നാടിനെ വിസ്മയിപ്പിച്ച കുറ്റാന്വേക്ഷണം


Spread the love

2020 ജനുവരി 21, ചൊവ്വാഴ്ച രാത്രി ആയിരുന്നു തൃശൂരിലെ ചൊവ്വൂരിൽ നാടിനെ നടുക്കിയ ഒരു അപകടം നടന്നത്. രാത്രി ഏകദേശം 11 മണി കഴിഞ്ഞ സമയത്ത്, ചെവ്വൂരിൽ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ചെറുവത്തൂർ സ്വദേശികളായ ബിജേഷ്, അഭിലാഷ് എന്നീ യുവാക്കളെ ഒരു കാർ ഇടിച്ചു തെറിപ്പിച്ചു. അപകട സമയം പരിസര പ്രദേശങ്ങളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല, അതിനാൽ തന്നെ ആ കാർ അപകട ശേഷം നിർത്താതെ ഓടിച്ചു പോകുകയാണ് ഉണ്ടായത്. എന്നാൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു, എങ്കിലും ചികിത്സയിലിരിക്കെ തന്നെ ബിജേഷ് മരണമടഞ്ഞു. എന്നാൽ ഏത് വണ്ടിയാണ് ഇവരെ ഇടിച്ചതെന്നോ, ആരാണ് ആ വാഹനം ഓടിച്ചിരുന്നതെന്നോ എന്നൊന്നും ആർക്കും ഒരു അറിവും ഉണ്ടായിരുന്നില്ല.

ബിജേഷ് എന്ന ചെറുപ്പക്കാരന്റെ മരണം അയാളുടെ കുടുംബത്തിന് ഏൽപിച്ചത് വലിയൊരു ആഘാതം തന്നെ ആയിരുന്നു. കേവലം ബിജേഷിന്റെ മാത്രം വരുമാനത്തിൽ ജീവിച്ചു വന്നിരുന്ന ആ സാധാരണ കുടുബത്തെ, അയാളുടെ വിയോഗം മൊത്തത്തിൽ തകർത്തിരുന്നു. പിന്നീട് ആ കുടുംബത്തിന് ആകെ ഉണ്ടായിരുന്ന ഒരു അത്താണി ബിജേഷിന്റെ കുടുംബത്തിന് ഈ വാഹന അപകടത്തിനു ലഭിക്കേണ്ടുന്ന നഷ്ടപരിഹാരം മാത്രമായിരുന്നു. എന്നാൽ ‘ആക്‌സിഡന്റ് ക്ലെയിം’ നൽകുവാനായി അപകടമുണ്ടാക്കിയ കാറിനെ കുറിച്ചോ, കാർ ഡ്രൈവറിനെ കുറിച്ചോ ഒരു സൂചനയും ലഭിച്ചിരുന്നില്ല. തൃശൂർ ചേർപ്പ് പോലീസ് ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. എന്നാൽ നീണ്ട ആറു മാസത്തെ അന്വേഷണത്തിനൊടുവിലും കാറിനെ കുറിച്ചോ, ഡ്രൈവറിനെ കുറിച്ചോ ഒരു വിവരവും പോലീസ് അന്വേഷണത്തിൽ ലഭിച്ചിരുന്നില്ല. ഓരോ ദിവസം കഴിയുംതോറും കുടുംബത്തിന്റെ അവസ്ഥ കൂടുതൽ ദയനീയമായികൊണ്ടിരുന്നു.

