
വീട്ടമ്മമാർക്ക് അല്പം പരിശ്രമം നടത്തിയാൽ വിജയിപ്പിച്ചെടുക്കാവുന്ന സംരംഭമാണ് ഉണ്ണിയപ്പം നിര്‍മ്മാണം. വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വീട്ടമ്മമാര്‍ക്ക് തുടങ്ങാവുന്ന സംരംഭം ആണിത്. വളരെ വിശാലമായ വിപണിയും ഉയര്‍ന്ന ഡിമാന്റും ഉണ്ണിയപ്പം ബിസിനസ്സിന് അനുകൂലമാണ്.ചെറിയ രീതിയിലുള്ള ഉണ്ണിയപ്പം നിർമ്മാണത്തിനായി ആവശ്യമുള്ള മുതല്‍മുടക്ക് ഏകദേശം 25000 രൂപയാണ്.
ദിവസം 1000 ഉണ്ണിയപ്പം വീതം ഒരു മാസം ഉണ്ടാക്കി വിതരണം ചെയ്യാന്‍ ആവശ്യമായ തുക ഏകദേശം 25000 രൂപ വരും. ഇതിലൂടെ ദിവസം 1700 രൂപ വരെ വരുമാനം ഉണ്ടാക്കാം. അങ്ങനെ നോക്കുകയാണെങ്കില്‍ മാസം 51000 രൂപ വരുമാനം ഇതിലൂടെ ഉണ്ടാക്കാം. ചെലവും കഴിച്ച് 26000 രൂപ ലാഭം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.ആദ്യം ചെറിയ അളവില്‍ മാത്രമേ നിര്‍മ്മാണം ആരംഭിക്കാവൂ. വില്പന ഉറപ്പ് വരുത്തിയ ശേഷം കൂടുതൽ തോതിൽ നിർമ്മാണം തുടങ്ങാം.
2. ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കള്‍ മാത്രം നിര്‍മ്മാണത്തിന് ഉപയോഗിക്കുക.
3. ആകര്‍ഷകമായ പാക്കിംഗില്‍ ബ്രാന്‍ഡ് നെയിമോടുകൂടി വിപണനം നടത്താന്‍ ശ്രദ്ധിക്കുക.
4. F.S.S.A.I, G.S.T പോലുള്ള ലൈസന്‍സുകള്‍ എടുക്കണം.
5. വിറ്റഴിയുവാൻ സാധ്യതയുള്ള അത്രയും മാത്രം കടകളിൽ വെക്കുക, കൂടുതലായി വിതരണം ചെയ്താൽ ഉണ്ണിയപ്പം കേടായി പോകുകയും, തിരികെ എടുക്കേണ്ടി വരികയും അങ്ങനെ പണനഷ്ടം ഉണ്ടാകുകയും ചെയ്യും.
6.ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം വരുകയാണെങ്കില്‍ മെഷിനറികള്‍ സ്ഥാപിച്ച് വിപുലീകരിക്കാവുന്നതാണ്.
1000 ഉണ്ണിയപ്പം ഉണ്ടാകുന്ന രീതി
ചേരുവകൾ
1. പച്ചരി – 10 കിലോ.
