മദ്യസത്കാരത്തിന് പകരം സാനിറ്റൈസര്‍ സത്കാരം?


Spread the love

ഹൈദരാബാദ്: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭ്യമല്ലാതായതോടെ ലഹരിക്ക് വേണ്ടി എന്തും കുടിക്കാമെന്ന അവസ്ഥയിലാണ് ചിലര്‍. ആന്ധ്ര പ്രദേശില്‍ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മദ്യപര്‍ ചേര്‍ന്ന് സാനിറ്റൈസര്‍ പാര്‍ട്ടി നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാനിറ്റൈസറിന് മദ്യത്തേക്കാള്‍ വില കുറവുള്ളതും ഇതിലേക്ക് കുടിയന്മാരെ ആകര്‍ഷിക്കുന്നതായി പൊലീസ് പറയുന്നു. തീരമേഖലയായ പ്രകാസം ജില്ലയില്‍ സ്ഥിരമായി സാനിറ്റൈസര്‍ കുടിക്കുന്ന 235 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ജില്ലയിലെ കുറിച്ചെഡു മണ്ഡലത്തില്‍ കഴിഞ്ഞയാഴ്ച സാനിറ്റൈസര്‍ കുടിച്ച് 16 പേരാണ് മരിച്ചത്. പ്രകാസം ജില്ലയില്‍ സാനിറ്റൈസറിന് അടിമപ്പെട്ട 235 പേരെ കണ്ടെത്തി കൗണ്‍സലിങ് നല്‍കുകയാണെന്ന് എസ്.പി സിദ്ധാര്‍ത്ഥ് കൗശല്‍ പറഞ്ഞു. കൂടുതല്‍ പേരെ കണ്ടെത്തുന്ന നടപടികളിലാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.കുറിച്ചെഡു, ദര്‍സി, വിനുകൊണ്ട മണ്ഡലങ്ങളില്‍ ഭൂരിഭാഗം പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണുകളാണ്. ഇവിടങ്ങളില്‍ മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതോടെയാണ് സ്ഥിരം മദ്യപാനികള്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ മദ്യത്തിന് പകരമായി കുടിക്കാന്‍ തുടങ്ങിയത്.വീടുകള്‍ തോറും നടത്തിയ പരിശോധനയില്‍ നൂറുകണക്കിന് കുപ്പി സാനിറ്റൈസര്‍ ശേഖരിച്ചുവെച്ചതായി പൊലീസ് കണ്ടെത്തി. സാനിറ്റൈസര്‍ കുടിച്ച് മരിച്ച രണ്ടുപേര്‍ ജൂലൈ 29ന് സാനിറ്റൈസര്‍ പാര്‍ട്ടി നടത്തിയിരുന്നു. ഇവരുടെ ഏതാനും ബന്ധുക്കളും പങ്കെടുത്തു. വെള്ളത്തിലും ശീതളപാനീയങ്ങളിലും ചേര്‍ത്ത് വളരെയേറെ അളവില്‍ ഇവര്‍ സാനിറ്റൈസര്‍ അകത്താക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close