ലോകം ഭയക്കുന്ന റഷ്യ.


Spread the love

ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിൽ റഷ്യയുടെ അത്രയും കഥ പറയുവാനുള്ള മറ്റൊരു രാജ്യം ലോകത്ത് ഇല്ല. കയറ്റങ്ങളുടെയും, ഇറക്കങ്ങളുടെയും എല്ലാം ചരിത്ര പ്രധാന്യമായ കഥകൾ പറയുന്ന ഒരു നാടാണ് റഷ്യ. കമ്മ്യൂണിസത്തിന്റെയും, ഒക്ടോബർ വിപ്ലവത്തിന്റെയും, ശീത യുദ്ധത്തിന്റെയും, സോഷ്യലിസത്തിന്റെയും ഒക്കെ കഥകൾ പറയുവാനുള്ള നാട്. പണ്ട് സോവിയറ്റ് യൂണിയനിലെ ഒരു പ്രധാന ഭാഗം ആയിരുന്നു റഷ്യ. വിസ്തീർണത്തിൽ ലോകത്തിൽ തന്നെ ഒന്നാം സ്ഥാനം ആണ് റഷ്യയ്ക്ക്. ഭൂമിയിൽ ജനവാസമുള്ള പ്രദേശത്തിന്റെ എട്ടിൽ ഒരു ഭാഗവും നില കൊള്ളുന്നത് റഷ്യൻ മണ്ണിലാണ്. യൂറോപ്പ്, ഏഷ്യ എന്നീ രണ്ട് ഭൂഖണ്ഡങ്ങളിലായി ആണ് റഷ്യ വ്യാപിച്ചു കിടക്കുന്നത്. 

               കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളുടെ ഭൂമിയാണ് റഷ്യ. 11 സമയ മേഖലയാണ് റഷ്യയിലൂടെ കടന്നു പോകുന്നത്. 12 സ്വതന്ത്ര രാജ്യങ്ങളുമായി റഷ്യ തങ്ങളുടെ അതിർത്തി പങ്കിടുന്നു. 3 മഹാ സമുദ്രങ്ങളും, 13 കടലുകളുമായി തീരം പങ്കിടുന്ന റഷ്യയിൽ ഏകദേശം 15 കോടിയോളം ജനങ്ങളും, അതിൽ 160 ൽ അധികം വംശജരും അടങ്ങിയിട്ടുണ്ട്. 37,000 കിലോമീറ്റർ ആണ് റഷ്യയുടെ ആക സമുദ്ര തീരം. ആയിരത്തോളം നദികളും, മറ്റ് ഉൾനാടൻ ജലാശയങ്ങളും അടങ്ങിയ റഷ്യയിൽ, ഭൂമിയിലെ നാലിൽ ഒരു ഭാഗവും ശുദ്ധ ജലം കാണപ്പെടുന്നു. റഷ്യയുടെ പ്രദേശങ്ങൾ തെക്ക് കരിങ്കടലും, കോക്കസസ് മുതൽ വടക്ക് ആർട്ടിക് സമുദ്രം വരെയും, പടിഞ്ഞാറ് ബാൾട്ടിക്‌ കടൽ മുതൽ കിഴക്ക് ശാന്ത സമുദ്രം വരെയും വ്യാപിച്ചു കിടക്കുന്നു. 

               യൂറോപ്പിൽ 10 രാജ്യങ്ങളുമായും, ഏഷ്യയിൽ 4 രാജ്യങ്ങളുമായും കര അതിർത്തി പങ്കിടുന്ന രാജ്യമാണ് റഷ്യ. ‘ബെറിങ്’ കടലിടുക്കിലെ റഷ്യയുടെ കീഴിലുള്ള ദ്വീപുകൾ വഴി അമേരിക്കയുമായും രാജ്യം അതിർത്തി പങ്കിടുന്നു. 88 ഫെഡറൽ ജില്ലകളുടെ ഒരു സംയുക്ത രാജ്യമാണ് റഷ്യ. അതിൽ 21 എണ്ണം സ്വയം ഭരണ റിപ്പബ്ളിക് ആണ്. മോസ്കൊ ആണ് റഷ്യയുടെ തലസ്ഥാനവും, ചരിത്രപരമായ ഏറ്റവും വലിയ നഗരവും. പണ്ടത്തെ സോവിയറ്റ് യൂണിയണിന്റെയും തലസ്ഥാനം മോസ്കൊ തന്നെ ആയിരുന്നു. യൂറോപ്പിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാണ് റഷ്യ. അത്പോലെ തന്നെ ലോകത്ത് റഷ്യ ജനസംഖ്യയിൽ ഒൻപതാം സ്ഥാനത്താണ്. ഒട്ടനവധി ഭാഷകൾ റഷ്യയിൽ പ്രാബല്യത്തിൽ ഉണ്ട് എങ്കിലും ‘റഷ്യൻ’ ഭാഷയാണ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്. യുക്രേനിയൻ, ചേച്നിയൻ തുടങ്ങിയ 160 ൽ പരം വംശജർ റഷ്യയിൽ ഉണ്ട്. അതിൽ റഷ്യൻ വംശജർ ആണ് കൂടുതൽ. റഷ്യയിലെ 74% ആളുകളും ക്രിസ്തു മത വിശ്വാസികളാണ്. ബാക്കി 26% ൽ ഇസ്ലാം, ഹിന്ദു, ബുദ്ധ മത വിശ്വാസികൾ പെടുന്നു. 

