തിലാപ്പിയ കൃഷി


Spread the love

കേരളത്തിൽ ഇന്ന് ഏറ്റവും ലാഭകരമായി നടത്താവുന്ന സംരംഭങ്ങളിൽ ഒന്നാണ് മത്സ്യ കൃഷി. അതിൽ തന്നെ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുജോജ്യമായ കൃഷിരീതിയാണ് “തിലാപ്പിയ കൃഷി”. ഏതു പ്രതികൂല സാഹചര്യങ്ങളും അതിജീവിക്കാൻ തിലാപ്പിയ മത്സ്യങ്ങൾക്ക് സാധിക്കാറുണ്ട്. കേരളത്തിൽ വിവിധയിനം തിലാപ്പിയ വളർത്തുന്നുണ്ട്. ഗിഫ്റ്റ് തിലാപ്പിയ, എം.എസ്.ടി തിലാപ്പിയ, റെഡ് തിലാപ്പിയ, ചിത്രലാട എന്നിവ വിവിധ ഇനങ്ങളാണ്. സാധാരണ നിലയിൽ 15 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ് തിലാപ്പിയ മത്സ്യങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ താപനില. 6.5 മുതൽ 8.5 വരെ പി.എച് ഉള്ള ജലത്തിൽ തിലാപ്പിയ വളരാറുണ്ട്. പ്രജനന ശേഷി വളരെ കൂടുതലാണ് തിലാപ്പിയക്ക്. ഒപ്പം തന്നെ മിശ്ര ഭോജികൾ ആയതിനാൽ ഏത് ആഹാരവും നൽകാവുന്നതുമാണ്. ആൺ തിലാപ്പിയകൾക്ക് സാധാരണയായി 350 മുതൽ 500 ഗ്രാം വരെ വളർച്ച ഉണ്ടാകാറുണ്ട്. ആറു മാസം ആകുമ്പോഴേക്കും വിളവെടുപ്പ് നടത്താവുന്നതാണ്. ഉയർന്ന രോഗ പ്രതിരോധ ശേഷിയുള്ള തിലാപ്പിയയെ, ശുദ്ധ ജലത്തിലും, ഉപ്പ് ജലത്തിലും ഇട്ട് വളർത്താറുണ്ട്. തിലാപ്പിയയുടെ പ്രജനനം വർഷത്തിൽ എല്ലാ മാസവും നടക്കുന്നതാണ്.

ഇനി എങ്ങനെ തിലാപ്പിയ കൃഷി നടത്താം എന്ന് നോക്കാം. തിലാപ്പിയക്ക് ആവശ്യമായ കുളം നിർമ്മിച്ച ശേഷം, അതിലെ ചെളി നീക്കം ചെയ്ത്, കുമ്മായം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്നതാണ്. ഒരു സെന്റ് സ്ഥലത്തിൽ 200 തിലാപ്പിയ കുഞ്ഞുങ്ങളെ വരെ നിക്ഷേപിക്കാം. മീൻ കുഞ്ഞുങ്ങളെ വാങ്ങി, ആ കവറോട് കൂടി തന്നെ താപ നില ക്രമീകരിക്കാൻ വെള്ളത്തിൽ 20 മിനിറ്റോളം ഇറക്കി വച്ച് ശേഷം വെള്ളത്തിൽ നിക്ഷേപിക്കാവുന്നതാണ്. 6 മാസം കൊണ്ട് തന്നെ ഇവയുടെ വിളവെടുപ്പും നടത്താം. തിലാപ്പിയ കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചതിനു ശേഷം അടുത്ത ദിവസം രാവിലെ വെയിൽ വന്നു കഴിഞ്ഞ് തീറ്റ ഇട്ടു നൽകാവുന്നതാണ്. ആദ്യ ദിവസം ഇവ തീറ്റ കഴിക്കാൻ ചിലപ്പോൾ മടി കാണിക്കുന്നതാണ്. രണ്ടാം ദിനം കുറച്ച് തീറ്റ കഴിക്കുകയും, പിന്നീട് കുളവും പരിസരവും ആയി ഇണങ്ങിയ ശേഷം അവ നന്നായി തീറ്റ എടുക്കുന്നതാണ്. തീറ്റയായി നൽകാൻ ഏറ്റവും ഉചിതമായി ഉള്ളത് പച്ചിലകളായ ചേമ്പില, മുരിങ്ങയില പോലുള്ളവയാണ്. അത് പോലെ തന്നെ അരി തവിട്, പായൽ, അസോള, തേങ്ങാ പീര, പെല്ലറ്റ് എന്നിവ പോഷണ ഗുണമുള്ള തീറ്റകളാണ്.

