
തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ റൂട്ടമാപ്പ് പുറത്തുവിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. മണക്കാട് ഐരാണിമുട്ടം ഭാഗത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ ബന്ധുവിന്റെ സഞ്ചാരപഥവും വിഎസ്എസ്സിയില് നിന്നും വിരമിച്ച വള്ളക്കടവ് സ്വദേശിയുടെ റൂട്ട്മാപ്പുമാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്. ഓട്ടോ ഡ്രൈവറുടെ ബന്ധുവിന് 26നാണ് രോഗം സ്ഥിരീകരിച്ചത്. പുകയില ഉല്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്കായി അഞ്ചോളം വാര്‍ഡുകളില്‍ ഇയാള്‍ യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ 18ന് കോവിഡ് സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ അടുത്ത ബന്ധുവാണ് ഇത്.
സ്റ്റേഷനറി കടയുടമയുടെ ഭാര്യയ്ക്കും 15 വയസ്സുള്ള മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടാം തിയതി ഭാര്യയുടെ ബ്യൂട്ടി പാര്‍ലറിന്റെ ഉദ്ഘാടന ചടങ്ങില്‍ 136 പേര്‍ക്കൊപ്പം ഇയാള്‍ പങ്കെടുത്തിരുന്നു. നാല്പതോളം കടയുടമകള്‍ ഇദ്ദേഹത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതായാണ് ഏകദേശ കണക്ക്. വിഎസ്എസ്സിയില് നിന്നും വിരമിച്ച ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. വള്ളക്കടവിലെ മാര്‍ക്കറ്റിലും സ്വകാര്യ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ ഇയാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
20ന് വെസ്റ്റ്ഫോര്‍ട്ടിലെ പ്രൈവറ്റ് ക്ലിനിക്കില്‍ പോയിട്ടുണ്ട്. 21ന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുത്തന്‍പാലം വള്ളക്കടവിലെ വീട്ടില്‍ തങ്ങി. 23ന് സഹോദരന്റെ വീട്ടിലെ കല്ല്യാണ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. രോഗം കടുത്തതിനെ തുടര്‍ന്ന് 25ന് അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സ്രവം പരിശോധിച്ചപ്പോഴാണ് പോസിറ്റീവ് ആയത്.