                 കിഴക്കൻ സ്‌ലാവുകളുടെ ഗോത്രമായ റൂസുകളുടെ പിൻഗാമികളാണ് റഷ്യക്കാർ. റൂസിൽ നിന്നാണ് ‘റഷ്യ’ എന്ന പേര് ഉണ്ടായത്. പത്താം നൂറ്റാണ്ട് വരെ റൂസുകളുടെ പ്രധാന കേന്ദ്രം ആയിരുന്നു ‘ക്വിവിയൻ’. 18 ആം നൂറ്റാണ്ടിൽ മഹാനായ പീറ്റർ ചക്രവർത്തിയാണ് പടിഞ്ഞാറൻ യൂറോപ്പിന്റെ സംസ്കാരവും, വിദ്യാഭ്യാസവും എല്ലാം റഷ്യയ്ക്ക് പരിചയപ്പെടുത്തിയത്. 18 ആം നൂറ്റാണ്ടോടെ കൂട്ടിച്ചേർക്കലുകളിലൂടെയും, യുദ്ധ വിജയങ്ങളിലൂടെയും റഷ്യൻ സാമ്രാജ്യം ഉയർന്നു വരികയും, അത് ചരിത്രത്തിലെ മൂന്നാമത്തെ വലിയ സാമ്രാജ്യവും, യൂറോപ്പിലെ വലിയ ശക്തിയുമായി മാറുകയും ചെയ്തു. പരമാധികാരികളായ ‘സർ’ ചക്രവർത്തിമാർ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ റഷ്യ ഭരിച്ചു.  തുടർന്ന് ഒക്ടോബർ വിപ്ലവത്തിലൂടെ 1918 ൽ ലെനിനും തുടർന്ന് സ്റ്റാലിനും കൂടി റഷ്യയിൽ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന് അടിത്തറയിട്ടു. 

               റഷ്യൻ സാമ്രാജ്യത്തെ സോവിയറ്റ് യൂണിയൻ ആയി നിലനിർത്തുവാൻ അധികാരത്തിൽ വന്ന തൊഴിലാളി യൂണിയന് സാധിച്ചു. സോവിയറ്റ് യൂണിയനിൽ ‘റഷ്യൻ സോവിയറ്റ് ഫെഡറേറ്റിവ് സോഷ്യലിസ്റ്റ് റിപ്പബ്ളിക്’ എന്നായിരുന്നു റഷ്യയുടെ അന്നത്തെ പേര്. ലോകത്തെ ആദ്യ ഭരണഘടനാ പരമായ സോഷ്യലിസ്റ്റ് സ്റ്റേറ്റ് ആണ് റഷ്യ. എന്നാൽ അതിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയി മാറുവാൻ സോവിയറ്റ് യൂണിയന് സാധിച്ചു. 20 ആം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗത്തോടെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഒന്നാമത്തെത്തുവാൻ സോവിയറ്റ് യൂണിയനിനായി. അമേരിക്കയുമായി ശീത യുദ്ധത്തിനും ഇത് കാരണമായി. മാത്രമല്ല സോവിയറ്റ് യൂണിയന്റെ ഈ വളർച്ച ലോകത്തെ തന്നെ രണ്ടായി വിഭജിച്ചു. സോഷ്യലിസ്റ്റ് രാജ്യങ്ങളും, മുതലാളിത്ത രാജ്യങ്ങളും എന്നിങ്ങനെ സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും നേതൃത്വത്തിൽ ലോക രാജ്യങ്ങളിൽ വിഭജനം വന്നു . 

