ജർമൻ കൊടുങ്കാറ്റിൽ കാറ്റലോണിയ ചാരമായി ; ബാഴ്‌സലണയെ ഗോൾ മഴയിൽ മുക്കി ബയേൺ മ്യൂണിക് സെമിയിൽ


Spread the love
ലിസ്ബൺ : ചാംപ്യൻസ് ലീഗ് മൂന്നാം ക്വാർട്ടർ ഫൈനലിൽ ബാഴ്‌സലോണയെ പിച്ചി ചീന്തി ജർമൻ ചാംപ്യൻമാരായ ബയേൺ മ്യൂണിക് 2020 സീസണിലെ സെമിയിൽ. ഗോൾ മഴ കണ്ട മത്സരത്തിൽ ബാഴ്‌സയെ രണ്ടിനെതിരെ  എട്ട് ഗോളുകൾക്ക് തകർത്തു കൊണ്ടാണ് ബയേൺ നാണം കെടുത്തിയത്.
ജയത്തോടെ ഈ സീസണിലെ സെമി പ്രവേശനം കരസ്ഥമാക്കിയ മൂന്നാമത്തെ ടീമായും ബയേൺ മ്യൂണിക് മാറി. അതേ സമയം മറുവശത്ത് സൂപ്പർതാരം ലയണൽ മെസ്സിയുടെ എഫ്. സി ബാർസലോണയാകട്ടെ ചാംപ്യൻസ് ലീഗ് ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ ക്ലബ്ബുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അപൂർവവും ഏറെക്കാലം മനസ്സിൽ സൂക്ഷിക്കാവുന്നതുമായ ഒരു ഫുട്ബോൾ വിരുന്നാണ് ലോകത്തെമ്പാടുമുള്ള ആരാധകർ പ്രതീക്ഷിച്ചത്.
പക്ഷെ, ബയേൺ – ബാഴ്‌സ ക്വാർട്ടർ ഫൈനൽ ആ നിലയിലേക്ക് എത്തിയില്ലെന്ന് മാത്രമല്ല ഏറെക്കുറേ ഏകപക്ഷീയമായ മത്സരവുമായിരുന്നു. ബയേൺ മ്യൂണിക് ടോട്ടൽ ഫുട്‍ബോളാണ് കളിച്ചത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചു കളിക്കാൻ തുടങ്ങിയ ജർമൻ ശക്തികൾ സാങ്കേതിക മികവാർന്ന പ്രധിരോധക്കോട്ട പണിയാനും മറന്നില്ല. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സയാകട്ടെ, അവരുടെ ശരാശരി പ്രകടനത്തിന്റെ നിഴൽ പോലുമായില്ല എന്നതാണ് യാഥാർഥ്യം. പന്ത് കൈവശം വെച്ച് കളിക്കുന്നതിൽ മാത്രമാണ് അവർ ബയേണിനൊപ്പം അൽപ്പമെങ്കിലും പിടിച്ചു നിന്നത്.
അർജെന്റീയുടെ പ്ലേമേക്കറും സമകാലിക ഫുട്‌ബോളിലെ ഇതിഹാസവുമായ ലയണൽ മെസ്സി മത്സരത്തിലുടനീളം മികവ് പുലർത്തിയെങ്കിലും അന്ദേഹത്തിനു പന്ത് എത്തിച്ചു കൊടുക്കുന്നതിൽ കാറ്റലോണിയൻ ഏറെക്കുറേ പൂർണമായും പരാജയപ്പെട്ടു. ലോക ഫുട്‌ബോളർ പട്ടം സ്വന്തമായുള്ള മെസ്സി കരിയറിലെ തന്നെ ഏറ്റവും ദയനീയമായ പരാജയമാണ് ലിസ്ബണിൽ ഏറ്റുവാങ്ങിയത്.
മത്സരം തുടങ്ങി നാലാമത്തെ മിനുട്ടിൽ തന്നെ  ബയേണിനായി സൂപ്പർ താരം തോമസ് മുള്ളർ സ്കോർ ചെയ്തു. ലെവൻഡോസ്‌കിയുടെ ബോക്സിന് മുമ്പിൽ നിന്നുള്ള പാസിൽ മുള്ളറിന്റെ ബുള്ളറ്റ് ഷോട്ട് ബാഴ്‌സയുടെ ഗോൾ വലയിലേക്ക് തുളഞ്ഞു കയറി. ബയേൺ താരം ആൽബ സെൽഫ് ഗോൾ വഴങ്ങിയതോടെ ബാഴ്‌സ ബയേണിന് ഒപ്പമെത്തി. കാറ്റലോണിയൻ മുന്നേറ്റം തടയിടാൻ ശ്രമിക്കുന്നതിനെതിരെ അബദ്ധവശാൽ പന്ത് വലയിലേക്ക് കയറുകയായിരുന്നു.
