
ന്യൂഡൽഹി: പുതിയ ഐടി നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ട്വിറ്ററിന് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ . പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാറ്റിയൂട്ടറി ഓഫീസർമാരെ ട്വിറ്റർ നിയമിക്കാത്തതിനെ തുടർന്നാണിത്. നിയമവിരുദ്ധ
ട്വീറ്റ്കൾക്ക് കമ്പനി ആയിരിക്കും ഇനി ഉത്തരവാദി. ട്വിറ്ററിനെതിരേ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത ഒരു കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം ഇക്കാര്യത്തിൽ ഇപ്പൊൾ വ്യക്തത വരുത്തിയിരിക്കുന്നത്.
ഗാസിയാബാദിൽ ജൂൺ അഞ്ചിന്, പ്രായമായ ഒരു മുസ്ലീം വൃദ്ധന് നേരെ ആറുപേർ ചേർന്ന് അക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് തന്റെ താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം മുദ്രാവാക്യങ്ങൾ വിളിക്കാൻ തന്നെ നിർബന്ധിച്ചുവെന്നും വൃദ്ധൻ ആരോപിച്ചിരുന്നു. അതേസമയം ഈ സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കമാണ് ട്വിറ്ററിൽ പ്രചരിച്ചതെന്നും ഇത് നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരേ യുപിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
എന്നാൽ വൃദ്ധന് നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാൾ വിറ്റ മന്ത്രത്തകിടുകളിൽ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറുപേർ ചേർന്നാണ് ഇയാൾക്കെതിരേ നടത്തിയതെന്നും യുപി പോലീസ് പറയുന്നത്.
ഈ സംഭവുമായി ബന്ധപ്പെട്ടാണ് പുതിയ ഐടി നിയമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും സ്റ്റാപോലീസ്ട്ടറി ഓഫീസർമാരെ ട്വിറ്റർ നിയമിച്ചില്ലെന്നും ചൂണ്ടിക്കാട്ടി
ട്വിറ്ററിന് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്.
നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീർത്തികരവുമായ ഉള്ളടക്കത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഇന്ത്യൻ മാനേജിങ് ഡയറക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനൽ നടപടി സ്വീകരിക്കാനും കഴിയും. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സമയം മെയ് 25ന് അവസാനിച്ചിരുന്നു.