
ലിസ്ബൺ : യുവേഫ ചാംപ്യൻസ് ലീഗിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ജർമൻ ക്ലബ്ബായ ലെയ്പ്സിഗ് ന് ആവേശകരമായ വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തറ പറ്റിച്ചാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്.
![]() ലെയ്പ്സിക്കിന് വേണ്ടി ഡാനി ഒൽമെയും ആഡംസും ഗോൾ സ്കോർ ചെയ്തു. ജോ ഫെലിക്സ് ആണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ആശ്വാസ ഗോൾ നേടിയത്.അത്ലറ്റിക്കോയെ പോലെ കരുത്തരും പരിചയ സമ്പന്നരുമായ ഒരു ടീമിനെ ലെയ്പ്സിഗ് പോലുള്ള പുതുമുഖ ടീം അടിയറവ് പറയിപ്പിക്കുമെന്ന് ഒരു ശരാശരി ഫുട്ബോൾ ആരാധകനും കരുതിക്കാണില്ല. പക്ഷെ, തികച്ചും അർഹിക്കുന്ന ജയമാണ് ജർമൻ ക്ലബ്ബിന്റേതെന്ന് മത്സരം വീക്ഷിച്ച ഓരോരുത്തർക്കും മനസ്സിലാവും.
![]() തനത് ശൈലിയായ ഡിഫെൻസീവ് ഫുട്ബോളിൽ തന്നെയാണ് അത്ലറ്റികോ കളം നിറഞ്ഞത്. അതേ സമയം ജർമൻ കാൽപന്തു കളിയുടെ സൗന്ദര്യം ലെയ്പ്സിഗിന്റെ നീക്കങ്ങളിൽ പ്രകടമായി. ആക്രമിച്ചു കളിക്കുന്നതിനൊപ്പം മികച്ച ഡിഫൻസീവ് മിഡ് ഫീൽഡൊരുക്കാനും ലെയ്പ്സിഗ് ടീം ശ്രദ്ധിച്ചു. ബോക്സ് മിഡ് ഫീൾഡിലൂടെ തന്നെയാണ് അവർ മത്സരത്തിൽ കൂടുതൽ ആധിപത്യമുറപ്പിച്ചത്.ഇഞ്ചോടിഞ്ച് പോരാട്ടമെന്നോ തുല്യ ശക്തികളുടെ പോരാട്ടമെന്നോ ഗോൾ രഹിതമായ ആദ്യ പകുതിയെ വിശേഷിപ്പിക്കാം.
![]() പന്ത് കൈവശം വെക്കുന്നതിലും പാസുകളുടെ കൃത്യതയിലും ലെയ്പ്സിഗ് താരങ്ങൾ തന്നെയാണ് മുന്നിട്ടു നിന്നത്. അതിന് അവർക്ക് സഹായകമായത് ബോക്സ് മിഡ്ഫീൽഡിങ്ങും ആയിരുന്നു. അത്ലറ്റികോ അവരുടെ ഭാഗത്ത് കൂടുതൽ പ്രതിരോധക്കോട്ട പണിയാനും ശ്രമിച്ചു. അതാകട്ടെ ഏറെക്കുറെ സ്പാനിഷ് വമ്പന്മാർക് വിനയാകുകയും ചെയ്തു.
![]() ലെയ്പ്സിഗിന്റെ മെയ്വഴക്കമുള്ള കളിക്ക് ചുക്കാൻ പിടിച്ചത് ഡേയാട്ട് അപേമെക്കാനോ എന്ന സെന്റർ ബാക്ക് ഡിഫൻഡർ ആണ്. 21 വയസ്സുകാരനായ അപേമെക്കാനോയുടെ നീക്കങ്ങളിൽ ഭാവി വാഗ്ദാനമായേക്കാവുന്ന മികവുറ്റ ഒരു ഫുട്ബോളറെ കണ്ടു. കൃത്യമായി പാസിങ്ങിലൂടെ ലെയ്പ്സിഗ് മിഡ്ഫീൽഡിന്റെ നട്ടെല്ലെന്ന് പറയാവുന്ന പ്രകടനമാണ് പുറത്തെടുത്തത്. അസാമാന്യവും അനായാസകരവുമായ ബോൾ കണ്ട്രോളും ഡ്രിബിളുകളും കാഴ്ചവെച്ച യുവതാരം അത്ലറ്റികോ ആരാധകരുടെ പോലും മനം കവർന്നു എന്ന് പറഞ്ഞാൽ അതൊട്ടും അധികമാകില്ല.
