ആർക്കും ആരംഭിക്കാവുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ


Spread the love

സാധാരണക്കാർക്കും യുവജനങ്ങൾക്കും വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും മറ്റു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വീട്ടിലിരുന്നു തന്നെ ചെറിയ ജോലികൾ വഴി മികച്ച വരുമാനം നേടാം. ചില ജോലികൾ ആർക്കും ചെയ്യാം, ചിലതിനു ചെറിയ കഴിവുകൾ വേണം, മറ്റു ചില ജോലികൾക്കാകട്ടെ നല്ല തലച്ചോറും ദീർഘ വീക്ഷണവും വേണം. ആദ്യം വേണ്ടത് തനിക്കു ഏത് മേഖലയിലാണ് അഭിരുചി, എന്ത് കഴിവാണുള്ളത്? എന്ന് സ്വയം കണ്ടെത്തുകയാണ്. എന്തെങ്കിലും ഒരു കഴിവ് ഇല്ലാത്തവരായി ലോകത്ത് ആരുമില്ല.അത് കണ്ടെത്തി ഒന്ന് പൊടി തട്ടിയെടുത്താൽ തീർക്കാവുന്ന സാമ്പത്തിക പ്രശ്നമേ ഇപ്പോൾ മിക്കവാറും പേർക്കുമുണ്ടാകൂ. ജോലികളിൽ പണം മുടക്കേണ്ടാത്തവയും നിക്ഷേപം നടത്തേണ്ടവയും ഉണ്ട്. അവയെ യുക്തി പൂർവ്വം തിരഞ്ഞെടുക്കുക.

1.മുട്ടക്കോഴി വളർത്തൽ.
ഭാരിച്ച മുടക്കു മുതൽ ഇല്ലാതെ തുടങ്ങാവുന്ന ഒരു ബിസിനെസ്സ് ആണ് മുട്ടക്കോഴി വളർത്തൽ. പ്രായ ഭേദമന്യേ ആർക്കും വീട്ടിൽ കോഴി വളർത്താം. വീട്ടവശിഷ്ടങ്ങൾ നൽകി വളർത്തി മുട്ടയും ഇറച്ചിയും ഉൽപാദിപ്പിക്കാം. മുതൽ മുടക്കാൻ തയ്യാറുള്ളവർക്ക് കോഴി ഫാം തുടങ്ങാം.മുട്ട, ഇറച്ചി, മുട്ടക്കോഴി കുഞ്ഞുങ്ങൾ, പിടക്കോഴി, പൂവൻ കോഴി എന്നിങ്ങനെ തരം തിരിച്ചു വിപണനം ചെയ്യുന്നതിലൂടെ ആദായം നേടാം.

2.പശു, ആട്, പന്നി വളർത്തൽ.
ഒരു വീട്ടിൽ ഒരു പശു വളർത്തുന്നതിലൂടെ തന്നെ ആ വീട്ടിലേക്ക് ആവശ്യമായ പാൽ ലഭിക്കും. അത്യുല്പാദന ശേഷി ഉള്ളവയാണെങ്കിൽ അയൽ വീടുകളിലേക്കും ചായ കടകളിലേക്കും നൽകാൻ കഴിയുന്ന രീതിയിൽ പാൽ ഉൽപാദിപ്പിക്കാം. വലിയ രീതിയിൽ പശു, ആട്, പന്നി വളർത്താൻ കഴിയുന്നവർക്ക് പാൽ, ചാണകം, ആട്- പന്നി ഇറച്ചിയുടെ ഉല്പാദനവും സംസ്കരണവും വഴി നേട്ടം കൊയ്യാം.

