
സ്റ്റീൽ സ്ലാഗ് മാത്രം ഉപയോഗിച്ച് കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ റോഡുള്ള നഗരം എന്ന നേട്ടം ഇനി സൂറത്തിന് സ്വന്തം. വിവിധ ഇൻഡസ്ട്രികളിൽ വരുന്ന വേസ്റ്റുകളാണ് നിർമ്മാണത്തിൽ നൂറു ശതമാനവും ഉപയോഗിച്ചത്. കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് , സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര സ്റ്റീൽ മന്ത്രാലയം, തിങ്ക്-ടാങ്ക് നീതി ആയോഗ്, ആർസെലോർമ്ട്ടൽ – നിപ്പോൺ സ്റ്റീൽ എന്നീ സംഘടനകൾ ചേർന്നുകൊണ്ടാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. നിർമ്മാണം പൂർത്തിയായതിനു പിന്നാലെ കേന്ദ്ര സ്റ്റീൽ മന്ത്രി രാം ചന്ദ്രപ്രസാദ് സിംഗ് കഴിഞ്ഞ ബുധനാഴ്ച പാത ഉദ്ഘാടനവും ചെയ്തു.
സ്റ്റീൽ സ്ലാഗ് കൊണ്ട് നിർമ്മിച്ച റോഡിന്റെ നിർമ്മാണ ചെലവ് സാധാരണ അസംസ്കൃത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച റോഡുകളേക്കാൾ 30 ശതമാനം കുറവാണ് എന്നാണ് സി.ആർ.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് സതീഷ് പാണ്ഡെ അഭിപ്രായപ്പെടുന്നത്. റോഡിന്റെ കനത്തിലും മറ്റുള്ളവയെ അപേക്ഷിച്ച് 30 ശതമാനത്തോളം കുറവുണ്ട്. അതുകൂടാതെ സ്റ്റീൽ സ്ലാഗ് കൊണ്ട് നിർമ്മിച്ച റോഡുകൾ കൂടുതൽ കാലം ഈടുനിൽക്കുമെന്നും സയന്റിസ്റ്റ് സതീഷ് പാണ്ഡെ അവകാശപ്പെടുന്നുണ്ട്. വേസ്റ്റിനെ വെൽത്ത് ആക്കി മാറ്റു, ഇന്ത്യയെ ക്ലീൻ ചെയ്യു എന്ന ക്യാമ്പയിൻ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി ആരംഭിച്ചത്.
1.2 കിലോമീറ്റർ നീളമുള്ള ആറുവരി റോഡിന്റെ നിർമ്മാണത്തിന് വേണ്ടി ഏകദേശം ഒരുലക്ഷത്തോളം ടൺ സ്റ്റീൽ സ്ലാഗ് അഗ്രഗേറ്റുകൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള ഉരുക്ക് വ്യവസായങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രധാന ഖരമാലിന്യങ്ങളിലൊന്നാണ് സ്റ്റീൽ സ്ലാഗ്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്റ്റീൽ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വിവിധ വലിപ്പത്തിലും തരത്തിലുമുള്ള സംയോജിത സ്റ്റീൽ പ്ലാന്റുകളിൽ നിന്ന് പ്രതിവർഷം 18.5 ദശലക്ഷം ടൺ സ്റ്റീൽ ഇന്ത്യ ഉല്പാദിപ്പിക്കുന്നുണ്ട്. ഇവയുടെ നിർമ്മാണ ഘട്ടത്തിൽ ഉണ്ടാകുന്ന വേസ്റ്റുകൾ സുരക്ഷിതവും ലാഭകരവുമായി സംസ്കരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ സ്റ്റീൽ സ്ലാഗിൽ നിന്നും റോഡ് നിർമ്മിച്ച പ്രക്രിയ വേസ്റ്റുകൾ ലാഭകരമായി ഒഴിവാക്കാൻ സഹായകമാകും.
English summary :- surath is the city to have first steel slag road.