
ഏറെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒരു മത്സ്യമാണ് തിലാപിയ. ധാരാളം പ്രോട്ടീൻ അടങ്ങിയ ഇവയുടെ മാംസത്തിൽ കൊഴുപ്പിന്റെ അംശം തീരെ കുറവാണ്. കടൽ മത്സ്യങ്ങളുടെ ലഭ്യത കുറവുള്ള ഈ സാഹചര്യത്തിൽ ഏറെപ്പേർ ഭക്ഷണത്തിനായി ആശ്രയിക്കുന്ന ഒന്നാണ് വളർത്തു മത്സ്യങ്ങൾ. കേരളത്തിൽ ധാരാളം ഫാമുകളിൽ ഇന്ന് തിലാപിയ മത്സ്യകൃഷി ചെയ്യുന്നുണ്ട്. ഒരുപാട് ഗുണങ്ങളുള്ള തിലാപിയ മീനുപയോഗിച്ചു സ്വാദിഷ്ടമായ ഒരു മീൻകറി തയ്യാറാക്കാം.
ചേരുവകൾ
തിലാപിയ മീൻ :- 1kg
വെളിച്ചെണ്ണ :- 4 ടേബിൾസ്പൂൺ
കടുക് :- ½ ടീസ്പൂൺ
ഉലുവ :- ¼ ടീസ്പൂൺ
ചെറിയുള്ളി : 100 ഗ്രാം
ഇഞ്ചി :- 1 ടേബിൾസ്പൂൺ
വെളുത്തുള്ളി :- 3 എണ്ണം
കറിവേപ്പില :- 2 ഇതൾ
പച്ചമുളക് :- 3 എണ്ണം
മുളക് പൊടി :- 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി :- ¾ ടീസ്പൂൺ
മല്ലിപൊടി :- 1 ടീസ്പൂൺ
കുരുമുളക് പൊടി :- ½ ടീസ്പൂൺ
കുടംപുളി :- 3 ഇതൾ
തക്കാളി :- 1 (വലുത് )
ഉപ്പ് :- ആവശ്യത്തിന്
വെള്ളം :- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തിലാപ്പിയ മീൻ കല്ലിൽ ഉരച്ചു വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. മൺചട്ടിയിൽ 3 ടേബിൾസ്പൂൺ എണ്ണ ഒഴിച് കടുക് പൊട്ടിക്കുക, പിന്നീട് ¼ ടീസ്പൂൺ ഉലുവയും ഇതിലേക്ക് ചേർക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ ചേർത്ത് ചെറുതീയിൽ നന്നായി വഴറ്റുക. ഉള്ളി വഴന്നു സ്വർണ്ണ നിറമാകുമ്പോൾ ഇതിലേക്ക് ചെറുതായി മുറിച്ച തക്കാളിയും ചേർക്കണം. തക്കാളി നന്നായി ഉടയുന്നത് വരെ ഇത് വഴറ്റണം. നന്നായി വഴന്നു വന്ന ഈ കൂട്ടിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, കുരുമുളക്പൊടി എന്നിവ ചേർത്തിളക്കി മീഡിയം തീയിൽ മൂപ്പിക്കണം. മസാലയുടെ പച്ചമണം മാറുന്ന വരെ ഇത് നന്നായി ഇളക്കി കൊടുക്കണം. പച്ചമണം മാറി കഴിഞ്ഞാൽ ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർക്കാം. പിന്നീട് ഇതിലേക്ക് വെള്ളത്തിൽ കുതിർത്തു വച്ച കുടംപുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കണം. ഗ്രേവി തിളച്ചു വരാൻ തുടങ്ങുമ്പോൾ ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻകഷ്ണങ്ങൾ ചേർക്കുക. കറി ശക്തിയിൽ ഇളക്കി മീൻ കഷ്ണങ്ങൾ ഉടയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം 5-8 മിനിറ്റ് നേരം ചട്ടി അടച്ചു വച്ചു നല്ല തീയിൽ വേവിക്കുക. പിന്നീട് തീ കെടുത്തി അധികം പുളി ആവശ്യമില്ലാത്തവർക്ക് കുടംപുളി കഷ്ണങ്ങൾ കറിയിൽ നിന്നും എടുത്ത് മാറ്റാം. കൂടുതൽ നേരം വയ്ക്കുമ്പോൾ കുടപുളിയിൽ നിന്നും പുളിരസം ഇറങ്ങുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. സ്വാദിഷ്ടമായ തിലാപിയ മീൻകറി തയ്യാർ!
തിലാപിയ മീൻകറി രുചിക്കൊപ്പം ഗുണത്തിലും മുൻപന്തിയിൽ തന്നെ. എല്ലാ വളർത്തു മത്സ്യം ഉപയോഗിച്ചും മീൻകറി ഇങ്ങനെ ഉണ്ടാക്കാം.
Read also : മുട്ട അവിയൽ
ഈ രുചിക്കൂട്ട് നിങ്ങൾക് ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക്ക് കൂടെ ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക http://bitly.ws/8Nk2