
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്; 90 മരണം
കേരളത്തിൽ ഇന്ന് 11,361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂർ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂർ 429, പത്തനംതിട്ട 405, കാസർഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,17,32,157 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 11,833 ആയി.
രണ്ട് വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ഒപ്പം കൈക്കുഞ്ഞും
രണ്ടുവർഷം മുൻപ് പാലക്കാട്ടെ കൊഴിഞ്ഞാമ്പാറയിൽ നിന്ന് കാണാതായ 14 കാരിയെ വ്യാഴാഴ്ച രാത്രി മധുരയിൽ നിന്ന് കണ്ടെത്തി.പെൺകുട്ടിക്കൊപ്പം നാലുമാസം പ്രായമുളള കുഞ്ഞുമുണ്ട്.പെൺകുട്ടിയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. അമ്മയ്ക്കൊപ്പം ജോലി ചെയ്തിരുന്ന വ്യക്തിയോടൊപ്പമാണ് ഇത്രയും നാൾ മധുരയിൽ താമസിച്ചിരുന്നതെന്നാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുള്ളത്. യുവാവ് എവിടെയാണെന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
21 കോടി രൂപയുടെ സ്വർണം
പിടികൂടി;ഒളിപ്പിച്ചത് കാറിലെ രഹസ്യ അറയിൽ
ന്യൂഡൽഹി: മണിപ്പൂരിലെ ഇംഫാലിൽ നിന്ന് 21 കോടി രൂപ വിലമതിക്കുന്ന 43 കി.ഗ്രാം സ്വർണം റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടി. കാറിന്റെ അടിയിൽ രഹസ്യ അറകളിലായി ഒളിപ്പിച്ച നിലയിലാണ് സ്വർണ ബിസ്ക്കറ്റുകൾ കണ്ടെത്തിയത്.18 മണിക്കൂർ നീണ്ടുനിന്ന പരിശോധനയ്ക്കൊടുവിലാണ് 260 വിദേശ നിർമിത സ്വർണബിസ്ക്കറ്റുകൾ പിടിച്ചെടുത്തത്.സ്വർണം കടത്താനുപയോഗിച്ച വാഹനം നേരത്തേയും കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നാണ്പോലീസ് പറയുന്നത്.മാസത്തിനിടെ 33 കോടി രൂപയുടെ 67 കിലോഗ്രാം സ്വർണമാണ് മ്യാൻമാർ സെക്ടരിലെ ഗുവഹാത്തി സോണലിൽ നിന്നുമാത്രം പിടികൂടിയത്.
പ്രണയം നിരസിച്ചതിന് കൊല;വിനീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
മലപ്പുറത്ത് പ്രണയം നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന കേസിൽ തെളിവെടുപ്പു നടത്തി.ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം . യുവതിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട ശേഷം രാത്രി 15 കിലോമീറ്ററോളം അകലെ ദൃശ്യയുടെ വീടിന്റെ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ എത്തുകയായിരുന്നു.ഇവിടെ ഒളിച്ചിരുന്ന ശേഷം രാവിലെ വീട്ടിലുണ്ടായിരുന്ന ദൃശ്യയുടെ പിതാവ് പുറത്തേക്ക് പോയതിന് പിന്നാലെ വീടിനുള്ളിൽ കയറിയെന്നും
,കൈയില്‍ കരുതിയ കത്തിക്ക് മൂര്‍ച്ച കുറവാണെന്ന് മനസിലായതോടെ ദൃശ്യയുടെ വീട്ടില്‍ നിന്ന് എടുത്ത കത്തി ഉപയോഗിച്ച് കൊല നടത്തിയെന്നുമാണ് തെളിവെടുപ്പിനിടെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.കട കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും ചെരുപ്പും മാസ്കും ദൃശ്യയുടെ വീട്ടില്‍ ഉപേക്ഷിച്ചതായും പ്രതി പറഞ്ഞു.പ്രതിയെ എത്തിക്കുന്നതറിഞ്ഞ് നാട്ടുകാര്‍ രോഷാകുലരായി. അതേസമയം ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു.
രമേശ് ചെന്നിത്തല AICC ജനറല്‍ സെക്രട്ടറിയായേക്കും
എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ.പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയായിരിക്കും ചെന്നിത്തലയ്ക്ക് നൽകുകയെന്നും എഐസിസി വൃത്തങ്ങളിൽ നിന്ന് സൂചനയുണ്ട്.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി രമേശ് ചെന്നിത്തല ഡൽഹിയിലെത്തിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും പദവിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം
ഉണ്ടാവുക.
ഇന്ധന വിലയിൽ ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 98.97 രൂപ
ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്.തലസ്ഥാന ജില്ലയിലെ പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 98.97 രൂപയാണ് വില. ഡീസലിന് 94.23 രൂപയായി. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഇന്ധന വില തിരുവനന്തപുരം ജില്ലയിലാണ്.കൊച്ചിയില്‍ പെട്രോള്‍ വില 97 കടന്നു. 97.15 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.41 രൂപയും. കോഴിക്കോട് പെട്രോള്‍ വില 96 കടന്നു.18 ദിവസത്തിനിടയിൽ ഇന്ധനവില വർധിപ്പിക്കുന്നത് ഇത് പത്താം തവണയാണ്.