ഗോൾ നിരക്കിൽ തുല്യത പാലിച്ചതോടെ ബാഴ്‌സ താരങ്ങൾക്ക് അല്പം കൂടി ആത്മവിശ്വാസമുയർന്ന പോലെ തോന്നി.എന്നാൽ ഇരുപത്തിയൊന്നാം മിനുട്ടിലെ പെസിരിച്ചിന്റ ഗോളിലൂടെ ബയേൺ വീണ്ടും മത്സരത്തിലേക്ക് തിരിച്ചു വന്നു. ഗ്രബിയുടെ അളന്നു മുറിച്ചുള്ള ഷോട്ട് പെസിറിച്ച് വലതു വിങ്ങിൽ നിന്നുകൊണ്ട് ഗോൾ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് പായിച്ചു.
ബയേണിന്റെ രണ്ടാം ഗോളിന്റെ ഞെട്ടലുകൾ മാറുന്നതിന് മുമ്പ് തന്നെ ബാഴ്‌സയ്ക്ക് അടുത്ത പ്രഹരമേറ്റു. ഇരുപത്തിയേഴാമത്തെ മിനുട്ടിൽ ഗ്രാബിയാണ് ജർമൻ പടയ്ക്ക് വേണ്ടി ബാഴ്‌സയുടെ വലയിലേക്ക്   പന്ത് തൊടുത്തുവിട്ടത്. ദുർബലമായ കാറ്റലോണിയൻ പ്രതിരോധ നിരയുടെ നേർ ചിത്രം കൂടിയാണ് ബയേണിന്റെ മൂന്നാം ഗോൾ.
ഈ സമയത്തൊക്കെ ബാഴ്‌സയ്ക്ക് ഇതെന്തുപറ്റി എന്ന ചോദ്യമാകാം ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്ക് തോന്നിയിട്ടുണ്ടാവുക.സ്പാനിഷ് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം പത്ത് മിനുട്ടിനിടയിൽ വന്ന രണ്ട് ഗോളുകൾ സൃഷ്ടിച്ച ആഘാതം വളരെ വലുതായിരുന്നു. സുവാരസ് ഉൾപ്പെടെയുള്ള താരങ്ങളുടെ ശരീര ഭാഷയിൽ നിന്നുതന്നെ അത് വ്യക്തമായി.ബയേൺ കൊടുങ്കാറ്റിന് മുൻപിൽ സ്പാനിഷ് പ്രതിരോധനിര ഏറെക്കുറെ അപ്രത്യക്ഷ്യമായ പോലെ തോന്നി.
മത്സരത്തിന്റെ മുപ്പത്തിയൊന്നാമത്തെ മിനുട്ടിൽ കിമ്മിച്ചിന്റെ വലത് വിങ്ങിൽ നിന്നുള്ള ലോങ്ങ്‌ പാസിൽ നിന്നും തോമസ് മുള്ളർ അനായാസം പന്ത് പിടിച്ചെടുത്ത് ബാഴ്‌സയുടെ ഗോളി സ്റ്റീഗനെ  കാഴ്ചക്കാരനാക്കി വലയിലേക്ക് ആഞ്ഞടിച്ചു. ഒരു പക്ഷെ, മത്സരം പൂർണമായും നഷ്ടപ്പെടാൻ പോവുകയാണോ എന്ന തോന്നൽ കളി കാണുന്ന ഓരോ ബാഴ്‌സ ആരാധകനും തോന്നിയിരിക്കാം. മത്സരത്തിന്റെ ആദ്യ പകുതിയിൽ തോമസ് മുള്ളറുടെ ഇരട്ട ഗോൾ ഉൾപ്പെടെ നാല് ഗോളുകളാണ് ബയേൺ മ്യൂണിക് വാരിക്കൂട്ടിയത്. ബാഴ്‌സയ്‌ക്കാകട്ടെ ഡേവിഡ് ആൽബ കനിഞ്ഞു നൽകിയ സെൽഫ് ഗോളിൽ തൃപ്തിപ്പെടേണ്ടിയും വന്നു. രണ്ടാം പകുതിയിലും കാര്യങ്ങൾ മറിച്ചായിരുന്നില്ല.