കുഞ്ഞുങ്ങളുടെ പ്രായം അനുസരിച്ച് തീറ്റ നൽകാവുന്നതാണ്. രണ്ട് മാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് 1.2 മില്ലി മീറ്റർ ‘സ്റ്റാർട്ടർ’ നൽകാവുന്നതാണ്. അതിൽ 32% മാംസ്യം അടങ്ങിയിരിക്കുന്നു. രണ്ട് മാസം കഴിഞ്ഞു 2.5 മില്ലി മീറ്റർ ‘സ്റ്റാർട്ടർ’ നൽകാം. അതിൽ 28% മാംസ്യം അടങ്ങിയിരിക്കുന്നു. മൂന്ന് മാസം കഴിഞ്ഞാൽ 3 മില്ലി മീറ്റർ തീറ്റ നൽകാം. ഇതിൽ 24% മാംസ്യം അടങ്ങിയിരിക്കുന്നു. നാലാം മാസം മുതൽ 4 മില്ലി മീറ്ററിന്റെ 20% മാംസ്യം അടങ്ങിയിരിക്കുന്ന തീറ്റയും, ആറാം മാസം 4 മില്ലി മീറ്ററിന്റെ 20% മാംസ്യം അടങ്ങിയിരിക്കുന്ന ‘ഫിനിഷർ’ എന്ന തീറ്റയും നൽകാം. 2 മാസത്തിനു ശേഷം പച്ചിലകൾ നൽകി തുടങ്ങാവുന്നതാണ്. വിവിധ തരത്തിലുള്ള തീറ്റകൾ അക്വേറിയത്തിൽ നിന്നോ, ഫിഷറീസിന്റെ അംഗീകൃത സ്റ്റാളുകളിൽ നിന്നോ വാങ്ങാവുന്നതാണ്.

തിലാപ്പിയ മത്സ്യങ്ങളെ ബാധിക്കുന്ന പ്രധാന രോഗമാണ്, വൈറസ് മൂലമുള്ള രോഗങ്ങൾ. ഒപ്പം ജലത്തിൽ കാണുന്ന ‘പേൻ’ പോലുള്ള ജീവികളും ഇവയ്ക്ക് രോഗബാധയുണ്ടാക്കാം. ഇത്തരത്തിലുള്ള ചെറു പേനുകൾ, തിലാപ്പിയയുടെ ചെകിളയുടെ ഉള്ളിൽ കടന്നു കയറി ഇവയുടെ രക്തം കുടിക്കുകയും, അത് മൂലം മീനുകൾ ചത്തു പോകുകയും ചെയ്യാറുണ്ട്. കുളവും, പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഈ പേനുകൾ ഉണ്ടാകുന്നത് തടയുവാൻ സാധിക്കും. പ്രധാനമായും വൈറസ് രോഗമാണ് തിലാപ്പിയ കുഞ്ഞുങ്ങളെ ബാധിക്കാറുള്ളത്. മീനിന്റെ കണ്ണുകൾ തിമിരം ബാധിച്ച പോലെ വെള്ള നിറം ആകുക, ദേഹത്തു മുറിവുകളും, വൃണങ്ങളും രൂപപ്പെടുക, വൃണങ്ങളിൽ നിന്നും രക്തം വരുക, തീറ്റയെടുക്കുന്നത് കുറയുക എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. പ്രധാനമായും വേനൽക്കാലത്താണ് ഇത്തരം രോഗങ്ങൾ കുഞ്ഞുങ്ങളെ ബാധിക്കാറുള്ളത്.

രോഗം ബാധിച്ചാൽ ഒരുപാട് കുഞ്ഞുങ്ങൾ മരിക്കുകയും, സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ കൂടുതൽ ശ്രദ്ധയോടെ ചെയ്യണം. കുളത്തിലെ താപനില എപ്പോഴും കൂടാതെ സൂക്ഷിക്കണം. അതിനായി കുളത്തിനു മുകളിൽ ഗ്രീൻ നെറ്റുകൾ വലിച്ചു കെട്ടാവുന്നതാണ്. അമിതമായി കുളത്തിൽ മാലിന്യങ്ങൾ നിറഞ്ഞാലും ഇതുണ്ടാകും. കൃത്യമായ ‘ഫിൽട്ടറേഷൻ’ നടത്തിയില്ലെങ്കിൽ ജലത്തിൽ അമോണിയയുടെ അളവ് കൂടും. അതിനാൽ അമോണിയയുടെ അളവ് ജലത്തിൽ കുറയ്ക്കുവാൻ വേണ്ടി ആവശ്യത്തിന് മാത്രം തീറ്റ നൽകുക. തീറ്റ കൂടുതലായാൽ മത്സ്യങ്ങൾ നശിക്കാൻ സാധ്യതയുണ്ട്. കൂടാതെ ജലത്തിലെ ഓക്സിജന്റെ അളവ് 5 പിപിഎം ആയി നില നിർത്താൻ ശ്രമിക്കുക. രോഗ ലക്ഷണം കാണിക്കുന്ന മത്സ്യത്തെ ഉടൻ തന്നെ മാറ്റുക. എപ്പോഴും നല്ല ഹാച്ചറികളിൽ നിന്നും കുഞ്ഞുങ്ങളെ വാങ്ങുന്നതും, കുളവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതും മൂലം ഒരു പരിധി വരെ രോഗ ബാധ തടയുവാനാകും.