3.കൃഷി
സ്വന്തമായി ഭൂമിയുള്ളവർക്കും അല്ലാത്തവർക്ക് പാട്ടത്തിനെടുത്തും കൃഷി ചെയ്യാം. വളരെ പെട്ടെന്ന് അധിക വിള നൽകുന്ന വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യാം. കൃഷി വകുപ്പിന്റെ സഹായം വഴി കൃഷി വിപുലപ്പെടുത്താം. കൃഷി ചെയ്യാൻ താല്പര്യമില്ലാത്തവർക്കു വിളകൾ കർഷകരുടെ കയ്യിൽ നിന്നും മൊത്തമായി വാങ്ങിച്ചു ചന്തയിൽ എത്തിച്ച് വിപണനം ചെയ്യാം.

4.മത്സ്യ കൃഷി
കുളങ്ങൾ, തോടുകൾ, മറ്റു ജലാശയങ്ങൾ ഉപയോഗിച്ച് മത്സ്യ കൃഷി നടത്താം. അല്പം മുതൽ മുടക്കും പരിശീലനവും വേണ്ടതിനാൽ ഫിഷറീസ് വകുപ്പ് നിങ്ങളെ സഹായിക്കും.

5.കുടിൽ വ്യവസായങ്ങൾ
സ്വന്തമായി പാചകം ചെയ്യാൻ കഴിവുള്ളവരാണോ നിങ്ങൾ. എങ്കിൽ പലഹാരങ്ങൾ, അച്ചാറുകൾ, ചമ്മന്തി പൊടി, പപ്പടം, സ്ക്വാഷ്, മസാല പൊടികൾ നിർമിച്ചു വിൽക്കാം. ദോശ മാവ്, ഇഡ്ഡലി മാവ്, വിവിധ തരം കറികൾക്കുള്ള അരപ്പുകൾ എന്നിവ നിർമിച്ചു പട്ടണത്തിലെ വർക്കിംഗ്‌ ലേഡീസിന് വിൽക്കാം. സിറ്റികളോട് ചേർന്ന് വീടുള്ളവർക്കും പ്രധാന റോഡിനു വശങ്ങളിൽ വീടുകൾ ഉള്ളവർക്കും വീട്ടിൽ ഭക്ഷണം ഒരുക്കി അതിഥികളെ ക്ഷണിക്കാം. അത്തരം സൗകര്യങ്ങൾ ഇല്ലാത്തവർക്ക്‌ പൊതിച്ചോർ ഉണ്ടാക്കി കമ്പനികൾ, ഹോസ്പിറ്റലുകൾ, തുടങ്ങിയ ഇടങ്ങളിൽ ഓർഡർ അനുസരിച്ചു നൽകാം.

6.വസ്ത്രങ്ങൾ തയ്ച്ചു നൽകുക
അല്പം കഴിവും ഭാവനയും ഉള്ളവർക്കു ഒരു സ്റ്റിച്ചിങ് മെഷ്യന്റെ സഹായത്തോടെ ചെയ്യാവുന്ന ജോലി ആണിത്. അയല്പക്കത്തേക്കു തയ്ച്ചു നൽകുന്ന പോലെ തന്നെ കുഞ്ഞുടുപ്പുകൾ, ഷർട്ടുകൾ, മാക്സികൾ എന്നിവ തയ്ച്ചു കടകളിൽ നൽകാം. അല്പം ഭാവനയും സമയവും ക്ഷമയും ഉള്ളവർക്കു കഴിവ് അനുസരിച്ചു വസ്ത്രങ്ങളിൽ അലങ്കാര പണികൾ ചെയ്തു നൽകാം, പെയിന്റിംഗ് ചെയ്തു നൽകാം, മുത്തുകളും കല്ലുകളും പിടിപ്പിച്ചു നൽകാം. ഒരു കടമുറി കൂടി ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ ബിസിനെസ്സ് കൂടുതൽ വിപുലപ്പെടുത്താം.

7.ആഭരണങ്ങൾ ഉണ്ടാക്കി നൽകാം.
വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഒഴിവു സമയങ്ങളിൽ ചെയ്യാവുന്ന ജോലിയാണിത്.കല്ലുകൾ, മുത്തുകൾ, വിവിധ തരം നൂലുകൾ, പേപ്പറുകൾ, കമ്പികൾ, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് കമ്മൽ, വള, മാല, ബ്രേസ്‌ലെറ് നിർമിച്ചു നൽകാം. ഉൽപ്പന്നത്തിന് പ്രചാരം ലഭിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാം.