![]() മത്സരത്തിന്റെ അമ്പതാമത്തെ മിനുട്ടിലാണ് ആദ്യ ഗോൾ പിറന്നത്. വലത് വിങ്ങിൽ നിന്നുള്ള സാബിറ്റ്സെറിന്റെ കൃത്യതയേറിയ പാസിൽ നിന്ന് ഡാനി ഓൾമോയാണ് ഹെഡ്ഡറിലൂടെ ലെയ്പ്സിഗിന് വേണ്ടി വല കുലുക്കിയത്. ഗോൾ വഴങ്ങിയ ശേഷം അത്ലറ്റികോ താരങ്ങൾ കുറച്ചുകൂടി ആക്രമിച്ചു കളിക്കാൻ ശ്രമിച്ചു. അതിനു തടയിടാൻ ലെയ്പ്സിഗിന്റെ മികവുറ്റ ഡിഫെൻഡർമാരും മറന്നില്ല.
![]() മത്സരത്തിന്റെ അൻപത്തിയേഴാം മിനുട്ടിലാണ് പോർച്ചുഗീസ് സ്ട്രൈക്കർ ഫെലിക്സ് അത്ലറ്റികോയ്ക്ക് വേണ്ടി പകരക്കാരനായെത്തുന്നത്. അതിനു ശേഷമാണ് സ്പാനിഷ് ക്ലബ് ആക്രമിച്ചു കളിക്കുന്നതിൽ ഏറെ മുന്നോട്ട് പോയത്. കളിക്കളത്തിലിറങ്ങി പതിനാല് മിനുട്ടുകൾക്കുള്ളിൽ ഒരു പെനാൽറ്റി ഗോൾ നേടി ഫെലിക്സ് അത്ലറ്റികോയെ ലെയ്പ്സിഗിന്റെ ഒപ്പമെത്തിച്ചു. പോർച്ചുഗീസ് സ്ട്രൈക്കറുടെ ചാംപ്യൻസ് ലീഗ് സീസണിലെ മൂന്നാം ഗോൾ കൂടിയായിരുന്നു അത്. മത്സരത്തിന്റെ അവസാന ഇരുപത് മിനിറ്റുകളിൽ ഇരു ടീമുകളും പരസ്പരം ആക്രമിച്ചു കളിച്ചു.
![]() 1-1 ന് മത്സരം അധിക സമയത്തേക്ക് നീണ്ടുപോകുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ്ലെയ്പ്സിഗ് രണ്ടാമത്തെ ഗോൾ നേടി അത്ലറ്റികോയെ ഞെട്ടിച്ചത്. എൺപത്തിയെട്ടാമത്തെ മിനുട്ടിൽ ആഡംസാണ് ലെയ്പ്സിഗിന് വേണ്ടി മാഡ്രിഡ് ആരാധകരുടെ നെഞ്ചിലേക്ക് നിറയൊഴിച്ചത്. ബോക്സിന് പുറത്ത് നിന്ന് ആഡംസ് അടിച്ച പന്ത് അത്ലറ്റികോയുടെ പ്രതിരോധ താരത്തിന്റെ കാലുകളിൽ തട്ടി ഗോൾവലയിലേക്ക് കയറുകയായിരുന്നു. ലീഡ് നേടിയ ശേഷം വർദ്ധിത വീര്യത്തോടെയാണ് ലെയ്പ്സിഗ് താരങ്ങൾ കളിച്ചത്.
![]() മത്സരത്തിന്റെ അഞ്ച് മിനുട്ടുള്ള അധിക സമയത്ത് ഗോൾ മടക്കാൻ അത്ലറ്റികോ മാഡ്രിഡ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ അതൊരു ചരിത്രമായി. രൂപം നൽകിയിട്ട് വെറും 11 വർഷങ്ങൾ മാത്രമായുള്ള ഒരു ക്ലബ്ബിന്റെ ചാംപ്യൻസ് ലീഗ് സെമി പ്രവേശനം. 2009ൽ ആണ് ജർമനിയിൽ ആർ. ബി ലെയ്പ്സിഗ് ക്ലബ് രൂപീകൃതമായത്. അവരുടെ നേഗിൾസ്മാൻ എന്ന യുവ പരിശീലകന്റെ വിജയം കൂടിയായി അത്.
![]() ഒത്തിണക്കത്തോടെയും ലക്ഷ്യ ബോധത്തോടെയുമുള്ള ജർമൻ ഫുഡ്ബോളിന്റെ ദൃശ്യാവിഷ്ക്കരമാണ് ലെയ്പ്സിഗ് മൈതാനത്ത് പ്രകടമാക്കിയത്. ചരിത്ര വിജയത്തോടെ ചാംപ്യൻസ് ലീഗ് 2020 സീസണിലെ സെമി ഫൈനലിലെത്തിയ അവർക്ക് ഇനിയുള്ള കാര്യങ്ങൾ അത്ര എളുപ്പമല്ല. എന്തെന്നാൽ എതിരാളികൾ കരുത്തരാണ് – ഫ്രഞ്ച് ചാംപ്യൻമാരായ പി. എസ്. ജി. കാത്തിരിക്കാം ആ പോരാട്ടത്തിനായി !
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക.
|
|