നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനക്കായി അയച്ചു; റിപ്പോര്‍ട്ട് കിട്ടുന്നതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ്


Spread the love

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്ന് വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. മരണ കാരണം സംബന്ധിച്ച വ്യക്തത വരുന്നതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ചികിത്സാ പിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്ബലം കോടിമറ്റത്തു വാടകയ്ക്കു താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏക മകന്‍ പൃഥിരാജ് ആണ് മരിച്ചത്.
മറ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മൃതദേഹം കുട്ടിയുടെ സ്വദേശമായ കൊല്ലം പരവൂരിലേക്ക് കൊണ്ടുപോയി. കുട്ടി കോവിഡ് ഇല്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. മൂന്ന് ആശുപത്രികളുടെ അനാസ്ഥ ആരോപിക്കപ്പെട്ട വിഷയത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. നാണയം കുടുങ്ങിയതുമൂലമാണ് മരണമെന്ന് വ്യക്തമായാല്‍ ആശുപത്രികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കും.

സംഭവം ഇങ്ങനെ…

ശനിയാഴ്ച രാവിലെ 10.30നാണ് കടുങ്ങല്ലൂരിലെ വീട്ടില്‍വച്ച് കുട്ടി ഒരുരൂപ നാണയം വിഴുങ്ങിയത്. തുടര്‍ന്ന് 11ന് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ എക്‌സ്‌റേ എടുത്തശേഷം ആശുപത്രി അധികൃതര്‍ വീട്ടിലേക്കു പറഞ്ഞുവിട്ടു.
നാണയം കുടലില്‍ എത്തിയതായും പഴമടങ്ങിയ ഭക്ഷണം നല്‍കിയാല്‍ വയറ്റില്‍നിന്ന് നാണയം പൊയ്‌ക്കൊള്ളുമെന്നുമാണ് അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷനുള്ള സാധ്യത തേടിയ ബന്ധുക്കളോട് ആശുപത്രിയില്‍ കുട്ടികളുടെ സര്‍ജന്‍ ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അമ്മ നന്ദിനിയും അവരുടെ അമ്മ യശോദയും ചേര്‍ന്ന് കുട്ടിയെ ഓട്ടോറിക്ഷയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെയും കുട്ടിയുടെ എക്‌സ്‌റേ എടുത്തശേഷം നാണയം കുടലിനു താഴേക്ക് എത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതോടെ ആശുപത്രിയുടെ ആംബുലന്‍സില്‍ വൈകിട്ട് നാലോടെ അവിടെ എത്തിച്ചു.
കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നു വന്നതിനാല്‍ അഡ്മിറ്റ് ചെയ്യാനാകില്ലെന്നും ഓപ്പറേഷന്‍ ചെയ്യേണ്ടതില്ലെന്നുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറിയിച്ചത്. നാണയം സ്വയം പോയില്ലെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞു കുട്ടിയെ കൊണ്ടുവരാനും നിര്‍ദേശിച്ചു. രാത്രി ഒമ്ബതോടെ കുട്ടിയുമായി ഓട്ടോറിക്ഷയില്‍ കടുങ്ങല്ലൂരിലെ വീട്ടിലേക്ക് തിരിച്ച ഇവര്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് വീട്ടില്‍ എത്തിയത്.
അഞ്ചരയോടെ കുഞ്ഞ് ഉണരാതെ വന്നപ്പോള്‍ വീണ്ടും ഇവര്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെ കൊണ്ടുവന്നപ്പോഴും കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നതായും, ആറേകാലോടെ മരിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. ഒരു ദിവസം മുഴുവന്‍ അലഞ്ഞിട്ടും ശരിയായ ചികിത്സ ലഭിക്കാത്തതു മൂലമാണ് കുട്ടി മരണപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു.മന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംഭവം അന്വേഷിക്കുന്നുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close