അങ്ങനെ ഇരിക്കെ നീണ്ട ആറു മാസത്തെ അന്വേഷണം ഫലം കാണാതെ വന്നതിനെ തുടർന്ന് ബിജേഷിന്റെ ഭാര്യ തൃശ്ശൂർ ജില്ലാ റൂറൽ എസ്.പി ക്ക് പ്രതികളെ എത്രയും പെട്ടന്ന് കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടു ഒരു പരാതി സമർപ്പിച്ചു. അദ്ദേഹം ഈ കേസ് ‘ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യുറോ’ ഡി.വൈ.എസ്.പി രാമചന്ദ്രന് കൈമാറുകയും, ഇദ്ദേഹം എ.എസ്.ഐ യും നിരവധി കേസുകൾ അന്വേഷിച്ചു പ്രാഗൽഭ്യം തെളിയിച്ച കെ.പി.സുധീറിനെ ഈ കേസ് ഏൽപ്പിക്കുകയും ചെയ്തു.

സംഭവ സ്ഥലത്ത് നിന്നും പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ച കാറിന്റെ ഫ്രണ്ട് ഗ്രില്ലും, ചില സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു ഇവർ അന്വേഷണം പുനരാരംഭിച്ചു. സി.സി.ടി.വി ദൃശ്യത്തിലൂടെ കടന്ന് പോയ ഒരു കാർ തീർത്തും സംശയാസ്പദമായിരുന്നു. എന്തെന്നാൽ, ഈ വീഡിയോയിലൂടെ കടന്ന് പോയ അതേ കാറിന്റെ മുൻപിൽ ഇല്ലാതെയിരുന്ന ഗ്രിൽ അപകട സ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ പകർത്തിയ സി.സി.ടി.വി ക്യാമെറകൾ പഴയ മോഡലിലുള്ള ‘ഇൻഫ്രാ റെഡ് ടൈപ്പ് നൈറ്റ്‌ വിഷൻ ക്യാമറ’ ആയിരുന്നു. ഇത്തരം ക്യാമറകളിൽ ദൃശ്യങ്ങൾ ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ ആയി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു. അതിനാൽ തന്നെ കാറിന്റെ കൃത്യമായ നിറമോ, അത് ഓടിച്ചിരുന്ന ആളിനെയോ ഒന്നും ആ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യകതമായിരുന്നില്ല. എന്നാൽ അപകടസ്ഥലത് നിന്നും ലഭിച്ച കാറിന്റെ ഗ്രില്ല്, പൊട്ടിയ ഫോഗ് ലാമ്പ് എന്നിവയിൽ നിന്നും ഫോക്സ് വാഗൻ വെന്റോ മോഡലിൽ പെട്ട ഒരു കാർ ആണ് ഇത് എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നു. കൂടാതെ ആ ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ വീഡിയോ ദൃശ്യങ്ങളിൽ നിന്നും കാറിന്റെ നിറം ഒരു പക്ഷെ നീല ആയിരിക്കാം എന്ന ഒരു അനുമാനത്തിൽ കൂടി അന്വേഷണ സംഘം എത്തി ചേർന്നു.

പിന്നീട് ഈ വണ്ടി കേന്ദ്രീകരിച്ചായി അന്വേഷണം, എന്നാൽ മുന്നോട്ടുള്ള അന്വേഷത്തിൽ ഈ ഇനത്തിൽ പെട്ട നീല കാറുമായി ആരും ആ വഴി പോയിട്ടില്ല എന്ന് തെളിഞ്ഞു. ഒടുവിൽ പോലീസ് ഫോക്സ് വാഗൺ വെന്റോ ഇനത്തിൽ പെട്ട എല്ലാ കാറുകളെയും കുറിച്ച് വിശദമായി പഠിക്കുകയും, അതേ ഇനത്തിൽ പെട്ട ചാര നിറത്തിലുള്ള കാറുമായി, അപകടം നടന്ന അതേ സമയം, അതേ സ്ഥലത്തു കൂടി അതേ സി.സി.ടി.വി ക്യാമറയുടെ മുന്നിലൂടെ കടന്ന് പോയി ഒരു ഡമ്മി പരീക്ഷണം നടത്തുകയും ചെയ്തു . എ.എസ്.ഐ കെ.പി.സുധീറിൻറെ ഈ പരീക്ഷണം ഫലം കണ്ടു. ആ വീഡിയോയിൽ കണ്ട കാറിന്റെ അതേ നിറ സാദൃശ്യം തന്നെ ആയിരുന്നു അപകടത്തിന് ശേഷം അത് വഴി കടന്ന് പോയ കാറിനും, അങ്ങനെ വീഡിയോയിൽ അവർ കണ്ട കാർ നീല അല്ലെന്നും, മറിച്ച് ചാര നിറം ആണെന്നും പോലീസ് കണ്ടെത്തി.

