
തിരുവനന്തപുരം: ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിയില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കമ്മിഷനായി ആവശ്യപ്പെട്ടത് നാല് കോടി രൂപയെന്ന്് റിപ്പോര്‍ട്ട്. ഇതില്‍ 3.78 കോടിയും കൈമാറിയതായി പദ്ധതിയുടെ നിര്‍മ്മാണച്ചുമതലയുള്ള കൊച്ചി ആസ്ഥാനമായ യൂണിടാക്, കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യെ അറിയിച്ചതായി സൂചനയുണ്ട്. ഇതുകൂടാതെ യു.എ.ഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ നോക്കിയിരുന്ന ഒരു സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ വിരട്ടി സ്വപ്ന സുരേഷ് 74 ലക്ഷം (ഒരു ലക്ഷം ഡോളര്‍) സമാഹാരിച്ചതായി എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചു. ബാങ്കിലെ ഉദ്യോഗസ്ഥന് തന്നെയാണ് ഈ വിവരം എന്‍.ഐ.എയോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഈ സംഭവം നടന്നത്. തന്നെ ഭീഷണിപ്പെടുത്തിയാണ് സ്വപ്ന ഡോളര്‍ വാങ്ങിപ്പിച്ചതെന്നും ഇതിന് തത്തുല്യമായ തുക ഇന്ത്യന്‍ കറന്‍സിയായി യൂണിടാക് ഉന്നതന് തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വച്ച് കൈമാറിയെന്നും ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയെന്നാണ് വിവരം.
ലൈഫ് പദ്ധതിയില്‍ നിന്ന് തനിക്ക് ഒരു കോടി രൂപ കമ്മിഷനായി ലഭിച്ചുവെന്നും ഈ പണമാണ് ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയതെന്നും സ്വപ്ന നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ബാക്കി കമ്മിഷന് ആര്‍ക്ക് വേണ്ടിയാണെന്ന ചോദ്യം ഉയരുകയാണ്.
ലൈഫ് മിഷന് പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ സര്‍ക്കാരിന്റെ രണ്ടേക്കറില്‍ 140 ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയതിലൂടെയാണ് സ്വപ്നയ്ക്ക് ഒരുകോടി കമ്മിഷന് കിട്ടിയത്. ഇക്കാര്യം യൂണിടാക് നിര്മ്മാണക്കമ്ബനിയുടമ സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി സന്ദീപ് നായര്‍ വഴിയായിരുന്നു ലൈഫ് മിഷന് കരാര്‍ കിട്ടിയത്. കരാര്‍ ഉറപ്പിക്കാന്‍ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണ്. ഇതിനു പകരമായാണ് സ്വപ്ന കമ്മിഷന് ആവശ്യപ്പെട്ടത്. 18.5 കോടിയായിരുന്നു ലൈഫ് മിഷന് കരാര്‍. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയില്‍ പിന്നീട് യു.എ.ഇ സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി.യുണിടാക്കിന് നിര്‍മ്മാണ ചുമതലയും നല്കി. ഇതുവഴിയാണ് സ്വപ്നക്ക് ഒരു കോടി രൂപ കമ്മിഷന് കിട്ടിയത്.