2.ശർക്കര – 8 കിലോ
3. പഴം – 2 കിലോ
4. ഏലക്ക – 100 ഗ്രാം
5.സോഡാപ്പൊടി – ഒരു സ്പൂൺ
6.തേങ്ങ – 2-3 എണ്ണം
7. എള്ള് – 100 ഗ്രാം
10 കിലോ പച്ചരി 3 മുതൽ 4 മണിക്കൂർ വരെ കുതിരാൻ വയ്ക്കണം. ശേഷം നന്നായി വെള്ളം കളഞ്ഞ് ഉണക്കി പൊടിച്ചെടുക്കണം. 2-3 തേങ്ങ ചെറുതായി അറിഞ്ഞതും 100 ഗ്രാം എള്ളും കൂടി നെയ്യിൽ വറുത്തെടുക്കണം. 10 കിലോ മാവിന് 8 കിലോ ശർക്കര വേണ്ടി വരും. ശർക്കര നന്നായി ഉരുക്കി അരിച്ചെടുക്കണം. അതിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന പച്ചരി ചേർത്തിളക്കിയെടുക്കണം. ആവശ്യത്തിന് ഉപ്പും ചേർത്തുകൊടുക്കുക. ശേഷം 2 കിലോ പാളയംതോടന്‍ പഴവും, ഏലക്കായും ചേർത്ത് മിക്സിയിൽ അരച്ചെടുക്കണം. ആ മിശ്രിതം ഇതിലേക്കു ചേർത്ത് ഇളക്കിയശേഷം കുറച്ചു സോഡാപ്പൊടി ഇട്ട് രണ്ടുമണിക്കൂർ മാറ്റിവയ്ക്കണം. രണ്ടു മണിക്കൂറിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കിതുടങ്ങാവുന്നതാണ്. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത്, രുചി കുറവായുവാനും, ഉണ്ണിയപ്പം സ്ഥിരമായി കഴിക്കുന്നവർക്ക് രോഗങ്ങൾ ഉണ്ടാകുവാനും ഇടയാക്കും. ഒരിക്കൽ ഉപയോഗിച്ച എണ്ണ ഫിൽറ്റർ ചെയ്തു സുരക്ഷിതമായി പുനരുപയോഗിക്കുവാനുള്ള ഉപകരണങ്ങൾ ലഭ്യമാണ്. ഉല്പന്നത്തിന്റെ വിപണി വളർന്നു കഴിച്ചാൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് എണ്ണയുടെ ചിലവ് കുറക്കാവുന്നതുമാണ്. ഉപയോഗിച്ച എണ്ണ എൻജിൻ ഓയിൽ നിർമിക്കുവാനായി വിലക്കെടുക്കുന്നവർക്കു വിൽകാവുന്നതാണ്.
മുന്‍കൂര്‍ ഓര്‍ഡര്‍ അനുസരിച്ച് ഉല്‍പ്പാദനം ക്രമീകരിക്കുന്നത് ഉല്‍പ്പന്നം ബാക്കിവരുന്നതും അത് വഴി ഉണ്ടാകുന്ന പണനഷ്ടവും കുറയ്ക്കും. കൂടാതെ കുടുംബാംഗങ്ങളുടെ സഹകരണം ഉണ്ടെങ്കിൽ ചെലവുകള്‍ കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കും.
വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് ജോലിക്കു പോകുവാൻ കഴിയാതെ വീട്ടിൽ വെറുതെ ഇരിക്കുന്നവർക്കും, സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് താൽപര്യമുള്ളവർക്കും ഉണ്ണിയപ്പം നിർമ്മാണം ആരംഭിക്കാവുന്നതാണ്.
ഉണ്ണിയപ്പത്തിനോടൊപ്പം തന്നെ വീട്ടിൽ നിർമ്മിക്കാവുന്ന അനേകം ഉല്പന്നങ്ങൾ ഉണ്ട്, അതിനെ കുറിച്ചുള്ള വിവരങ്ങൾ അടുത്ത പോസ്റ്റിൽ പങ്കുവെക്കുന്നതാണ്, അടുത്ത പോസ്റ്റ് ലഭിക്കുവാനായി ഈ പേജ് ഇപ്പോൾ തന്നെ like ചെയ്യുക Expose Kerala
ഈ ലേഖനം നിങ്ങൾക്ക് പ്രയോജനപ്രദം ആയെങ്കിൽ മറ്റുള്ളവർക്ക് കൂടി share ചെയ്യുക.
അച്ചാർ നിർമ്മാണത്തെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക വീട്ടമ്മമാർക്ക് അച്ചാർ നിർമിച്ചു വിറ്റ് വരുമാനം നേടാം.