വീട്ടിലെ സാഹചര്യങ്ങൾ കാരണം ജോലിക്കു പോകുവാൻ കഴിയാതെ വെറുതെ വീട്ടിൽ ഇരിക്കുന്നവർക്കും, സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് താൽപര്യമുള്ളവർക്കും വീട്ടിൽ അച്ചാർ ഉണ്ടാക്കി വിറ്റു വരുമാനം നേടുവാൻ കഴിയും.
പാചകത്തിൽ താൽപര്യം ഉള്ളവർക്ക് അധികം ശാരീരിക അധ്വാനം ഇല്ലാതെ ചെയ്യാവുന്ന സംരംഭം ആണ് അച്ചാർ നിർമാണം. വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പലതരം അച്ചാറുകൾ ഉണ്ടാക്കി വിൽക്കാം. ആദ്യം ചുറ്റുവട്ടത്തുള്ള കടകളിലും മറ്റും വിൽക്കാനായി നൽകുക.ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നവർ വളരെ ഏറെയാണ്. ശെരിയായ രീതിയിൽ അച്ചാർ ഉണ്ടാക്കിയാൽ ഏകദേശം 6 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.
വീട്ടിലും പരിസരത്തുമുള്ള മാങ്ങ, നാരങ്ങ, നെല്ലിക്ക, പുള്ളിഞ്ചിക്ക, വെളുത്തുള്ളി, മുളക്, ജാതിക്കാ, മീൻ, ചെമ്മീൻ, പോത്തിറച്ചി, കോഴിയിറച്ചി എന്നിവ കൊണ്ടുള്ള അച്ചാറുകൾ നിർമ്മിച്ച് വിൽക്കാം. അച്ചാറു പൊടികൾ വാങ്ങി ചേർക്കാതെ പകരം മസാലപ്പൊടികൾ വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കുന്നത് ഗുണമേന്മ കൂട്ടും. ബി.പി ഉള്ളവരും കൊളസ്ട്രോൾ ഉള്ളവരുടെയും എണ്ണം കൂടിവരികയാണ്, അതിനാൽ ഉപ്പും, എണ്ണയും അധികം ചേർക്കാതെ ഇരിക്കുക, ഒരിക്കൽ വാങ്ങിയവർക്ക് അച്ചാറിന്റെ ഗുണമേന്മയും, രുചിയും കാരണം രണ്ടാമതും വാങ്ങുവാൻ തോന്നണം, എന്നാൽ മാത്രമേ സംരംഭം വിജയകരമായി നടത്തുവാൻ കഴിയുള്ളു. അച്ചാർ നിർമ്മിച്ച് കുപ്പികളിലോ, ഫുഡ് ഗ്രേഡ് കവറുകളിലോ നിറച്ച് ലേബൽ ഒട്ടിച്ച് ബ്രാൻഡ് ചെയ്ത് വിൽക്കാം. എല്ലാ കാലത്തും മാങ്ങ, നാരങ്ങ, നെല്ലിക്ക എന്നിങ്ങനെ ഉള്ളവ ലഭ്യമല്ലാത്തതിനാൽ ഓരോ സീസണിലും വിലക്കുറവിൽ ലഭ്യമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് അച്ചാർ നിർമ്മാണം നടത്തിയാൽ ലാഭകരമായി നടത്തുവാൻ കഴിയും. ചെറുകിട അച്ചാർ നിർമാതാക്കളിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് മെഴുകുതിരി ഉപയോഗിച്ച് അച്ചാർ പാക്കറ്റുകൾ സീൽ ചെയ്യൽ, ഇങ്ങനെ ചെയ്താൽ പാക്കറ്റിനുള്ളിൽ വായു കയറി അച്ചാറുകൾ വളരെ പെട്ടന്ന് കേടു വരുവാൻ സാധ്യതയുണ്ട്, അതിനാൽ പാക്കറ്റുകൾ സീൽ ചെയ്യുവാനായി ഇലക്ട്രിക്ക് സീലിംഗ് മെഷീൻ ഉപയോഗിക്കണം.
