
ആഗോള വ്യോമ വ്യവസായ മേഖലയിലെ പ്രമുഖരായ ബോയിങ്ങും ഇന്ത്യയിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ചേർന്ന് രൂപീകരിച്ച ഒരു സംയുക്ത സംരംഭമാണ് ടാറ്റാ ബോയിങ് എയ്റോസ്പേസ്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനി ഹെലികോപ്റ്ററുകളും യുദ്ധോപകരണങ്ങളും നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരുന്നു.
ബോയിംഗ് എ.എച്ച്-64 അപ്പാച്ചെ ഹെലികോപ്റ്റർ ഫ്യൂസലേജുകളും മറ്റ് എയറോസ്ട്രക്ചറുകളും നിർമ്മിക്കുന്നതിനായാണ് ടാറ്റയും ബോയിങ്ങും കൈ കോർത്തത്. എയ്റോസ്പേസ് മേഖലയിൽ ഒട്ടനവധി നേട്ടങ്ങൾ ഇന്ത്യക്ക് നേടിയെടുക്കാൻ ഈ സംരംഭം സഹായകമായിട്ടുണ്ട്.
ബോയിംഗ് എ.എച്ച്-64 അപ്പാച്ചെ ഒരു ഇരട്ട-ടർബോഷാഫ്റ്റ് ഫൈറ്റർ ഹെലികോപ്റ്ററാണ്. ഈ ഹെലികോപ്റ്ററിന് ടെയിൽ വീൽ ടൈപ്പ് ലാൻഡിംഗ് ഗിയർ ക്രമീകരണവും രണ്ടുപേരടങ്ങുന്ന ക്രൂവിന് സുഖകരമായി ഇരിക്കാൻ പാകത്തിലുള്ള ഒരു ടാൻഡം കോക്ക്പിറ്റും ഉണ്ട്. ഇതിൽ അവതരിപ്പിച്ച നോസ് മൗണ്ടഡ് സെൻസർ സ്യൂട്ടാണ് ടാർഗെറ്റ് അക്വിസിഷനും നൈറ്റ് വിഷൻ സിസ്റ്റത്തിനുമായി ഉപയോഗിക്കുന്നത്. ആഗോള തലത്തിൽ എ.എച്ച് 64 ഫ്യൂസലേജുകളുടെ നിർമ്മാണം നടത്തുന്ന ഒരേയൊരു എയ്റോസ്പേസ് നിർമ്മാണ യൂണിറ്റാണ് ഹൈദരാബാദിൽ പ്രവർത്തിക്കുന്നത്. അമേരിക്കയും, ഇന്ത്യയും ഉൾപ്പെടെ മറ്റ് പതിനഞ്ചു രാജ്യങ്ങൾ അപ്പാച്ചെ ഹെലികോപ്റ്റർ അവരുടെ യുദ്ധ ആവിശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.
ടാറ്റയുടെയും ബോയിങ്ങിന്റെയും ഈ സംയുക്ത സംരംഭം ഇന്ത്യയുടെ എയ്റോസ്പേസ്, പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണ മേഖലയിലെ കഴിവുകൾ വാനോളം ഉയർത്തുവാൻ സഹായിച്ചിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ബോയിങ് എന്ന ബ്രാൻഡ് എയർക്രാഫ്റ്റുകളുടെ ആഗോള കയറ്റുമതിയിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബോയിംഗ്, റ്റാറ്റാ എയ്റോസ്പേസുമായി ചേർന്ന് ഇന്ത്യയിൽ സംരംഭം ആരംഭിക്കുന്നത് 2015 ലാണ്. നിലവിൽ 14,000 ഓളം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ഈ അത്യാധുനിക എയ്റോസ്പേസ്സ് നിർമ്മാണ യൂണിറ്റ് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പ്രതിരോധാവശ്യങ്ങൾക്കായി ഫ്യൂസലേജുകൾ, വെർട്ടിക്കൽ സ്പാർ ബോക്സുകൾ തുടങ്ങിയവ നിർമ്മിച്ച് നൽകുന്നുണ്ട്. അപ്പാച്ചെ പോലുള്ള പ്രതിരോധ ഹെലികോപ്റ്ററുകൾക്ക് പുറമെ വ്യോമയാന രംഗത്ത് ആവിശ്യമായി വരുന്ന വെർട്ടിക്കൽ ഫിൻ, എഫ്.എ 18 ബ്ലോക്ക് III സൂപ്പർ ഹോർനെറ്റ് എന്നിവയും ടാറ്റാ ബോയിങ് നിർമ്മിക്കുന്നുണ്ട്.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ലക്ഷ്യമിട്ട പ്രതിരോധ മേഖലയിൽ ഇന്ത്യയിലെ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പ്രകാരം എൽ & റ്റി, മഹിന്ദ്ര & മഹിന്ദ്ര, അശോക് ലേയ്ലൻഡ് തുടങ്ങിയ പ്രമുഖ വാഹന നിർമാതാക്കളും പ്രതിരോധ മേഖലയ്ക്കു വേണ്ടുന്ന യുദ്ധോപകരണങ്ങളുടെ നിർമാണത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
English summary :-
Tata boeing joint ventures enables india to achieve more defensive goals. Apache helicopters and other tata boeing products