മിലിറ്ററി ട്രക്കുകളുടെ രാജാവ് : ടാട്ര


Spread the love

ഒരു ദശാബ്ദകാലത്തോളം ഇന്ത്യൻ പ്രതിരോധ സേനയുടെ പടയൊരുക്കത്തിന് ആത്മവീര്യം നൽകിയിരുന്ന ടാട്ര ട്രക്കുകൾ വീണ്ടും അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് പ്രതിരോധവകുപ്പ്. ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റയുമായുള്ള പേരിലെ സാദൃശ്യത്തിനാൽ പലരിലും തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ടാട്രയുടെ ചരിത്രത്തിനു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ടാറ്റ സ്വദേശിയെങ്കിൽ ടാട്ര അടിമുടി വിദേശിയാണ്. ഇന്ത്യയിൽ നിർമിക്കപ്പെടുമ്പോഴും ‘ചെക് ‘പൈതൃകം പേറുന്ന യൂറോപ്പ്യൻ. എന്നാൽ പൈതൃകത്തിലുപരി ഗുണമേന്മയിലെ സത്യസന്ധതയാണ് ടാട്രയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്റെ പ്രധാന കാരണം. ലോകത്തിലെ ഏറ്റവും ഗുണമേന്മയേറിയ സൈനിക വാഹനങ്ങൾ തന്നെ ഉപയോഗിക്കുന്ന ഇന്ത്യൻ മിലിട്ടറിയുടെ ഭാഗമാകാൻ ടാട്ര യ്ക്ക് സാധിച്ചതും ടാട്ര എന്ന ബ്രാൻഡിന്റെ ലോകവിപണിയിലെ വജ്രത്തിളക്കമാണ്.

ലോകത്തെ ഏറ്റവും പഴക്കമേറിയ വാഹന നിർമാണ കമ്പനികളിലൊന്നായ ടാട്ര 1850കളിൽ ഇഗ്നട്സ് ഛുസ്ഥല ആൻഡ് കമ്പനി എന്ന പേരിൽ ചെക് റിപ്പബ്ലിക്കൻ പട്ടണമായ ഓസ്ട്രേവയിൽ ആരംഭിച്ചു. 1897ൽ “പ്രസിഡന്റ്‌ ഓട്ടോമൊബൈൽ” എന്ന പേരിൽ മദ്ധ്യയൂറോപ്പിൽ നിർമിക്കപ്പെടുന്ന ആദ്യ കാർ എന്ന നിലയിൽ ടാട്ര തങ്ങളുടെ ആദ്യ കാർ അവതരിപ്പിച്ചു . നിരവധി പേര് മാറ്റങ്ങൾക്കു ശേഷം ഒന്നാം ലോക മഹായുദ്ധാനന്തരം കമ്പനി ടാട്ര എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. വായുവിനെ മുറിച്ചുകടക്കാൻ സഹായകമാകുന്ന എയ്‌റോ ഡൈനാമിക് ഡിസൈനിന്റെ സാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് നിർമിച്ച ലോകത്തിലെ ആദ്യ കാറായ ‘ ടാട്ര 77 ‘ വാഹന നിർമാണ മേഖലക്ക് പുത്തൻ സാധ്യതകൾ തുറന്ന് നൽകി. ടാട്ര ട്രക്കുകളുടെ ചരിത്രവും 1898 കളിൽ തന്നെ ആരംഭിച്ചിരുന്നു. ഇന്നത്തെ ട്രക്കുകളുടെ പ്രാകൃത രൂപമായിരുന്നു ടാട്ര യുടെ ആദ്യ കാല ട്രക്കുകൾ. ലിക്വിഡ് കൂൾഡ് സൈഡ് ബൈ സൈഡ് മെഴ്സിഡസ് എൻജിൻ ഘടിപ്പിച്ച ട്രക്കിന് 2 .5 ടൺ ഭാരം വഹിക്കുവാൻ കഴിയുമായിരുന്നു.

ആധുനിക കാലത്തിന് അനുയോജ്യമായ ഡിസൈനുകളിലേക്കുള്ള ചുവടുമാറ്റം ടാട്ര ട്രക്കുകൾക്ക് ജനപ്രീതിയേകി. പഴയ സ്കെലിട്ടൺ മോഡലുകളിൽ നിന്നും വ്യത്യസ്തമായി എൻജിനു മുകളിൽ ക്യാബിൻ ഘടിപ്പിച്ച തരത്തിലെ T27, T92 മോഡലുകൾ അത്തരത്തിൽ നിർമിക്കപ്പെട്ടവയായിരുന്നു.
ബ്രിട്ടനിലെ പ്രധിരോധ ഉപകരണങ്ങളുടെ ഇടനിലക്കാരായ വെക്ട്ര ഗ്രൂപ്പുമായി സഹകരിച്ചു മൈസൂര് ആണ് ഇന്ത്യൻ ആർമിക്ക് വേണ്ടിയുള്ള ട്രക്ക് നിർമാണം ടാട്ര ആരംഭിക്കുന്നത്. ഇന്ത്യൻ പൊതുമേഖല സ്ഥാപനമായ ‘ഭാരത് എർത് മൂവേഴ്‌സ് ലിമിറ്റഡ് (B.E.M.L.) മായി സഹകരിച്ചായിരുന്നു ഇന്ത്യയിലെ ടാട്ര ട്രക്ക് നിർമാണം. 2002 ൽ ഇന്ത്യൻ ആർമിക്കു വേണ്ടി 1070 ട്രക്കുകൾ നിർമിക്കുവാനുള്ള ഓർഡർ ലഭിച്ചതോടെ ടാട്ര ട്രക്കുകൾ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലെ നിറസാന്നിധ്യമായി.