സൂപ്പർതാരം ലൂയി സുവാരസിന്റെ അൻപത്തിയേഴാം മിനുട്ടിലെ ഗോൾ മാത്രമാണ് ബാഴ്‌സയ്ക്ക് ആശ്വസിക്കാൻ വക നൽകിയത്. 4-2 എന്ന ഘട്ടത്തിൽ തിരിച്ചു വരവിനുള്ള ശ്രമങ്ങൾ സ്പാനിഷ് പടയുടെ നീക്കങ്ങളിൽ കണ്ടെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. മത്സരത്തിന്റെ അറുപത്തിമൂന്നാമത്തെ മിനുട്ടിൽ കിമ്മിച്ചിലൂടെ അഞ്ചാം ഗോൾ നേടി ഈ മത്സരം തങ്ങളുടേതാണെന്നുള്ള മുന്നറിയിപ്പ് കാറ്റലോണിയൻ ജനതയ്ക്ക് ബയേൺ മ്യൂണിക് നൽകി. ബാഴ്‌സയുടെ പ്രതിരോധതാരം ഡേവിസിന്റെ   കാലുകളിൽ നിന്ന് പന്ത് തട്ടിയെടുത്താണ് കിമ്മിച്ച് സ്കോർ ചെയ്തത്.
കളിയുടെ എൺപത്തിരണ്ടാമത്തെ മിനുട്ടിൽ നിലവിലെ ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ ലെവൻഡോസ്കിയുടെ വകയും ബയേണിനായി  ഗോൾ വന്നു. പകരക്കാരനായിറങ്ങിയ കുട്ടീഞ്ഞോയുടെ പാസിൽ നിന്നാണ് ലെവൻഡോസ്കി ഗോൾ കണ്ടെത്തിയത് – സ്കോർ 6-2.  തിരിച്ചു വരവ് ഏറെക്കുറെ അസാധ്യകരമെന്ന്  തോന്നിയെങ്കിലും ബാഴ്സലോണ അവസാന നിമിഷം വരെ പൊരുതാനുള്ള മനഃസദ്ധത കാണിച്ചു.പക്ഷേ അമിതമായ വിധിയെഴുത്ത് മാറ്റിയെഴുതാൻ ആ പോരാട്ടം മതിയായിരുന്നില്ല. മത്സരം ഏറെക്കുറെ 6-2 എന്ന സ്കോറിന് അവസാനിക്കാൻ പോകുന്നു എന്ന ഘട്ടത്തിലാണ് പകരക്കാരനായിറങ്ങിയ കുട്ടീഞ്ഞോയുടെ സംഹാര താണ്ഡവം നടന്നത്.
മത്സരത്തിൻ്റെ എൺപത്തിയഞ്ച്, എൺപത്തിയൊമ്പത് മിനുറ്റുകളിൽ ഗോൾ നേടിയ കുട്ടീഞ്ഞോ ഇരട്ട ഗോൾ നേട്ടം ആഘോഷിച്ചു.ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ബാഴ്സലോണയുടെയും എണ്ണമറ്റ അവരുടെ ആരാധകരുടെയും നെഞ്ചിലേക്ക് ബയേൺ നിഷ്കരുണം നിറയൊഴിച്ച എട്ട് ബുള്ളറ്റുകളെ പോലെ തോന്നിച്ചു  ജർമ്മൻ പടയുടെ ആ എട്ട് ഗോളുകൾ.
ഐതിഹാസിക വിജയത്തോടെ ബയേൺ മ്യൂണിക് 2020  ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെത്തുന്ന മൂന്നാമത്തെ ടീമായി.അതോടൊപ്പം ലോക ഫുട്ബോളർ ലയണൽ മെസ്സിയുടെ  ബാഴ്സലോണയ്ക്ക് പുറത്തേക്കുള്ള വഴി തുറക്കലുമായി ഈ മത്സരം. ഇന്ന് നടക്കുന്ന, മാഞ്ചെസ്റ്റർ സിറ്റി – ലിയോൺ  മത്സരത്തിലെ വിജയികളായിരിക്കും സെമിയിൽ ബയേണിൻ്റെ എതിരാളികൾ.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു  നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക.
Ad Widget
Ad Widget

Recommended For You

About the Author: Anurag K G

Close