
ആഢംബരം എന്നതിന്റെ പര്യായങ്ങളിലൊന്നായ റോൾസ് റോയ്സ് മോട്ടോർ കാർസ് ലിമിറ്റഡ് എന്ന ബ്രിട്ടീഷ് ആഢംബര കാർ നിർമ്മാണ കുടുബത്തിൽ നിന്നും പിറവി കൊണ്ട “റോൾസ് റോയ്സ് കള്ളിനൻ” കോടീശ്വരന്മാരുടെ ആഢംബര യാത്രകൾക്ക് കരുതലേകുന്നു. റോൾസ് റോയ്സ് ശൃഖലയിൽ നിന്നും അവതരിപ്പിച്ച ആദ്യ എസ് യു വി വിഭാഗത്തിലെ വാഹനം എന്നത് കൊണ്ടും ശ്രദ്ധേയമാണ് “റോൾസ് റോയ്സ് കള്ളിനൻ”. അവയ്ക്ക് പുറമെ റോൾസ് റോയ്സിന്റെ ആദ്യ ഫോർ വീൽ ഡ്രൈവ് അഥവ ‘ഒരേ സമയം വാഹനത്തിലെ എല്ലാ വീലുകളിലേക്കും എഞ്ചിൻ സ്പീഡ് ട്രാൻസ്മിഷൻ നടക്കുന്നു’ എന്ന പ്രത്യേകതയിലൂടെ കള്ളിനനിൽ നിന്നും, ഹൈവേ റോഡിൽ ലഭിക്കുന്ന അതേ കംഫർട്ട്, ഓഫ് റോഡ് യാത്രകൾക്കും ലഭിക്കുന്നു. റോൾസ് റോയ്സിന്റെ തന്നെ ഗോസ്റ്റ്, ഫാന്റം തുടങ്ങിയ അത്യാഢംബര വാഹനങ്ങളുടെ നിരയിലേക്കെത്തിയ പുതിയ അതിഥിയാണ് റോൾസ് റോയ്സ് കള്ളിനൻ.
ആഢംബരംങ്ങളുടെ മാത്രമല്ല, യാത്രികർക്ക് വേണ്ടിയുള്ള കരുതലിന്റെ കൂടി പര്യായമാവുകയാണ് കള്ളിനൻ എന്ന റോൾസ് റോയ്സ് കുടുംബാംഗം. കള്ളിനന്റെ ടെക്നിക്കൽ വശങ്ങളിൽ പ്രാധാന്യമേറിയ ഒന്നാണ് അവയുടെ എയർ സസ്പെൻഷൻ സിസ്റ്റം. യാത്രാ വഴികൾ മലയോ മരുഭൂമിയോ അങ്ങനെ ഏതായാലും, യാത്രികർക്ക് സുഖകരമായ പട്ടുമെത്തയിലെന്ന പോലുള്ള കരുതൽ റോൾസ് റോയ്സ് കള്ളിനെന്റെ സസ്പെൻഷൻ വിഭാഗം ഉറപ്പ് തരുന്നു. മുൻഭാഗത്തെ വിൻഡ് ഗ്ലാസിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റീരിയോ ക്യാമറ, പുറമെയുള്ള സാഹചര്യങ്ങളെ സ്കാൻ ചെയ്തെടുക്കുകയും അവയ്ക്കനുസൃതമായി വാഹനത്തിന്റെ സസ്പെൻഷൻ സിസ്റ്റത്തെ ഓട്ടോമാറ്റിക്കായി ക്രമപ്പെടുത്തുന്നു എന്നുള്ളതാണ് കള്ളിനാന്റെ സസ്പെൻഷൻ സിസ്റ്റത്തിന്റെ മറ്റൊരു അത്യാധുനികമായ സവിശേഷത. ഫോർ വീൽ സ്റ്റിയറിംഗ് സംവിധാനത്തിലൂടെ, മറ്റ് വാഹനങ്ങളെ അപേക്ഷിച്ച്, കള്ളിനന്റെ സ്റ്റിയറിങ് തിരിക്കിന്നതിനൊപ്പം, നാലു വീലും തിരിയുകയും അതുവഴി വളരെ കൃത്യതയാർന്ന ഡ്രൈവിങ് അനുഭവം നൽകുന്നു. ടോപ് സ്പീഡായ മണിക്കൂറിൽ 250 കി.മി ലഭിക്കത്തക്ക 563 hp കരുത്തിൽ പ്രവർത്തിക്കുന്ന ട്വിൻ ടർബോചാർജ്ഡ് 6.75ലിറ്റർ V12എഞ്ചിൻ കൂടാതെ, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ്, അവയ്ക്കൊപ്പം ഓഫ് റോഡ് ആവശ്യങ്ങൾക്കായുള്ള സിംഗിൾ ഗിയർ ബട്ടൺ എന്നിവയൊക്കെയാണ് വാഹനത്തിന്റെ മറ്റ് പ്രധാന സാങ്കേതിക വശങ്ങൾ.
