
യു.എ.ഇ – ഇസ്രായേൽ കരാർ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ന്റെ മധ്യസ്ഥതയിൽ ആണ് കരാർ നിലവിൽ വന്നത്. അറബ് ലോകത്തു ഇസ്രായേലിനെ അംഗീകരിക്കുന്ന മൂന്നാമത്തെ രാഷ്ട്രമാണ് ഇപ്പോൾ യു.എ.ഇ നേരത്തെ അറബ് ലോകത്ത് 1979ഇൽ ഈജിപ്തും 1994ഇൽ ജോർദാനും ഇസ്രയേലുമായി സമാനമായ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇസ്രയേലിനെ അംഗീകരിക്കാനുള്ള യു.എ.ഇ.യുടെ തീരുമാനം അറബ് ലോകത്തെ നിർണായക ദിശാമാറ്റം ആയി വിലയിരുത്തപ്പെടുന്നു.
അമേരിക്കയുമായി സൗഹൃദത്തിൽ ഉള്ള അറബ് സുന്നി ഭൂരിപക്ഷ രാഷ്ട്രങ്ങൾ ഇസ്രായേലിനെക്കാൾ വലിയ ഭീഷണിയായി ഇറാനെയാണ്
കാണുന്നത്.
യു എ.ഇ – ഇസ്രായേൽ കരാർ യു.എ.ഇ ചെയ്ത വലിയ തെറ്റ് എന്നാണ് ഇറാൻ പ്രസിഡണ്ട് ഹസൻ റുഹാനി വിശേഷിപ്പിച്ചത്. പാലസ്തീൻ പ്രശ്നത്തിൽ യു.എ.ഇ വഞ്ചനാപരമായ നിലപാട് ആണ് ഇപ്പോൾ എടുക്കുന്നതെന്നും ഹസ്സൻ റുഹാനി ആരോപണമുന്നയിച്ചു. ഈ കരാർ തങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് എന്ന് ഇറാൻ കരുതുന്നു. സൗദി അറേബ്യയുടെ അറബ് ലോകത്തെ ഏറ്റവും വിശ്വസ്തനായ പങ്കാളിയായി ആണ് യു.എ.ഇ അറിയപ്പെടുന്നത്. സൗദി അറേബ്യയുടെ മൗനാനുവാദത്തോടെ ആണ് യു.എ.ഇ ഇസ്രായേലുമായി കരാറിൽ ഏർപ്പെട്ടത് എന്നും ഇറാൻ വിശ്വസിക്കുന്നു.
എന്നാൽ ഇറാനെ ലക്ഷ്യംവെച്ച് മാത്രമല്ല ഈജിപ്റ്റിലും, മറ്റ് അറബ് രാഷ്ട്രങ്ങളിലും മുസ്ലിം ബ്രദർഹുഡിന്റെ നേതൃത്വത്തിലുണ്ടായ മുല്ലപ്പൂ വിപ്ലവവും, ഐസിസ് ഭീകരവാദവും സൗദിഅറേബ്യ, യു.എ.ഇ അടക്കമുള്ള സുന്നി മുസ്ലിം മൊണാർക്ക് രാഷ്ട്രങ്ങളെ അസ്വസ്ഥമാക്കിയിരുന്നു.
മുല്ലപ്പൂ വിപ്ലവത്തിനും, ഐസിസ് ഭീകരവാദത്തിനും പിറകിൽ മുസ്ലിം സാമ്രാജത്വനായക മോഹമുള്ള ടർക്കിഷ് പ്രസിഡന്റ് തയ്യിപ് എർദോഗന്റെ അകമഴിഞ്ഞ പിന്തുണ ഉണ്ട് എന്ന് സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങൾ സംശയിക്കുന്നുണ്ട്. ടർക്കിഷ് ഓട്ടോമൻ സാമ്രാജ്യത്തിന്റെ പിന്മുറക്കാരൻ ആകാൻ ശ്രമിക്കുന്ന തയ്യിപ് എർദോഗൻ, മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് കാശ്മീർ വിഷയത്തിൽ സൗദി അറേബ്യ സ്വീകരിക്കുന്ന മൃദുനിലപാടിനെതിരെ ഈയിടെ വിമർശനമുന്നയിച്ചത് ഇതിന്റെ കൂടെ കൂട്ടിവായിക്കാവുന്നതാണ്.
ടർക്കിയും, ഇറാനും, ഖത്തറും ചേർന്നുള്ള പുതിയ ഇസ്ലാമിക അച്ചുതണ്ട് തങ്ങൾക്ക് വരും കാലത്ത് വലിയ ഭീഷണിയാണ് എന്ന് സൗദിഅറേബ്യയും, യു. എ.ഇയും മറ്റ് അറബ് സുന്നി രാഷ്ട്രങ്ങളും കരുതുന്നു.
പാലസ്തീൻ പ്രശ്നത്തിന്റെ നിലനിൽപ്പിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുന്നത് ഇറാനാണ് എന്നുള്ള തിരിച്ചറിവും ഈ തീരുമാനത്തിനു പിന്നിൽ കാണും.
യു.എ.ഇയുടെ പിറകെ മറ്റ് സുന്നി അറബ് രാഷ്ട്രങ്ങളും വരും നാളുകളിൽ കൂടുതൽ ഇസ്രയേൽ സഹകരണം എന്ന നിലപാട് എടുക്കും എന്ന് പല നയതന്ത്രവിദഗ്ധരും കരുതുന്നു.
By സഞ്ജയ് ദേവരാജൻ.
Read also: എന്താണ് ബ്ലാക്ക് ബോക്സ് :ചരിത്രവും പ്രവർത്തനവും
ഇനി കേന്ദ്രസര്‍ക്കാര്‍ ജോലി ആര്‍ക്കൊക്കെ കിട്ടും… നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെന്റ് എജന്‍സി വഴി