സ്റ്റാലിയൻ 4×4 ട്രക്കുകൾ


Spread the love

ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിലെ മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു, 1948-ൽ രഘുനന്ദൻ ശരൺ എന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി സ്ഥാപിച്ച അശോക് മോട്ടോർസ്. ആദ്യകാലത്ത് ഓസ്റ്റിൻ മോട്ടോർസ് എന്ന ബ്രിട്ടീഷ് വാഹന നിർമ്മാണ കമ്പനിയുടെ കാറുകൾ ഇന്ത്യയിൽ, ആസ്സാമിലെ ദിബ്രുഗർഹ് ആസ്ഥാനമാക്കി  അസ്സംബിൾ ചെയ്തിരുന്നത് അശോക് മോട്ടോർസ് ആയിരുന്നു. തുടർന്ന്, ബ്രിട്ടീഷ് ആസ്ഥാനമായ ലെയ്ലാൻഡ് മോട്ടോർസ് കൂടി അശോക് മോട്ടോഴ്സിൽ പങ്കാളിയായപ്പോൾ അശോക് ലെയ്ലാൻഡ് എന്ന കമ്പനി കൂടുതൽ ശക്തി പ്രാപിച്ചു. ഒടുവിൽ 2007-ൽ, ഉടമസ്ഥാവകാശം പലരിൽ നിന്നും മാറി മറിഞ്ഞ് ഇന്ത്യൻ അസ്തിത്വമുള്ള ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുജ ഗ്രൂപ്പിൽ വന്നു ചേർന്നു. തുടർന്ന്, ഇന്ത്യയിൽ അശോക് ലെയ്‌ലാൻഡ് ചെന്നൈ ആസ്ഥാനമായി ഹിന്ദുജ ഗ്രൂപ്പിന്റെ കീഴിൽ ബസുകളുടെയും, ട്രക്കുകളുമുൾപ്പെടെ ഓട്ടോമൊബൈൽ മേഖലയിൽ സജീവസാന്നിധ്യമായി. ഇത്തരത്തിൽ വാഹന നിർമ്മാണ മേഖല വളരുന്നതിനോപ്പം ഹിന്ദുജ ഗ്രൂപ്പ്‌ 2008-ൽ തുടക്കമിട്ട അശോക് ലെയ്ലാന്ഡിന്റെ മിലിറ്ററി വാഹന നിർമാണ ശാഖയാണ് അശോക് ലെയ്ലാൻഡ് ഡിഫെൻസ് സിസ്റ്റം അഥവാ എ.എൽ.ഡി.എസ്.

                 

പല ശ്രേണിയിലുമുള്ള മികച്ച വാഹനങ്ങൾ മിലിട്ടറിക്ക് നിർമ്മിച്ചു നല്കിയവയിൽ എ എൽ ഡി എസ്സിന്റെ ശ്രദ്ധേയമായ ഡിഫെൻസ് ട്രക്കാണ്, സ്റ്റാലിയൻ 4×4 ശ്രേണിയിൽ വരുന്നവ. സ്റ്റാലിയന്റെ 4×4 എന്ന കോൺഫിഗറേഷനിൽ സ്റ്റാലിയൻ എം കെ 3 ആയിരുന്നു 160 hp എഞ്ചിൻ കരുത്തുമായി ആദ്യം ശ്രദ്ധേയമായത്. തുടർന്ന്, എ എൽ ഡി എസ്,  സ്റ്റാലിയൻ എം കെ 3യെ 177 hp എഞ്ചിൻ പവറുള്ള എഞ്ചിനോടുകൂടി പുതുക്കി കൂടുതൽ കരുത്തുറ്റ സ്റ്റാലിയൻ എം കെ 4 മിലിട്ടറിക്കായ് നിർമിച്ചു നൽകി.