പിന്നീട് ഈ ഇനത്തിൽ പെട്ട ചാര നിറത്തിലുള്ള കാർ കേന്ദ്രീകരിച്ചായി പോലീസ് അന്വേഷണം. അത് വഴി പോകുവാൻ സാധ്യതയുള്ള, ഇതേ ഇനത്തിൽ പെട്ട കാറുള്ളവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. 15 പേർ അടങ്ങുന്ന ഒരു ലിസ്റ്റ് ആയിരുന്നു അത്. അത്  വഴി കടന്ന് പോകുവാൻ സാധ്യതയുള്ള 5 പേരെ അതിൽ നിന്നും തിരഞ്ഞെടുക്കുകയും, തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ ഇക്കൂട്ടത്തിൽ ഒരാളായ തൃശൂർ, അവിട്ടത്തൂർ സ്വദേശി പ്രിൻസ് ആണ് അപകട കാരണമായ കാർ ഓടിച്ചിരുന്നതെന്നും പോലീസ് മനസ്സിലാക്കുകയും ചെയ്തു. ഇയാളുടെ മൊബൈൽ സി.ഡി.ആർ. (കാൾ ഡീറ്റെയിൽസ് റെക്കോർഡ്) അനുസരിച്ചുള്ള ടവർ ലൊക്കേഷൻ അടിസ്ഥാനപ്പെടുത്തി ആയിരുന്നു പോലീസ് പ്രിൻസ് എന്ന പ്രതിയിലേക്ക് എത്തിച്ചേർന്നത്. ഈ ടവറിന്റെ സ്ഥാനവും, സമയവും മനസ്സിലാക്കി, കൃത്യം അത് വഴി ആ സമയം പ്രിൻസ് കടന്ന് പോയി എന്ന് പോലീസ് ഉറപ്പിച്ചു. തൃശ്ശൂരിലെ ഒരു വജ്ര വ്യാപാര സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ആയിരിന്നു ഇയാൾ.

എന്നാൽ തുടക്കത്തിൽ പ്രിൻസ് ഈ കുറ്റം സമ്മതിക്കുക ഉണ്ടായില്ല, ശേഷം കൂടുതൽ ഡിജിറ്റൽ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ ഇയാൾക്ക് എല്ലാം പോലീസിന് മുന്നിൽ ഏറ്റു പറയേണ്ടി വന്നു. അപകട സമയത് ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും, മണിക്കൂറിൽ 100 കിലോമീറ്ററോളം വേഗത്തിലുമായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഇയാൾ അപകടം സംഭവിച്ച കാർ 6 മാസമായി ഒരു അറ്റകുറ്റ പണിയും നടത്താതെ തന്റെ വീട്ടു മുറ്റത്തു തന്നെ രഹസ്യമായി കവർ ഇട്ട് മൂടി ഒതുക്കി ഇട്ടിരിക്കുകയായിരുന്നു. ഒരു പക്ഷെ താൻ ഈ കാർ നന്നാക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിൽ, വർക്ക്ഷോപ്പുകൾ കേന്ദ്രീകരിച്ചു നടത്തുന്ന പോലീസ് അന്വേഷണത്തിൽ താൻ പിടിക്കപ്പെടും എന്ന് ഇയാൾ മനസിലാക്കിയിരുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ ഈ ബുദ്ധി സാമർഥ്യം കാരണം തന്നെ ആണ് പ്രതി 6ആറ് മാസത്തോളം പിടിക്കപ്പെടാതെ പോയതും.

