കേരളത്തിന്റെ സ്വപ്ന പാത : സിൽവർ ലൈൻ


Spread the love

എത്രത്തോളം യാത്രാസമയം കുറയുന്നുവോ, അത്രമാത്രം പ്രയോജനവും സുഖകരവുമാകുന്നു അത്യാവശ്യക്കാരുടെ യാത്രകൾ. അത്തരത്തിലൊരു യാത്രാ സംസ്കാരത്തിനായി, ഇതാ ‘സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ’ അഥവാ സിൽവർ ലൈൻ എന്ന പ്രൊജക്ക്ടിലൂടെ കേരളം ഒരുങ്ങുകയാണ്. 63941കോടി രുപ ചിലവ് വരുന്ന സിൽവർ ലൈൻ എന്ന കേരളത്തിന്റെ സ്വപ്ന റെയിൽ പദ്ധതിയിലൂടെ, പരിമിതമായ ചിലവിൽ മികച്ചതും സമയദൈർഘ്യം കുറഞ്ഞതുമായ അതിവേഗ റെയിൽ ഗതാഗതം കേരളത്തിന്റെ തെക്ക് വടക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. അതായത്, തെക്ക് നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റേയും,  വടക്ക് കാസർഗോഡിന്റേയും ഇടയിലെ 529 കിലോമീറ്റർ വെറും നാല് മണിക്കൂർ കൊണ്ട് ബന്ധിപ്പിക്കുന്നു.

സിൽവർ ലൈൻ പ്രോജക്ടിൽ, അതിവേഗ ട്രെയിനിന് വേഗത  മണിക്കൂറിൽ 200 കിലോമീറ്ററിൽ നിശ്ചയിച്ചതിലൂടെയാണ്, കേരളത്തിലെ തെക്ക് വടക്ക് പ്രദേശങ്ങളെ നാലുമണിക്കൂർ എന്ന അതിശയകരമായ സമയപരിധിയ്ക്കുള്ളിൽ ബന്ധിപ്പിക്കാൻ സെമി ഹൈസ്പീഡ് ട്രെയിനിന്  സാധിക്കുന്നത്. ഇപ്പോഴുള്ള സാഹചര്യത്തിൽ തിരുവനന്തപുരത്തു നിന്നും, 14 മണിക്കൂറോളം യാത്ര ചെയ്തു കാസർഗോഡ് എത്തുന്നതിനു പകരം സിൽവർ ലൈൻ പദ്ധതി നടപ്പിലായാൽ, പത്തുമണിക്കൂർ ലാഭിക്കാൻ സാധിക്കുന്നു. രണ്ട് റെയിൽവേ ട്രാക്കുകളിലൂടെയാണ് സെമി ഹൈസ്പീഡ് ട്രെയിൻ സർവീസ് തുടങ്ങാൻ പദ്ധതിയിടുന്നത്. പദ്ധതിയുടെ മറ്റു വശങ്ങൾ പരിശോധിക്കുകയാണെങ്കിൽ, 675 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനിൽ, ഒൻപത്‌ കാറുകൾ വീതമുള്ള ട്രെയിൻ  ഉപയോഗിക്കും. അതിൽ ബിസിനസ് ക്ലാസ്സിൽ ഓരോവശത്തും രണ്ട് സീറ്റ്‌ വീതവും, സ്റ്റാൻഡേർഡ് ക്ലാസ്സിൽ ഒരു വശത്തു മുന്നും, മറുവശത്തു രണ്ടു സീറ്റുകൾ വീതവും ഉൾപ്പെടുത്തും. സിൽവർ റെയിൽ പദ്ധതിയിലെ മൊത്തം ചിലവിന്റെ 52 ശതമാനം വായ്പയും, ബാക്കി ചിലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും ധനകാര്യ സ്ഥാപനങ്ങളും വഹിക്കും. കൂടാതെ, സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി നിർമ്മിക്കുന്ന പാതയുടെ കുറുകെ കടക്കാൻ ഓരോ 500 മീറ്ററിലും മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കും. സുരക്ഷ മുൻനിർത്തി പാതയുടെ ഇരുവശവും കോൺക്രീറ്റ് ഭിത്തികൾ ഉണ്ടായിരിക്കും. പാരീസ് ആസ്ഥാനമായ “സിസ്ട്ര” എന്ന കമ്പനിയാണ് കെ-റെയ്‌ലിനു വേണ്ടി പലതരം ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം, വിശദമായ പഠനം നടത്തി റിപ്പോർട്ട്‌ തയാറാക്കിയത്. ഭൂമി ഏറ്റെടുക്കലും പുനരധിവസിപ്പിക്കലും സർക്കാരിനു മുന്നിലുള്ള വെല്ലുവിളിയാണെങ്കിലും സിൽവർ ലൈൻ പദ്ധതി ധാരാളം തൊഴിലവസരങ്ങൾ  മുന്നോട്ടു വയ്ക്കുന്നുണ്ട്.

കേരള റെയിൽ ഡെവലപ്മെൻറ് കോർപ്പറേഷൻ അഥവാ കെ റെയിലിന്റേയും, ഇന്ത്യൻ റെയിൽവേയുടെയും, കേന്ദ്ര  ഗവൺമെന്റിന്റേയും സംയുക്ത പദ്ധതിയായ സിൽവർ ലൈൻ പ്രോജക്ടിലൂടെ യാത്ര സൗകര്യങ്ങൾക്ക് പുറമേ, ചരക്ക് ഗതാഗതത്തിനും വളരെ സാധ്യതയാണ് മുന്നിൽ തെളിയുന്നത്. കേരളത്തിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള ചരക്ക് ഗതാഗതത്തിന് വേഗത കൈവരുന്നതോടു കൂടി വാണിജ്യപരമായി വലിയ മുന്നേറ്റം കേരളത്തിന്റെ വ്യവസായ മേഖലയിൽ ഉണ്ടാകും. കൂടാതെ സിൽവർ ലൈൻ പ്രൊജക്റ്റ് വരുന്നതിലൂടെ റോഡിലെ ട്രക്കുകളുൾപ്പെടെയുള്ള വാഹനങ്ങൾ കുറയുകയും, തത്ഫലമായി വായു മലിനീകരണത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്യും. സെമി ഹൈസ്പീഡ് ട്രെയിൻ പദ്ധതി പോലെ തന്നെയായിരുന്നു നാം അതിവേഗ റെയിൽപാത എന്നൊരു സ്വപ്ന പദ്ധതിയെ സ്വീകരിച്ചത്. ആ പദ്ധതി പാതിവഴിയിൽ മുറിഞ്ഞുപോയ പോലൊരു ദുരവസ്ഥ സിൽവർ ലൈൻ പദ്ധതിക്ക് ഉണ്ടാവാതിരിക്കട്ടെ. ഇപ്പോൾ കേരള മന്തിസഭ സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും, ഇനിയും പദ്ധതി യാഥാർത്ഥ്യമാകാൻ പല കടമ്പകൾ കടക്കേണ്ടതുണ്ട്.  മലയാളികളുടെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പ്രോജക്ട് തുടങ്ങുന്ന ആ ശുഭ ദിനത്തിനായി നമുക്ക് കാത്തിരിക്കാം.

Read also: ചരക്കു കപ്പലുകളിലൂടെ ഒരു അറിവിന്റെ യാത്ര

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close