റിപ്പയർ മോഡ് പുതിയ ഫീച്ചറുമായി സാംസങ്


Spread the love

ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സാംസങ് മികച്ച സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അടക്കം അവതരിപ്പിച്ചിട്ടുണ്ട്. ഒരു സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയുടെ ദൌത്യം ഫോൺ പുറത്തിറക്കുകയും കച്ചവടം ചെയ്യുകയും മാത്രമല്ലെന്നും ഉപയോക്താക്കളുടെ എല്ലാ ആശങ്കകളെയും പരിഹരിക്കുക കൂടിയാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇപ്പോൾ സാംസങ്.  ഉപയോക്താക്കളുടെ സുരക്ഷയും മറ്റും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് നിരവധി പ്രോഗ്രാമുകളും ഫീച്ചറുകളും സാംസങ് അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ സവിശേഷതകളിലൊന്നാണ് റിപ്പയർ മോഡ്. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ റിപ്പയർ ചെയ്യാൻ നൽകുമ്പോൾ ഫോണിലെ സ്വകാര്യ ചിത്രങ്ങളും രേഖകളും ചോരാതിരിക്കാനുള്ള പുതിയ ഫീച്ചർ ‘റിപ്പയർ മോഡ്’ ആണ്  സാംസങ് പരീക്ഷിക്കാൻ പോകുന്നത്.

സാംസങ് മൊബൈലിന്റെ റിപ്പോർട്ട് അനുസരിച്ച് റിപ്പയർ മോഡ് എന്ന പുതിയ സ്വകാര്യത ഫീച്ചർ അവതരിപ്പിക്കാൻ സാംസങ് പ്രവർത്തിക്കുന്നുണ്ടെന്നാണ്. സാംസങ്ങിന്റെ കൊറിയൻ വെബ്‌സൈറ്റിലാണ് പുതിയ വിവരങ്ങൾ കണ്ടെത്തിയത്. ഡിഫോൾട്ടായി ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ മാത്രമാണ് റിപ്പയർ ചെയ്യുന്ന വ്യക്തിക്ക് ആക്‌സസ് ചെയ്യാനാകുക. മറ്റൊരു പ്രധാന കാര്യം റിപ്പയർ മോഡ് ഉപയോക്താവിന് മാത്രമാണ് ഓണാക്കാൻ കഴിയുക എന്നതാണ്. പുതിയ ഫീച്ചർ വരുന്ന ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ സാംസങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏത് രാജ്യങ്ങളിലാണ് ഫീച്ചർ പുറത്തിറക്കുകയെന്നും ഏത് സാംസങ് മോഡലുകൾക്കാണ് ഇത് ലഭിക്കുകയെന്നും ഇതുവരെ അറിവായിട്ടില്ല.  വർഷങ്ങളോളം ഉപയോഗിച്ച ഫോൺ റിപ്പയർ ചെയ്യാനായി സർവീസ് സെന്ററിൽ നൽകുന്നത് എല്ലാവർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അപരിചിതർക്ക് നിങ്ങളുടെ ഫോണുകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി രേഖകളും ചിത്രങ്ങളും അതിനകത്തുണ്ടാകും. ഇതിനൊരു പരിഹാരവുമായാണ് സാംസങ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.  ഫോൺ റിപ്പയർ ചെയ്യുന്ന സാങ്കേതിക വിദഗ്ധർക്ക് റിപ്പയർ മോഡ് വഴി പരിമിതമായ ആക്‌സസ് മാത്രമാണ് നൽകുക.  റിപ്പോർട്ട് അനുസരിച്ച് സാംസങ് ഈ ഫീച്ചർ ഗാലക്‌സി എസ് 21 സീരീസിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു എന്നാണ്.

എന്നാൽ മറ്റ് ഹാൻഡ്സെറ്റുകളിലേക്കും ഈ ഫീച്ചർ വ്യാപിപ്പിക്കാനും സാംസങ് നീക്കം നടത്തിയേക്കും. ബിൽറ്റ്-ഇൻ സെറ്റിങ്സ് ആപ്പിലെ ‘ബാറ്ററി ആൻഡ് ഡിവൈസ് കെയർ’ വിഭാഗത്തിൽ പോയി റിപ്പയർ മോഡ് ഓണാക്കാൻ ഉപയോക്താക്കൾക്ക് കഴിയും. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ ഫോൺ റിപ്പയർ മോഡിലേക്ക് പോകും. ഇതോടെ ഫോൺ റിപ്പയർ ചെയ്യുന്ന സാങ്കേതിക വിദഗ്ധന് സ്വകാര്യ ചിത്രങ്ങളും വ്യക്തിഗത ഡേറ്റയും സാങ്കേതികമായി ലഭിക്കാതെ വരും.  റിപ്പയർ മോഡ് ഓൺ ചെയ്‌തുകഴിഞ്ഞാൽ ചിത്രങ്ങളും സന്ദേശങ്ങളും അക്കൗണ്ടുകളും സാങ്കേതിക വിദഗ്ധരിൽ നിന്ന് മറയ്‌ക്കും. എങ്കിലും സാങ്കേതിക വിദഗ്‌ധർക്ക് ഫോൺ ശരിയാക്കാൻ മതിയായ ആക്‌സസ് ലഭിക്കും. എന്നാൽ, ഇതിൽ ലഭ്യമായ ഉള്ളടക്കം ദുരുപയോഗം ചെയ്യാനും കഴിയില്ല. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകൾക്കുള്ള വലിയൊരു ആശങ്ക പരിഹരിക്കുന്ന കാര്യം തന്നെയാണ് ഇപ്പോൾ സാംസങ് കൊണ്ടുവന്നിരിക്കുന്നത്.

 

Read also… പരീക്ഷണാര്‍ഥം ഒരു പുതിയ ഫീച്ചറുമായി യൂട്യൂബ്

 

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close