               ശാസ്ത്ര രംഗത്ത് നേടിയ വളരെ വലിയ പുരോഗതി വഴി, ലോകത്ത് ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുവാൻ റഷ്യയ്ക്ക് സാധിച്ചു. എന്നാൽ  ഒക്ടോബർ വിപ്ലവം കഴിഞ്ഞ് 7 പതിറ്റാണ്ടുകൾക്ക് ശേഷം 1991 ൽ ആഭ്യന്തര വൈരുദ്ധ്യങ്ങളും, അമിതമായ സൈനിക വത്‌കരണവും എല്ലാം മൂലം സോവിയറ്റ് യൂണിയൻ തകർന്നു. അങ്ങനെ ഇന്നത്തെ റഷ്യ, ‘റഷ്യൻ ഫെഡറേഷൻ’ എന്ന പേരിൽ ഒരു സ്വതന്ത്ര രാഷ്ട്രം ആയി മാറി. 1993 ൽ ഇവിടെ ഭരണഘടന നിലവിൽ വരികയും, അതോടു കൂടി റഷ്യൻ ഫെഡറൽ, ‘അർദ്ധ പ്രസിഡന്റ്‌ഷ്യൽ റിപ്പബ്ളിക്’ ആയി മാറുകയും ചെയ്തു. ഇവിടെ പ്രസിഡന്റിനെ ജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. 6 വർഷമാണ് തിരഞ്ഞെടുപ്പ് കാലാവധി. പ്രധാന മന്ത്രിയെയും, മറ്റ് മന്ത്രിമാരെയും നിയമിക്കുന്നത് പ്രസിഡന്റാണ്. 1991 ന് ശേഷം റഷ്യയിലേക്ക് യൂറോപ്യൻ സംസ്കാരത്തിന്റെ കടന്നു വരവ് കൂടുതലായി ഉണ്ടാകുകയും, അതോടു കൂടി കാർഷിക അടിത്തറയിൽ പോയിക്കൊണ്ടിരുന്ന റഷ്യൻ സംസ്കാരത്തിൽ വലിയ തോതിൽ യൂറോപ്യവത്കരണം ഉണ്ടാകുകയും ചെയ്തു. 

               ഭൂമിശാസ്ത്രപരമായി ഒട്ടനവധി സവിശേഷതകൾ ഉള്ളൊരു രാജ്യമാണ് റഷ്യ. ലോകത്തെ ഏറ്റവും വലിയ രാജ്യമായതിനാൽ പ്രകൃതിദത്തമായ നിക്ഷേപങ്ങളും ഇവിടെ വളരെ അധികമാണ്. പ്രകൃതി വാതകങ്ങളുടെയും, ഐരുകളുടെയും,  കൽക്കരിയുടെയും, പെട്രോളിയത്തിന്റെയും, മറ്റു ധാതുക്കളുടെയും എല്ലാം നിരവധി നിക്ഷേപം ഈ രാജ്യത്തു ധാരാളമായി ഉണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ ‘എൽബ്രസ്’ സ്ഥിതി ചെയ്യുന്നത് റഷ്യയിലാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും, ആഴമേറിയതും, ശുദ്ധമായതും ആയ ‘ബൈക്കൽ തടാകം’ സ്ഥിതി ചെയ്യുന്നത് റഷ്യയിലാണ്. ലഡോഗ, ഒണേഗ മുതലായവ ഇവിടുത്തെ മറ്റ് പ്രധാന തടാകങ്ങളാണ്. ‘വോൾഗ’ ആണ് ഇവിടുത്തെ ഏറ്റവും വലിയ നദി. ലെന, അമൂർ, ഒബ്ബ്‌ എന്നിവ മറ്റ് പ്രധാന നദികളാണ്.  

               വലിയ രാജ്യം ആയതുകൊണ്ട് തന്നെ 78 ഡിഗ്രി സെൽഷ്യസ് മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ താപനില വ്യതിയാനമുള്ള രാജ്യമാണ് റഷ്യ. റഷ്യയുടെ ശരാശരി താപനില -5.5 ഡിഗ്രി സെൽഷ്യസ് ആണ്. അതിനാൽ തന്നെ ലോകത്ത് ഏറ്റവും തണുപ്പുള്ള ഒരു രാജ്യമായി റഷ്യയെ കണക്കാക്കുന്നു. റഷ്യയുടെ പകുതി ഭാഗവും സൈബീരിയൻ ശൈത്യ മേഖല ആണ്. കൊടും ശൈത്യം നേരിടുന്ന ഈ പ്രദേശത്തു ഏകദേശം 100 മീറ്ററോളം താഴ്ചയിലേക്ക് മണ്ണു തണുത്തുറഞ്ഞു കിടക്കുന്നതാണ്. അതിനാൽ കൃഷിക്ക് ഒട്ടും യോജ്യമല്ലാത്ത ഒരു പ്രദേശമാണ് ഇവിടം. 