ഇന്ത്യയിലെ കൽക്കരി, ലിഗ്നൈറ്റ് ഖനികളിൽ ടാട്രയുടെ രണ്ടായിരത്തോളം ഉയർന്ന ഭാരവാഹക ശേഷിയുള്ള ടിപ്പറുകൾ പൊടിപറത്തി പായുന്നുണ്ട് . ടാട്ര T815 സീരിസിൽ തന്നെ വീലുകളുടെ നിയന്ത്രണങ്ങൾക്കനുസരിച്ച് 4×4, 6×6, 8×8 എന്നീ മോഡലുകളും സാങ്കേതികപരമായി മികവുറ്റതാണ്. അവയിൽ ചിലത് കേരളത്തിൽ പ്രളയ കാലത്ത് മിലിട്ടറിയുടെ രക്ഷാ പ്രവർത്തത്തിന്റെ ഭാഗമായി മറ്റ് വാഹനങ്ങൾക്കു കടക്കുവാനാകാത്ത ദുർഘടമായ പാതകൾ താണ്ടുവാനായി എത്തിയിരുന്നു. ചെങ്കുത്തായ മലഞ്ചെരുവുകളിലും, പർവ്വതപ്രദേശങ്ങളിലും വലിഞ്ഞു കയറുവാൻ അനുയോജ്യമായ രീതിയിലാണ് ഇവ നിർമ്മിക്കപെടുന്നത്. ടാട്ര T815 ട്രക്കിന്റെ എല്ലാ വീലുകളുടെയും സ്വതന്ത്ര സസ്പെൻഷൻ സംവിധാനം അവയെ എത്ര ദുർഘടമായ പാതകളിലും അനായാസം മുന്നോട്ട് പോകുവാൻ സഹായിക്കുന്നു. പൃഥ്‌വി, അഗ്നി, നാഗ് തുടങ്ങിയ മിസൈലുകൾ വിക്ഷേപിക്കുവാനായും, ബെയ്‌ലി പാലങ്ങൾ ഉൾപ്പെടെയുള്ള ഭാരമേറിയ യുദ്ധോപകരണങ്ങൾ കടത്തുവാനായും ടാട്ര ട്രക്ക് ഉപ യോഗിച്ച് വരുന്നു. ടാട്ര T815 ഹെവി, മീഡിയം, ലൈറ്റ് എന്നിങ്ങനെ മൂന്നു തരത്തിൽ തിരിച്ച് റിക്കവറി വാഹനമായും, യുദ്ധത്തിനായുള്ള ടാങ്കറുകളും, റഡാർ സംവിധാനങ്ങളും, റോക്കറ്റുകൾ, മിസൈലുകൾ തുടങ്ങിയവ വഹിക്കുവാനും ഉപയോഗിക്കുന്നു. രണ്ട് റിവേഴ്‌ഗിയറുകളും പത്ത് ഫോർവേഡ് ഗിയറുകളും നിയന്ത്രണത്തിനായി ഉപയോഗിക്കുമ്പോൾ അവയ്ക്ക് 90 കി.മി വരെ വേഗത കൈ വരിക്കാനും സാധിക്കും.

ഇന്ത്യൻ ആർമിയുടെ സന്തതസഹചാരി ആയി മാറിയ കാലത്ത് തന്നെ ഇടനിലക്കാരായി നിന്ന വെക്ട്ര ഗ്രൂപ്പിന്റെ വഴിവിട്ട കച്ചവട തന്ത്രങ്ങൾ ടാട്ര യുടെ ഇന്ത്യൻ ബന്ധത്തിന് വിള്ളൽ വീഴ്ത്തിയിരുന്നു. അങ്ങനെ ഇടക്കാലത്തു, ഇന്ത്യൻ മിലിട്ടറിയ്ക്കായുള്ള ടാട്ര യുടെ നിർമാണം നിർത്തിവച്ച്‌ ഇന്ത്യൻ സർക്കാർ കരാർ അവസാനിപ്പിക്കുകയാണുണ്ടായത്. ടാട്ര ട്രക്കുകൾ നിറവേറ്റിയിരുന്ന ദൗത്യങ്ങൾ ഏറ്റെടുക്കുവാൻ മറ്റൊരു പകരക്കാരൻ ഇല്ലാത്തതിനാൽ ഇടനിലക്കാരില്ലാതെ നേരിട്ട് ചെക്ക് റിപ്പബ്ലിക്കിലെ നിർമാതാക്കളുമായി സഹകരിക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇന്ത്യൻ പ്രതിരോധ മേഖലയും അതാഗ്രഹിക്കുന്നു കാരണം ടാട്രയുടെ ഗുണനിലവാരവും, സാങ്കേതികതികവും ഇന്ത്യൻ ആർമി ഉപയോഗിച്ചറിഞ്ഞതാണ്. പുത്തൻ പരിഷ്‌കാരങ്ങളോടെ ടാട്ര യുടെ രണ്ടാം വരവ് ഇന്ത്യൻ മിലിറ്ററിക്ക് മുതൽക്കൂട്ടാകും എന്നത് ഉറപ്പാണ്.

ഇന്ത്യയുടെ മറ്റൊരു മിലിറ്ററി വാഹനമായ ശക്തിമാൻ ട്രക്കിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.

https://exposekerala.com/shakthiman-truck/

വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close