സാധാരണ നിലയിൽ വിവിധ തരത്തിലുള്ള തിലാപ്പിയ മീനുകളെ കൃഷി ചെയ്യാറുണ്ട്. ഇതിൽ എം.എസ്.ടി, ഗിഫ്റ്റ് എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയും. ആറു മാസം കൊണ്ട് 500 മുതൽ 600 ഗ്രാം വരെ ഇവ വലുതാകും. ചിത്ര ലാട, നൈൽ തിലാപ്പിയ, റെഡ് തിലാപ്പിയ, നാടൻ തിലാപ്പിയ, എന്നിവയും കൃഷി ചെയ്യാറുണ്ട്. വളർച്ച നിരക്ക് മൂലം പ്രധാനമായും ആൺ തിലാപ്പിയെയാണ്‌ കൃഷി ചെയ്യാറുള്ളത്. പെൺ തിലാപ്പിയക്ക് പ്രജനനം കൂടുതലായതിനാൽ, നല്ല വളർച്ച ലഭിക്കാറില്ല. ഗിഫ്റ്റ്, എം.എസ്.ടി എന്നിവ ജനിതക വ്യതിയാനത്തിലൂടെയുള്ള ആൺ തിലാപ്പിയകളാണ്. അതിനാൽ, പ്രജനനം കുറവായത് കൊണ്ട് വിളവ് കൂടും. നൈൽ തിലാപ്പിയകൾ 4 മാസം കൊണ്ട് തന്നെ 200 മുതൽ 250 ഗ്രാം വരെ തൂക്കം വയ്ക്കാറുണ്ട്.

സാധാരണ സമയങ്ങളിൽ 150 മുതൽ 200 രൂപ വരെ ഒരു കിലോഗ്രാം തിലാപ്പിയക്ക് മാർക്കറ്റ് വില ലഭിക്കാറുണ്ട്. ട്രോളിങ് നിരോധന സമയത്താണെങ്കിൽ ഇത് 300 വരെ ആകും. ഇപ്പോൾ കൊറോണ സമയം ആയതു കൊണ്ടും, മത്സ്യ ബന്ധനം പഴയത് പോലെ നടക്കാത്തതും കാരണം വില ഉയർന്നു നിൽക്കുന്ന സമയമാണ്. രോഗങ്ങൾ ബാധിക്കുന്നതും പൊതുവെ കുറവാണ്. കൊൽക്കത്തയിൽ നിന്നാണ് തിലാപ്പിയ കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുന്നത്. 1 ഇഞ്ച് നീളമുള്ള കുഞ്ഞിന് 1.60- 1.80 രൂപ നിരക്കിൽ ലഭ്യമാകുന്നതാണ്. നാടൻ തിലാപ്പിയ 4 മാസം കൊണ്ട് 250 ഗ്രാം വരെ വളരാറുണ്ട്.

രോഗ ബാധ ഒന്നും ഏൽക്കാതെ, നല്ല പരിചരണത്തോടെ വളർത്തുകയാണെങ്കിൽ വളരെ വലിയൊരു നേട്ടം കൈവരിക്കാൻ കഴിയുന്ന ഒന്നാണ് തിലാപ്പിയ കൃഷി. മറ്റു മത്സ്യ കൃഷികളുടെ അത്രയും ബുദ്ധിമുട്ടില്ലാതെ കൃഷി ചെയ്യാൻ സാധിക്കുന്നത് തിലാപ്പിയ കൃഷിയുടെ സവിശേഷതയാണ്. സർക്കാർ തലത്തിൽ കൃഷിക്ക് സബ്സിഡി ഇനത്തിൽ സഹായങ്ങൾ ലഭിക്കുന്നുമുണ്ട്. ഓരോ ജില്ലയിലെയും ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ടാൽ ഇതിനെ പറ്റിയുള്ള വിശദ വിവരങ്ങൾ അറിയുവാൻ സാധിക്കുന്നതാണ്.

Read also:   മത്സ്യ കൃഷി എങ്ങനെ ലാഭകരമായി ചെയ്യാം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close