ഭക്ഷണത്തെ ചൊല്ലി തർക്കം;
ഹോട്ടലിന്റെ ചില്ലുമേശ ഇടിച്ചു തകര്‍ത്ത യുവാവ് ചോരവാര്‍ന്ന് മരിച്ചു
ഭക്ഷണം ലഭിക്കാത്തതിനെത്തുടർന്ന്
ഹോട്ടലിലെ ചില്ലുമേശ കൈ കൊണ്ടു തകർത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിൽ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ്
സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്.ശ്രീജിത്ത് സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയെങ്കിലും ഭക്ഷണം തീർന്നതിനാൽ ഹോട്ടലിന് അകത്തുകയറി ബാക്കിയുണ്ടായിരുന്ന മീൻകറിയെടുത്തു. ഹോട്ടൽ ജീവനക്കാർ കാർ ഇത് വിലക്കുകയും
ശ്രീജിത്തിനെയും സുഹൃത്തക്കളെയും ഹോട്ടലിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ഇതിൽ പ്രകോപിതനായാണ് ശ്രീജിത്ത് ചില്ലുമേശ തല്ലിത്തകർത്തത്.
ബെവ്കോ ഇന്നലെ മാത്രം വിറ്റത് 52 കോടിയുടെ മദ്യം
ഇന്നലെ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യം.പാലക്കാടിലെ തേൻകുറിശ്ശി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത് .തേൻകുറിശ്ശിയിൽ മാത്രം 69 ലക്ഷം രൂപയുടെ മദ്യവിൽപന നടന്നു.ബിവറേജസ് കോർപ്പറേഷന് കീഴിലെ ഔട്ട്ലെറ്റുകളുടെ കണക്കുകൾ മാത്രമാണ് ഇത്. കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലൂടേയും ബാറുകളിലൂടെയും വിൽപന നടന്ന മദ്യത്തിന്റെ കണക്കുകൾ പുറത്തുവന്നിട്ടില്ല.ലോക്ഡൗണിനെ തുടർന്ന് കേരളത്തിൽ ഒരു മാസത്തിലധികമായി മദ്യശാലകൾ അടഞ്ഞുകിടക്കുകയായിരുന്നു. ഇന്നലെയാണ് നിയന്ത്രണങ്ങൾ പാലിച്ച് മദ്യശാലകൾ തുറന്നത്.
സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ
ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്വേർ നിർമാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ഇന്ത്യൻ വംശജനും മൈക്രോസോഫ്റ്റ് സിഇഒ യുമായ സത്യ നാദെല്ലയെ നിയമിച്ചു. കമ്പനിയുടെ നയതീരുമാനങ്ങളിൽ നേതൃപരമായ ചുമതല വഹിക്കുകയാണ് പുതിയ ദൗത്യം .2014 മുതൽ നാദെല്ല മൈക്രോസോഫ്റ്റ് സിഇഒ പദവി വഹിക്കുകയായിരുന്നു.
മൊബൈൽ ഫോൺ, ഇന്റർനെറ്റ് സെർച്ച് വ്യവസായങ്ങളിൽ വൻതിരിച്ചടി നേരിട്ടുവരുമ്പോഴാണ് സത്യ നാദെല്ല 2014 ഫെബ്രുവരി നാലിന് കമ്പനിയുടെ സി.ഇ.ഒ. ആയെത്തുന്നത്.നിലവിൽ ചെയർമാനായ ജോൺ തോംസൺ സ്വതന്ത്ര ഡയറക്ടർമാരുടെ നേതൃത്വം വഹിക്കും.
കോവഡ് മൂന്നാം തരംഗം; ഇന്ത്യയില്‍ ഒക്ടോബറില്‍ എത്തിയേക്കുമെന്ന് വിദഗ്ധര്‍
കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ എത്തിയേക്കുമെന്ന് വിദഗ്ധർ. രാജ്യത്ത് കോവിഡ് വ്യാപനം ഒരു വർഷംകൂടി തുടരുമെന്നും ലോകത്തിലെ വിവിധയിടങ്ങളിലുള്ള 40 ആരോഗ്യ പരിചരണ വിദഗ്ധർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, വൈറോളജിസ്റ്റുകൾ, പ്രൊഫസർമാർ എന്നിവരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് റിപ്പോർട്ടു ചെയ്തത്.ജൂൺ മൂന്നിനും 17 നുമിടെയാണ് സർവെ നടത്തിയത്. മൂന്നാം തരംഗം ഒക്ടോബറിൽ ആയിരിക്കുമെന്ന് 85 ശതമാനം വിദഗ്ധരും , ഓഗസ്റ്റിൽ എത്തുമെന്ന് മൂന്ന് വിദഗ്ധരും ,സെപ്റ്റംബറിൽ എത്തുമെന്ന് 12 പേരും, മൂന്നാം തരംഗം നവംബറിനും അടുത്തവർഷം ഫെബ്രുവരിക്കും ഇടയിലാവുമെന്ന് ഒരു വിഭാഗം വിദഗ്ധരും അഭിപ്രായപ്പെട്ടു.രണ്ടാം തരംഗത്തെക്കാൾ മികച്ച രീതിയിൽ മൂന്നാം തരംഗത്തെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് 70 ശതമാനം വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചത്.