻ കഴിയുകയുള്ളു എന്ന് അദ്ദേഹം മനസ്സിലുറപ്പിച്ചു. അതിനു വേണ്ടി  പരസ്യത്തിനായി “വിർജിൻ” എന്ന് പേരിട്ട ബലൂണിൽ അറ്റ്ലാന്റിക് സമുദ്രം മുറിച്ചു കടന്ന് ഒരു “ബലൂൺ റൈഡ്” നടത്തുവാൻ തീരുമാനിച്ചു. അങ്ങനെ റിച്ചാർഡും സംഘവും ബലൂൺ റൈഡിനു ഒരുങ്ങി. എന്നാൽ വിധി അവിടെയും റിച്ചാർഡിന്റെ മുൻപിൽ ഒരു വില്ലന്റെ വേഷം കെട്ടിയാടുകകായിരുന്നു. സഞ്ചാരത്തിനിടെ ബലൂണിന്റെ ‘ഗ്യാസ് സിലണ്ടർ’ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് അതിലുണ്ടായിരുന്ന 5 പേർ മരിച്ചു. മാത്രമല്ല ഈ അപകടത്തിൽ മാരകമായ പൊള്ളലേറ്റ അദ്ദേഹം കടലിലേക്ക് പതിച്ചു. 

             പക്ഷെ മരണത്തിന് കീഴ്പ്പെടുവാൻ റിച്ചാർഡ് തയ്യാറായിരുന്നില്ല. തന്റെ ഭിന്ന ശേഷി മൂലം പതിനാറാം വയസ്സിൽ സ്കൂളിന്റെ പടി വാതിൽ ഇറങ്ങുമ്പോൾ ആ കൗമാരക്കാരൻ ഒന്ന് മനസ്സിൽ കുറിച്ചിട്ടിരുന്നു. ഇനി ഒരിടത്തും തോൽക്കരുതെന്ന്. ആ ഒരു ചിന്തയുടെ കനലുകൾ മനസ്സിൽ കിടന്നതിനാലാകാം, അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്നാൽ ഇതിനിടക്ക് മറ്റൊരു അത്ഭുതവും കൂടി നടന്നിരുന്നു. ഇത്രയും സംഭവവികാസങ്ങളോട് കൂടി “വിർജിൻ” എന്ന ബ്രാൻഡിനെ ലോകം ശ്രദ്ധിച്ച് തുടങ്ങി. പതിയെ എയർ ലൈൻസ് ലാഭത്തിലേക്ക് പറന്ന് തുടങ്ങി. 

               പിന്നീട് അങ്ങോട്ട് റിച്ചാർഡിന്റെ സുവർണ കാലഘട്ടത്തിനായിരുന്നു ലോകം സാക്ഷ്യം വഹിച്ചത്. ഒരു മേഖലയിൽ മാത്രം റിച്ചാർഡ് ഒതുങ്ങി നിന്നില്ല, മറിച്ച് പല മേഖലകളിൽ കൈ വെച്ച് വിജയിച്ചു.  വിർജിൻ ട്രെയിൻ, വിർജിൻ റേഡിയോ, എന്നിങ്ങനെ ഒരേ സമയം 400 കമ്പനികളുടെ വരെ ഉടമ ആയി മാറി പണ്ട് സമൂഹം പുച്ഛിച്ചു തള്ളിയ ആ ഭിന്നശേഷിക്കാരൻ. അത് മാത്രമല്ല വീണ്ടും ഒരു റെക്കോർഡ് കമ്പനി കൂടി തുടങ്ങി. “വി റ്റ്യൂ  റെക്കോർഡ്സ്”.ഒരിക്കലും അത് പണത്തിനു വേണ്ടി ആയിരുന്നില്ല, മറിച്ച് ഈ നിലയിൽ എത്തുവാൻ തന്നെ സഹായിച്ച റെക്കോർഡ് കമ്പനിയോടുള്ള സ്മരണാർത്ഥം മാത്രം. അങ്ങനെ അയാൾ എല്ലാമെല്ലാം നേടി. എന്തിനധികം “വിർജിൻ സ്പേസ് ടൂറിസം” വരെ അദ്ദേഹം ആരംഭിച്ചു. അങ്ങനെ ശൂന്യാകാശത്ത് വരെ വിർജിന്റെ മുഖമുദ്ര അദ്ദേഹം കൊണ്ടെത്തിച്ചു. ഒരു പക്ഷെ ദൈവം അദ്ദേഹത്തിനു കൊടുത്ത വരദാനം ആയിരിക്കാം ആ രോഗം. ഒരിക്കലും ഒന്നും നമുക്ക് ഒരു കുറവല്ല എന്ന് ലോകത്തിനു മുന്നിൽ തുറന്ന് കാട്ടാൻ കഴിയുന്ന ഒരു മാതൃക. 

               ലോകത്തിനു മുഴുവൻ ഒരു മാതൃക തന്നെയാണ് റിച്ചാർഡ് ബ്രാൻസൺ എന്ന വ്യക്തിത്വം. പലപ്പോഴും ജീവിതത്തിൽ ചെറിയ ചില പാളിച്ചകൾ പറ്റുമ്പോൾ അതിനെ നമ്മൾ നമ്മുടെ ഏറ്റവും വലിയ ബലഹീനത ആക്കി മാറ്റി, ജീവിതാവസാനം വരെയും അതിനെ പറ്റി ഓർത്തു ദുഃഖിച്ചു തീരുന്നു. എന്നാൽ എന്തിനാണ് നമ്മൾ ഈ പോരായ്മകളുടെ പുറകെ പോകുന്നത്? അതിന്റെ കൂടെ പോകാതെ അതിനെതിരെ സഞ്ചരിക്കൂ. നമ്മുടെ നാട്ടിലെ ഭൂരി ഭാഗം ആളുകളെയും പോലെ തനിക്ക് ദൈവം തന്ന ഭിന്ന ശേഷിയെ കുറിച്ച് ഓർത്തു ജീവിതകാലം മുഴുവൻ അദ്ദേഹത്തിനും വിലപിച്ചു തീർക്കാമായിരുന്നു. ഒരു പക്ഷെ അങ്ങനെ ആയിരുന്നു എങ്കിൽ ഇന്ന് റിച്ചാർഡ് ബ്രാൻസൺ എന്ന ലോകം കണ്ട ഏറ്റവും വലിയ സംരംഭകരിൽ ഒരാളായി അദ്ദേഹം മാറുകയില്ലായിരുന്നു. പതിനാറാം വയസ്സിൽ തന്റെ സ്കൂളിന്റെ പടി ഇറങ്ങേണ്ടി വന്ന ചെറുപ്പക്കാരൻ ഇന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാൾ. ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാൾ എന്നല്ല. മറിച്ച് ലോകം കണ്ട വിജയികളിൽ ഒരാൾ എന്ന് അദ്ദേഹത്തെ വിളിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. കാരണം അദ്ദേഹം കരസ്ഥമാക്കിയതെല്ലാം തീർത്തും പൊരുതി നേടിയ വിജയങ്ങൾ തന്നെ ആയിരുന്നു . 

Read also:  ഇന്ത്യൻ ചാരൻ പാകിസ്ഥാൻ മേജർ ആയ കഥ. 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

         

Ad Widget
Ad Widget

Recommended For You

About the Author: admin

Close