8.ഹോബികൾ പണമാക്കി മാറ്റം
പലർക്കും കരകൗശല വസ്തുക്കൾ നിർമിക്കുന്നതിൽ അഭിരുചി കാണും. അവർക്കു അത് പണമാക്കി മാറ്റാം. ഫ്ലവർ വേസ്, ബോട്ടിൽ ആർട്ട്‌, പ്ലാസ്റ്റിക് -പേപ്പർ ക്രാഫ്റ്റ്, ഷോകേസ് ഐറ്റംസ് തുടങ്ങിയവ നിർമിച്ചു വിൽക്കാം. പെയിന്റിംഗ് നിർമിച്ചു നൽകാം, അലങ്കാര ചെടികൾ, നഴ്സറികളിൽ വിത്തുല്പാദനം നടത്തി ഉണ്ടാക്കിയ തൈകൾ എന്നിവ വിപണനം നടത്താം.

9.ഓൺലൈൻ ജോബുകൾ
ഒരു മൊബൈൽ അല്ലെങ്കിൽ ലാപ്ടോപ് ഉപയോഗിച്ച് ചെയ്യാവുന്ന ഒട്ടനേകം ജോലികൾ നമുക്ക് ചുറ്റുമുണ്ട്. കണ്ടന്റ് റൈറ്റിംഗ്, കോപ്പി പേസ്റ്റ് ജോബ്, സർവ്വേകളിൽ പങ്കെടുക്കുക, ആപ് റിവ്യു ചെയ്യുക തുടങ്ങിയവ പ്രത്യേകിച്ച് മുതൽമുടക്ക് വേണ്ടാത്ത ഓൺലൈൻ ജോബുകൾ ആണ്. നന്നായി എഴുതാൻ കഴിയുന്നവർക്ക് ബ്ലോഗിങ്ങ് തുടങ്ങാം. സ്വന്തമായി വെബ്സൈറ്റ് നിർമിക്കാം.

10.ഒരു കമ്പ്യൂട്ടറും ഓഫീസ് മുറിയും ഉണ്ടോ?
എങ്കിൽ നിങ്ങൾക്കു ഒരു അഡ്വെർടൈസിങ് കമ്പനി തുടങ്ങാം. ഗ്രാഫിക് ഡിസൈൻ ചെയ്ത് കൊടുക്കാം. കമ്പനികൾക്ക് വേണ്ട പരസ്യം, സ്ലോഗൻ, ലോഗോ ഡിസൈൻ ചെയ്തു കൊടുക്കാം. അല്ലെങ്കിൽ വിസിറ്റിംഗ് കാർഡ്, ബ്രോഷർ, ഇൻവിറ്റേഷൻ കാർഡുകൾ നിർമിച്ചു നൽകാം. ഓൺലൈൻ ജോബ് കൺസൾട്ടൻസി തുടങ്ങാം. ഇതിനെല്ലാം പക്ഷെ മുതൽ മുടക്കും കഠിന പ്രയത്നവും കാത്തിരിക്കാനുള്ള ക്ഷമയും വേണം. പരിജ്ഞാനമുള്ളവർക്ക്‌ ബിസിനെസ്സ് ആപ്പുകൾ നിർമിച്ച് നൽകാം.

11.ട്യൂഷൻ സെന്റർ നടത്താം.
പഠിപ്പിക്കാനുള്ള കഴിവുണ്ടോ?എങ്കിൽ വീട്ടിൽ തന്നെ ട്യൂഷൻ എടുക്കാം. അല്ലെങ്കിൽ ഒരു ട്യൂഷൻ സെന്റർ തുടങ്ങാം. ഒരു കമ്പ്യൂട്ടർ ഉണ്ടെങ്കിൽ ഓൺലൈൻ ട്യൂഷനും ആരംഭിക്കാം. സാധാരണ സ്കൂൾ, കോളേജ് ക്ലാസിനു പുറമെ സ്പോക്കൺ ഇംഗ്ലീഷ്, പി എസ് സി കോച്ചിങ് പോലെയുള്ളവ തുടങ്ങാം.