മനപ്പൂർവ്വം ഉള്ള നരഹത്യ കൂടാതെ തെളിവ് നശിപ്പിച്ചതിനും പ്രിൻസിന് എതിരെ പോലീസ് കേസ് എടുത്തു. ഒരു പക്ഷെ ഇയാൾ അപകടം നടന്ന ഉടനെ വണ്ടി നിർത്തി, അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുവാൻ ശ്രമിച്ചിരുന്നു എങ്കിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഉള്ള കേസ് മാത്രമേ ഇയാൾക്കെതിരെ ചുമത്തപ്പെടുമായിരുന്നുള്ളു.ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഒരു വാഹനാപകടമുണ്ടായാൽ അപകടത്തിൽ പെട്ടയാളെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കുവാൻ ബാധ്യസ്ഥനാണ്. ഇയാൾ കാണിച്ച, ബുദ്ധിയോ, ബുദ്ധിമോശമോ ഒടുവിൽ ഇയാളെ മനപ്പൂർവമുള്ള കൊലപാതക കേസിൽ പ്രതി ആക്കുകയും ചെയ്തു. ഒരു പക്ഷെ തെളിയിക്കപ്പെടാതെ കിടക്കുന്ന അനേകം കേസുകളുടെ പട്ടികയിൽ ഒന്ന് മാത്രം ആയി മാറുമായിരുന്ന ഒരു കേസ് ആയിരുന്നു ഇത്. എന്നാൽ കെ.പി സുധീർ എന്ന ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥന്റെ പഴുതടച്ചുള്ള അന്വേഷണമാണ് ഈ കേസിൽ ബിജീഷിന്റെ വിധവയ്ക്ക് നീതി ലഭിക്കുവാൻ ഇടയാക്കിയത്.

അപകടം നടന്ന റോഡിൽ സ്ഥാപിച്ചിരുന്ന C.C.T.V. ക്യാമെറ കളർ നൈറ്റ് വിഷൻ ഉള്ള തരത്തിലെ ക്യാമറ ആയിരുന്നെങ്കിൽ അനായാസം ഈ കേസിൽ അപകടം ഉണ്ടാക്കിയ കാർ പിടിക്കുവാൻ പോലീസിന് കഴിയുമായിരുന്നു, എന്നാൽ പഴയതരത്തിലെ C.C.T.V. ക്യാമെറയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ ഫുട്ടെജ് ആണ് പോലീസിന്റെ അന്വേഷണത്തിന് വിലങ്ങുതടിയായത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ ബുദ്ധിപരമായി ചിന്തിച്ചു ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ ഫുറ്റേജിന്റെ പരിമിതികളെ മറികടക്കുകയായിരുന്നു. സാധാരണയായി ഒരു വാഹനാപകടമുണ്ടായാൽ ഇടിച്ച വാഹനങ്ങളുടെ പെയിന്റ് പരസ്പരം ഉരസലുണ്ടാകുന്ന സ്ഥലങ്ങളിൽ പറ്റി പിടിക്കുകയോ പൊടിഞ്ഞു വീഴുകയോ ചെയ്യാറുണ്ട്. ഇവിടെ ഇടിച്ച കാറിന്റെ ബമ്പറിലും, ഗ്രില്ലിലും പെയിന്റ് ഇല്ലാതിരുന്നതിനാൽ വാഹനത്തിന്റെ നിറത്തെ സംബന്ധിച്ച തെളിവുകളൊന്നും അപകടസ്ഥലത് ലഭ്യമല്ലായിരുന്നു, ഇത്തരം തെളിവുകളുടെ അഭാവമായിരുന്നു ആദ്യത്തെ അന്വേഷണ സംഘത്തെ കുഴക്കിയത്. എന്നാൽ നിരവധി തെളിയാതെ കിടന്ന നിരവധി കേസുകൾ അന്വേഷിച്ചു പ്രാഗൽഭ്യം തെളിയിച്ച എ..എസ് .ഐ. കെ.പി. സുധീർ ബുദ്ധിപൂർവം കരുക്കൾ നീക്കി പ്രതിയെ കണ്ടെത്തുകയായിരുന്നു . കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് കൂടിയായ ഇദ്ദേഹത്തിന് ഒട്ടേറെ തെളിയാതെ കിടന്ന കേസുകൾ തെളിയിച്ചതിനു 2013 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