ഈ സംരംഭത്തിൽ നിന്ന് പ്രതിമാസം 50000 രൂപ വരെ ലാഭം ഉണ്ടാക്കാൻ സാധിക്കും. പ്രിസർവേറ്റിവ്സ് ചേർക്കാതിരിക്കുകയും അത് ലേബലിൽ സുചിപ്പിക്കുകയും ചെയ്താൽ അച്ചാറുകളുടെ വിൽപ്പന കുടും. നിർമ്മാണ പ്രവർത്തനത്തനങ്ങൾ വീട്ടിലുള്ളവരുടെയോ അടുത്തുള്ള സ്ത്രീകളുടെയോ സഹായത്താൽ നടത്താം. ഭംഗിയുള്ള പാക്കിങ്ങിൽ ബ്രാൻഡ് നെയിമോടുകൂടി വിപണനം നടത്തുക. F.S.S.A.I, G.S.T, M.S.M.E പോലെയുള്ള ആവശ്യമായ ലൈസൻസുകൾ നേടുക.
അച്ചാർ നിർമാണത്തെ കുറിച്ച് അറിവില്ലെങ്കിൽ കേരളത്തിലെ കാർഷിക, ഭക്ഷ്യ സംസ്കരണ, ചെറുകിട വ്യവസായ രംഗത്ത് 2014 മുതൽ പ്രവർത്തിച്ചു വരുന്ന ഇൻക്യുബേഷൻ സെന്ററായ പിറവം അഗ്രോ പാർക്കിൽ അച്ചാർ നിർമാണത്തെ കുറിച്ച് ട്രെയിനിങ് ലഭ്യമാണ്. വിദേശത്ത് നിന്നും തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്കും, ചെറുകിട സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി സൗജന്യ എൻ.ആർ.ഐ. ഇൻക്യുബേഷൻ ഫെസിലിറ്റിയും ഏർപ്പെടുത്തിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ, ഇതര ചെറുകിട വ്യവസായങ്ങൾ എന്നീ മേഖലകളിൽ സംരഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യമേ തന്നെ വലിയ മുതൽമുടക്ക് നടത്തി യന്ത്രങ്ങളും, സംവിധാനങ്ങളും സ്ഥാപിക്കുന്നതിന് പകരമായി അഗ്രോ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് അവിടെയുള്ള വിദഗ്ധരുടെ മേൽനോട്ടത്തിൽ സ്വന്തം ബ്രാൻഡിൽ ഉല്ലന്നങ്ങൾ വിപണിയിലെത്തിക്കന്നുതിനുള്ള പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. ഉത്പന്നങ്ങളുടെ പായ്ക്കിഗ്, സംസ്കരണം, ടെസ്റ്റ് മാർക്കറ്റിംഗ് തുടങ്ങിയവയ്ക്കും ഇവിടെനിന്നും സഹായങ്ങൾ ലഭ്യമാകും.ഇത്തരത്തിൽ അഗ്രോ പാർക്കിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സ്വന്തം സംരംഭങ്ങൾ തുടങ്ങിയാൽ അറിവില്ലാത്ത സംരംഭങ്ങളിൽ മുതൽ മുടക്കി നടത്തി നഷ്ടം നേരിടുന്ന അനുഭവം ഒഴിവാക്കാം. വലിയ തോതിൽ അച്ചാർ നിർമ്മാണ സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളായ മൈസൂരിലെ C.F.T.R.I. സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസ്സിംഗ് ടെക്നോളജി എന്നിവിടങ്ങളിലെ പ്രൊഫഷണൽ ട്രൈയിനിങ് കോഴ്സുകളിൽ പങ്കെടുത്താൽ അച്ചാറുകളുടെ ഷെൽഫ് ലൈഫ് കൂട്ടുവാനും അങ്ങനെ നഷ്ടസാധ്യതകൾ ഒഴിവാക്കി വിജയകരമായി സംരംഭം നടത്തുവാൻ കഴിയും.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക. http://bitly.ws/8Nk2