12.കുഞ്ഞുങ്ങളെ നോക്കാമോ?
ജോലി നോക്കുന്ന അമ്മമാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ മറ്റേർണിറ്റി ലീവും കഴിഞ്ഞു ജോലിയിൽ പ്രവേശിക്കുന്ന അമ്മമാരുടെ ഏറ്റവും വലിയ തലവേദനയാണ് കുഞ്ഞിനെ നോക്കാൻ ആളില്ലാത്തത്. അങ്ങനെ ഉള്ളവരെ സഹായിക്കാൻ ഡേ കെയർ സ്ഥാപനം തുടങ്ങാം. ഭാവനശേഷിയും ക്ഷമയും ഉള്ളവർക്ക്‌ ഒരു വലിയ വരുമാനം ഇത് വഴി നേടാം.

13. പേപ്പർ ബാഗ് നിർമാണം.
കേരളം പ്ലാസ്റ്റിക് വിമുക്തമാകാൻ ശ്രമിക്കുന്ന ഈ അവസരത്തിൽ വീട്ടിലിരുന്നു തന്നെ വിവിധ തരത്തിലുള്ള പേപ്പർ ബാഗുകൾ നിർമിക്കാം. തുണി കൊണ്ടുള്ള സഞ്ചികളും മറ്റും നിർമിച്ച് ഷോപ്പുകളിൽ നൽകാം.

14.ചെറുകിട വ്യവസായങ്ങൾ
വലിയ രീതിയിലുള്ള മുടക്കുമുതൽ, ജോലിക്കാർ, മെഷീനറികൾ ആവശ്യമില്ലാത്ത ചെറുകിട വ്യവസായങ്ങൾ തുടങ്ങാം. വീട്ടിൽ തന്നെ കുറച്ചു സ്ഥലം കണ്ടെത്തി സാനിറ്റൈസർ, സോപ്പുകൾ, ടോയ്ലറ്റ് ക്‌ളീനിംഗ് ലോഷൻ, ബാഗുകൾ, ഡിഷ്‌ വാഷിംഗ്‌ ബാറുകൾ തുടങ്ങിയവ നിർമിച്ചു നൽകാം.

15.റീപാക്കിങ് യൂണിറ്റുകൾ
അല്പം പണം ചിലവാക്കിയാൽ നല്ല വരുമാനം നേടാവുന്നതാണ് റീപാക്കിങ് യൂണിറ്റുകൾ. മഞ്ഞൾ, മല്ലി, മുളക്, ചായപ്പൊടി, പഞ്ചസാര, പരിപ്പ് വർഗ്ഗങ്ങൾ എന്നിവ അല്പം വലിയ തോതിൽ മൊത്തമായി വാങ്ങിച്ച്‌ വീട്ടിലിരുന്നു തന്നെ ചെറിയ തൂക്കത്തിലുള്ള പാക്കുകൾ ആക്കി വിൽക്കാം.

ജോലികൾ ഇവിടെ തീരുന്നില്ല. ഒന്നാലോചിച്ചാൽ അല്പം ശ്രമിച്ചാൽ നമുക്ക്‌ ചേരുന്ന ജോലികൾ നമുക്ക് തന്നെ കണ്ടുപിടിക്കാം.ഒറ്റക്കോ കൂട്ടമായോ പ്രവർത്തിച്ച് ആദായം കണ്ടെത്താം. ഏത് ജോലിക്കും വേണ്ടത് സ്ഥിരോത്സാഹവും ക്ഷമയും കഠിനാധ്വാനവുമാണ്. ഇതുണ്ടെങ്കിൽ നിങ്ങൾക്കും തീർച്ചയായും വിജയിക്കാനാകും.

Ad Widget
Ad Widget

Recommended For You

About the Author: admin

Close