ഇന്ന് നമ്മുടെ നാട്ടിൽ റോഡ് അപകടങ്ങൾ വളരെ അധികം കൂടി വരികയാണ്. മിക്ക അപകടങ്ങളിലും ഇരകൾക്ക് തങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിനുള്ള പ്രഥമ കാരണം, തക്ക സമയത്ത് ലഭിക്കാത്ത ചികിത്സ തന്നെയാണ്. തന്റെ കയ്യിൽ നിന്നും ഒരു പിഴവ് പറ്റി പോയാൽ അതിനു എങ്ങനെ എത്രയും വേഗം പരിഹാരം കാണാം എന്ന് ചിന്തിക്കുന്നതിനു പകരം, എങ്ങനെ ഇതിൽ നിന്നും വിദഗ്ധമായി ഊരി പോരാം എന്ന് ചിന്തിക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ധാരാളമായുണ്ട്, അത്തരത്തിൽ ഒരാളായിരുന്നു മേൽ പറഞ്ഞ പ്രിൻസ് എന്ന വ്യക്തി. ഒരു പക്ഷെ ബി ജേഷ് എന്ന ആ ചെറുപ്പക്കാരന് തക്ക സമയത്ത് ചികിത്സ ലഭിച്ചിരുന്നു എങ്കിൽ, അയാൾ ഇന്നും ജീവനോടെ കാണുമായിരുന്നു, അയാളുടെ കുടുംബം ആശ്രയ രഹിതർ ആയി മാറുകയുമില്ലായിരുന്നു. ശെരിക്കും അത് ഒരു അപകട മരണം എന്ന് പറഞ്ഞു മാത്രം തള്ളി കളയാൻ കഴിയുന്ന ഒന്നല്ല, മറിച്ചു മനഃപൂർവ്വമായ നരഹത്യ തന്നെയാണ്. ഒരു പക്ഷെ തക്ക സമയത്ത് പോലീസിനെ വിളിച്ചു അറിയിക്കുകയോ, ആശുപത്രിയിൽ എത്തിക്കുകയോ ചെയ്തിരുന്നെങ്കിൽ രക്ഷിക്കുവാൻ കഴിയുമായിരുന്ന ഒരു ജീവൻ റോഡിൽ പൊലിഞ്ഞു പോയതിനു കാരണം കാർ ഓടിച്ചിരുന്നയാളിന്റെ അനാസ്ഥയും സമൂഹത്തോടുള്ള ഉത്തരവാദിത്തം ഇല്ലായ്മയുമാണ്. ഇങ്ങനെ ഉള്ളവരെ തീർച്ചയായും കണ്ടെത്തി ശിക്ഷ നൽകേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്, എന്തെന്നാൽ ഇത് സമൂഹത്തിന് എന്നും ഒരു പാഠം ആയിരിക്കും. ഇനി ഒരു ജീവനും തക്ക സമയത്ത് ചികിത്സ കിട്ടാതെ നമ്മുടെ റോഡുകളിൽ പൊലിയുവാൻ പാടില്ല.

Read also: ഏറ്റവും കൂടുതൽ മൈലേജുള്ള  5  ഇന്ത്യൻ ബൈക്കുകൾ !!!

ജസ്‌ന ഇപ്പോൾ എവിടെ?

Ad Widget
Ad Widget

Recommended For You

About the Author: admin

Close