കാലവര്‍ഷം എത്തി… പകര്‍ച്ചവ്യാധികളെ സൂക്ഷിക്കുക


Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധികളും തലപൊക്കിയിരിക്കുകയാണ്. കൊറോണയെ പോലെ തന്നെ നാം ഇതിനെയും പേടിക്കണം. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുകയും രോഗങ്ങള്‍ വരാതെ നോക്കാനും കരുതല്‍ വേണം. ആശുപത്രി യാത്ര കഴിവതും ഒഴുവാക്കി വീട്ടില്‍ സുരക്ഷിതരായിരിക്കണം. മഴ മുന്‍കാലങ്ങളെക്കാള്‍ വലിയ വെല്ലുവിളിയാകും എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊവിഡ് രോഗികള്‍ കേരളത്തിലും പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവിടത്തെ ചികിത്സാ സംവിധാനങ്ങളെല്ലാം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കേണ്ടിവരികയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാണ് ഡോക്ടര്‍മാരും ജീവനക്കാരും ഏറെ സമയവും ചെലവഴിക്കുന്നത്.
ഇതിനിടയിലാണ് പനി അടക്കമുള്ള മഴക്കാലരോഗങ്ങള്‍ വ്യാപകമായിരിക്കുന്നത്. മഴ വരുന്നതിന് മുമ്ബ് തന്നെ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ഡങ്കിപ്പനി വ്യാപിച്ചിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഡെങ്കിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ മഴക്കാലത്തുണ്ടാകുന്ന സ്വാഭാവികമായ പനിയും ജലദോഷവും തലവേദനയും തൊണ്ടവേദനയും ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പനിയും തൊണ്ടവേദനയും കൊവിഡിന്റെ ലക്ഷണങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. കൊവിഡിന് മുമ്ബുള്ള കാലത്തും ഇതേ ലക്ഷണങ്ങളോടെയാണ് ആളുകള്‍ക്ക് പനി വന്നിരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ സാധാരണ പനി വന്നാല്‍ പോലും ലക്ഷണങ്ങളുടെ പേരിലാണ് എല്ലാവര്‍ക്കും ഉത്കണ്ഠ. കൊവിഡ് ഇല്ലാത്തവര്‍ പോലും തങ്ങളെ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കാന്‍ ഇത് കാരണമാകുന്നു.
മഴക്കാലത്ത് സാധാരണയുണ്ടാകുന്ന നേരിയ പനിയുടെ പേരില്‍പോലും പരിശോധന നടത്താന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആശുപത്രികളില്‍ തിരക്ക് കൂടാനും സാമൂഹിക അകലം പാലിക്കുന്നതിന് തടസം നേരിടാനും പനിമൂലമുള്ള ഭീതി കാരണമാകും. ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ജോലിഭാരം കൂടാനും ഇത് ഇടവരുത്തും. പനി ബാധിച്ചാല്‍ രോഗനിര്‍ണ്ണയം നടത്തുന്നതുവരെ രോഗികള്‍ക്ക് മാനസികസംഘര്‍ഷം അനുഭവിക്കേണ്ടിവരുന്നു. പകര്‍ച്ച വ്യാധികള്‍ പരത്തുന്ന കൊതുകുകള്‍ പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാണ്. ജില്ലയിലെ പല ഭാഗങ്ങളിലും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും ഫലപ്രദമായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close