                      

സ്റ്റാലിയൻ 4×4-ന്റെ, ന്യൂതന മോഡലിൽ മരുഭൂമി പോലുള്ള ഭൂപ്രദേശത്തുൾപ്പെടെ സുഗമമായി മിലിട്ടറി ട്രൂപ്പിന് സഞ്ചരിക്കാൻ സാധിക്കുന്നു. മണൽപ്പരപ്പുള്ള പ്രദേശങ്ങളിൽ, 5 ടൺ വഹിച്ചു കൊണ്ട് പോകാൻ കഴിയുന്ന ട്രക്കുകൾ കാഠിന്യമേറിയ റോഡിൽ, 7.5 ടൺ വരെ വഹിക്കുന്നു. ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിൽ കുതിയ്ക്കുന്ന ആറ് ട്രാൻസ്മിഷൻ ഗിയർ ബോക്സിന്റെ ബലത്തിൽ പരമാവധി വേഗം മണിക്കൂറിൽ  82 കി.മി മുന്നേറാൻ കഴിയുന്നു. തന്ത്രപ്രധാന ദൗത്യങ്ങൾക്ക് ട്രൂപ്പായി ആയുധധാരികളായ   സൈനികർക്ക് സഞ്ചരിയ്ക്കാൻ കഴിയുന്ന വിധത്തിൽ സ്റ്റാലിയന്റെ പിൻഭാഗം ഘടന ചെയ്തിരിക്കുന്നു. അതിനൊപ്പം രണ്ട് പേർക്കനുയോജ്യമായ രീതിയിൽ സ്ലീപ്പർ ക്യാബിനും ക്രമപ്പെടുത്തിയിരിക്കുന്നു. കൂടാതെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാൻ യൂറോ 2 വിഭാഗത്തിലാണ് സ്റ്റാലിയൻ 4×4 കോൺഫിഗറേഷനിലെ വാഹനം നിർമിക്കുന്നത്.

             

ഇന്ത്യൻ പ്രതിരോധമന്ദ്രാലയത്തിനു കീഴിലുള്ള വെഹിക്കിൾ ഫാക്ടറി ജബൽപൂരിൽ നിർമ്മിച്ചിറക്കുന്ന അശോക് ലെയ്ലാൻഡ് ഡിഫെൻസ് സിസ്റ്റത്തിന്റെ സ്റ്റാലിയൻ വിഭാഗത്തിലുൾപ്പെട്ട വാഹനങ്ങൾ, മിലിട്ടറിയുടെ ശക്തിമാൻ ട്രക്കുകൾക്ക് പകരക്കാരനായി, 2010 മുതൽ മിലിട്ടറിയിൽ സജീവസാന്നിധ്യമാണ്. അതിന്റെ പ്രധാന കാരണം ശക്തിമാൻ ട്രക്കുകളുടെ കാലഹരണപ്പെട്ട സാങ്കേതിക സംവിധാനത്തേക്കാൾ മികച്ചതും കൂടാതെ മരുഭൂമി മുതൽ ഹിമ പ്രദേശം വരെ സ്ഥിരതയാർന്ന മുന്നേറ്റം കാഴ്ചവയ്ക്കാൻ സ്റ്റാലിയനു കഴിയുന്നു എന്ന വസ്തുത കൊണ്ടുമാണ്. അത്തരത്തിൽ മിലിട്ടറിയുടെ പ്രധാന വാഹനമായി സ്റ്റാലിയൻ 4×4 ട്രക്കുകൾ മാറിക്കഴിഞ്ഞു. അവയ്ക്കൊപ്പം സ്റ്റാലിയന്റെ മറ്റ് മോഡലുകളും.

Read also: മഹീന്ദ്ര മൈൻ പ്രൊട്ടക്ടഡ് വെഹിക്കിൾ 

വാഹനങ്ങളെകുറിച്ചുള്ള അപ്ഡേറ്റുകൾ ലഭിക്കുവാനായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ചേരുക. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു  Motor Mechanics

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close