               റഷ്യയുടെ യൂറോപ്യൻ ഭാഗമാണ് കൂടുതൽ വികസിതവും, ജനവാസം കൂടിയതുമായ മേഖല. തലസ്ഥാന നഗരമായ മോസ്കൊ, യൂറോപ്പിലെ തന്നെ ഏറ്റവും ജനസംഖ്യ കൂടിയ നഗരമാണ്. ഏകദേശം 1 കോടിയോളം ജനങ്ങൾ മോസ്കോയിൽ ഉണ്ട്. ആയിരം വർഷം പഴക്കമുള്ള സംസ്കാരത്തിന്റെ കേന്ദ്രമാണ് മോസ്കൊ. റഷ്യയുടെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ വിദ്യാഭ്യാസ, ഗതാഗത കേന്ദ്രമാണ് മോസ്കൊ. ലോകത്തിലെ ഏറ്റവും സങ്കീർണമായ മെട്രോ സംവിധാനം മോസ്കോയുടെതാണ്. 

                രാസവസ്തുക്കൾ, ലോഹം, ഭക്ഷ്യ സംസ്കരണം, വസ്ത്ര നിർമ്മാണം, യന്ത്ര സാമഗ്രികളുടെ ഉത്പാദനം തുടങ്ങിയവയുടെ പ്രധാന വ്യവസായ കേന്ദ്രമാണ് മോസ്കൊ. ഏഷ്യയിലും, യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യത്തിന്റെ ഇടയിൽ മതില് പോലെ യുറാൽ പർവ്വത നിര കടന്നു പോകുന്നു. കയറ്റുമതിയും, ബാങ്കിങ്ങും ആണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. കയറ്റുമതിയുടെ ഭൂരി ഭാഗവും പ്രകൃതി വാതകമാണ്. ലോകത്തിലെ ഏറ്റവും മികച്ച 1000 ബാങ്കുകൾ എടുത്താൽ അതിൽ 25 എണ്ണം റഷ്യയിലാണ്. 100% സാക്ഷരത നേടിയവരാണ് റഷ്യക്കാർ. ഇവിടുത്തെ പൗരന്മാർ 18 നും 27 വയസ്സിനുമിടയിൽ 2 പ്രാവിശ്യം നിർബന്ധിത സൈനിക സേവനം ചെയ്തിരിക്കണം. 

               റൂബിൾ ആണ് റഷ്യയുടെ നാണയം. യുനെസ്കോ(UNESCO) യുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന 29 സൈറ്റുകൾ റഷ്യൻ പ്രദേശങ്ങളാണ്. ഏഷ്യൻ യൂറോപ്യൻ രുചികൾ ചേർന്നതാണ് റഷ്യൻ ഭക്ഷണ രീതി. ഇവിടെ ഉണക്കി സൂക്ഷിക്കുവാനാകുന്ന ഭക്ഷണങ്ങൾക്ക് പ്രാധാന്യം ഏറെയാണ്. ബിയറും, വോഡ്കയും ആണ് ഇവിടുത്തെ ജനകീയ പാനീയം. റഷ്യൻ സായുധ സേന ലോകത്തിലെ രണ്ടാമത്തെ വലിയ സേനയാണ്. ലോകത്തിൽ ആണവായുധം കയ്യിലുള്ള അംഗീകൃത രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ സമിതിയിലും റഷ്യ സ്ഥിര അംഗമാണ്. ബുദ്ധി കൊണ്ടും, ശക്തി കൊണ്ടും, കഴിവ് കൊണ്ടും, ആയുധ ശേഷി കൊണ്ടുംഎല്ലാം ഇന്ന് മറ്റു രാജ്യങ്ങൾ ഭയക്കേണ്ട ഒരു നാടു തന്നെയാണ് റഷ്യ. പ്രധാനമായും റഷ്യയുടെ അമരക്കാരനായ വ്ലാദിമിർ പുടിനെ തെല്ലു ഭയത്തോടു കൂടി നോക്കി കാണേണ്ടതാണ്. 

Read also: ചാരനിൽ നിന്നും റഷ്യൻ പ്രസിഡന്റിലേക്ക് : വ്ലാദിമിർ പുടിൻ

റഷ്യൻ പ്രതിപക്ഷ നേതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ :ചായയിൽ വിഷം കലർത്തി നൽകിയെന്ന് സൂചന

      

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

         

Ad Widget
Ad Widget

Recommended For You

About the Author: admin

Close