കണ്ട് തന്നെ ആസ്വദിക്കേണ്ട ചില പ്രത്യേകതകളാണ്, കള്ളിനന്റെ പുറമേയും അകമേയുമുള്ള ഡിസൈൻ സവിശേഷതകൾ. പ്രൗഢി വിളിച്ചോതുന്ന ഗ്രില്ലുകൾ, അവയ്ക്ക് മുകളിലായി കാണുന്ന റോൾസ് റോയ്സിന്റെയും സ്പിരിറ്റ് ഓഫ് എസ്റ്റെസിയുടെയും ലോഗോ, എൽ ഇ ഡി ഹെഡ് ലൈറ്റ്, നീളം കൂടിയ മുൻവശം, അൽപ്പം ചരിവോടുകൂടിയുള്ള ഫ്ലാറ്റ് റൂഫ് തുടങ്ങിയവ കള്ളിനന്റെ പുറം ഭാഗത്തെ ഡിസൈന് ആഢംബര ഭംഗി നൽകുന്നു. രാജകീയ സദൃശ്യമായ വാഹനത്തിന്റെ ഉള്ളിൽ വളരെ ആസ്വാദ്യകരമായ ഇരിപ്പിടങ്ങൾ, അവയ്ക്കിടയിലായി ചെറിയൊരു ഫ്രിഡ്ജ്, ഗ്ലാസ് സൂക്ഷിക്കുന്ന അറകൾ, ഇലക്ട്രിക്കൽ ബട്ടണിൽ നിയന്ത്രിക്കുന്ന അഡ്ജസ്റ്റബിൾ കർട്ടൻ, സാധാരണ റോൾസ് റോയ്സിൽ ഉള്ളതുപോലെ പുറകു വശവുമായി വേർതിരിക്കുന്ന ഗ്ലാസ് തുടങ്ങിയവ കോടീശ്വരന്മാരുടെ യാത്രകളെ ആഡംബര പൂർണ്ണമാക്കുന്നു. ഇവയ്ക്കെല്ലാം പുറമെ, ഒറ്റ ബട്ടൺ ക്ലിക്കിൽ എതിർ ദിശകളിൽ തുറക്കുന്ന ഡോറുകൾക്കൊപ്പം ഡോറിന്റെ വശത്തായി സൂക്ഷിക്കുന്ന നീളൻ കുടയും, മറ്റ് റോൾസ് റോയ്സ് വാഹനങ്ങളിലെ പോലെ കള്ളിനനിലും സന്നിവേശിപ്പിച്ചിരിക്കുന്നു. വാഹനത്തിന്റെ പുറകുവശത്തെ ഡിക്കി ഭാഗം, ഒറ്റ ബട്ടണിൽ രണ്ടായി സ്പ്ലിറ്റ് ചെയ്ത് തുറക്കുന്നു. അവയ്ക്കുള്ളിലായി ഒറ്റ ബട്ടൺ ക്ലിക്കിൽ തുറക്കുന്ന രണ്ട് സീറ്റും ഒരു മേശയുമടങ്ങിയ വ്യൂവിങ് സ്യൂട്ട് യാത്രികർക്ക് പുറം കാഴ്ചകൾ കണ്ടിരുന്ന് യാത്രയുടെ ക്ഷീണമകറ്റി ലഘു ഭക്ഷണം കഴിക്കാവുന്ന തരത്തിൽ ആഡംബരത്തിന്റെ മറ്റൊരു ഡിസൈനിൽ പ്രാവർത്തികമാക്കിയിരിക്കുന്നു.
നിശബ്ദ അന്തരീക്ഷം ഉള്ളിൽ സൃഷ്ടിക്കാൻ കഴിയുന്ന കള്ളിനനിൽ ഓടുന്ന വാഹനത്തിന്റെ ചെറിയ വൈബ്രേഷൻ പോലും, യാത്രികരെ അറിയിക്കുന്നില്ല.1998-ൽ, ബ്രിട്ടൻ ആസ്ഥാനമായി സ്ഥാപിതമായ റോൾസ് റോയ്സ് പിൽക്കാലത്ത്, ജർമൻ വാഹന നിർമാതാക്കളായ ബി എം ഡബ്ല്യൂവിന്റെ ആഡംബര വാഹന നിർമ്മാണ ബ്രാൻഡ് ആയി മാറി. അതിലൂടെ ആഡംബരത്തിന്റെ അവസാന വാക്കായി റോൾസ് റോയ്സ് വാഹനങ്ങൾ മാറി. സാധാരണക്കാരുടെ സ്വപ്നങ്ങളിൽ പോലും കടന്ന് വരാത്ത റോൾസ് റോയ്സിന്റെ കള്ളിനൻ എസ് യു വി വാഹനത്തിന്, ഇന്ത്യൻ വിപണിയിൽ 6 കോടി മുതൽ 16 കോടി വരെ വില വരുന്നു. വാഹന പ്രേമികൾ കൗതുകപൂർവ്വം സമീപിക്കുന്ന റോൾസ് റോയ്സ് കള്ളിനൻ കോടീശ്വരന്മാരുടെ ആഢംബര രാജകീയ യാത്രകൾക്ക് പ്രൗഢിയേകി വിവിധ രാജ്യങ്ങളിൽ അവരുടെ തേരോട്ടം തുടരുന്നു.