
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ആഗസ്റ്റ് 25നുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്ബാകെയാണ് ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പറഞ്ഞിരുന്നു. ഈ നിലപാടുകളെ തള്ളിക്കളയുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് തയാറാക്കിയത്.
സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ 25ഓളം ഫയലുകള്‍ ഭാഗികമായി കത്തിയെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ദുരന്തനിവാരണ കമീഷണര്‍ ഡോ.എ. കൗശിഗന്റെ നേതൃത്വത്തിലെ നാലംഗസമിതി നടത്തിയ തെളിവെടുപ്പില്‍ വ്യക്തമാക്കിയിരുന്നത്.
തീപടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ സാമ്ബിളുകളില്‍ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം.
തീപിടിത്തമുണ്ടായ മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ നശിച്ചിരുന്നു. എന്നാല്‍, മുറിയില്‍ സൂക്ഷിച്ച സാനിറ്റൈസര്‍ കത്തിയിട്ടില്ല. മാത്രമല്ല, മുറിയിലെ ഫയര്‍ എക്സ്റ്റിഗ്യൂഷര്‍ സംവിധാനാവും പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.