
മഹാമാരി വലയം ചെയ്തിരിക്കുന്ന ഒരു ദുസ്സഹമായ സാഹചര്യത്തിലൂടെ ആണ് നാം ഏവരും ഇന്ന് കടന്ന് പോയിക്കൊണ്ട് ഇരിക്കുന്നത്. അതിനാൽ തന്നെ വളരെ അധികം നിയന്ത്രണങ്ങളും ദൈനംദിന ജീവിതത്തിൽ നമുക്ക് ഓരോരുത്തർക്കും നേരിടേണ്ടി വരുന്നു. ഈ നിയന്ത്രണങ്ങളിൽ പ്രധാനമാണ്, മുൻപത്തെ പോലെ പൊതു ഇടങ്ങളിൽ നിർഭയമോടെ നമുക്ക് ചിലവഴിക്കുവാൻ കഴിയുന്നില്ല എന്നത്. ഒരു പക്ഷെ പൊതു ഇടങ്ങളിൽ നമ്മൾ അനാവശ്യമായി ചിലവിടുന്ന ഒരു നിമിഷം നമ്മളെ ഒരു രോഗി ആക്കി മാറ്റിയിരിക്കാം എന്നൊരു സാഹചര്യത്തിലൂടെ ആണ് നാം ഏവരും ഇന്ന് കടന്ന് പോയിക്കൊണ്ട് ഇരിക്കുന്നത്. അതിനാൽ തന്നെ ഈ അസുഖങ്ങളിൽ നിന്നും നമ്മളെയും, നമ്മൾ വഴി നമ്മുടെ വീട്ടിൽ ഉള്ളവരെയും ഒരു പരിധി വരെ തടഞ്ഞു നിർത്തുവാൻ അനാവശ്യമായി പുറത്തുള്ള നമ്മുടെ സമ്പർക്കം ഒഴിവാക്കിയാൽ സാധിക്കുന്നത് ആണ്.
എന്നാൽ ഒരു സാധാരണ മനുഷ്യന് പുറം ലോകവുമായി ഒരു ബന്ധവും വെച്ച് പുലർത്താതെ ജീവിക്കുക എന്നത് തീർത്തും പ്രയാസകരം ആണ്. പക്ഷെ നമുക്ക് ചെയ്യുവാൻ കഴിയുന്ന ഒരു പ്രധാന കാര്യം ആണ്, ഈ അവസരങ്ങൾ കഴിവതും ഒഴിവാക്കാം എന്നത്. ധനകാര്യപരം ആയ ഇടപാടുകൾ ഓൺലൈൻ മൂലം നടത്തുന്നത് വഴി ഒരു പരിധി വരെ നമുക്ക് പൊതു ഇടങ്ങളിൽ നിന്നും മാറി നിൽക്കാവുന്നതാണ്. ഉദാഹരണത്തിന്, വീട്ടിലെ കറന്റ് ബിൽ അടയ്ക്കുവാൻ വേണ്ടി മിനിറ്റുകൾ ഓളം തിക്കി തിരക്കുന്ന വരിയിൽ നിന്ന് ബിൽ അടച്ചു കോറോണയും ആയി വീട്ടിൽ വരുന്നതിലും എന്ത് കൊണ്ടും ഭേദം അല്ലെ, വീട്ടിൽ ഇരുന്ന് നിമിഷ നേരം കൊണ്ട് ബിൽ അടയ്ക്കുവാൻ സാധിക്കുന്നത്. ഇത് പോലെ തന്നെ ഓരോ കാര്യവും ഓൺലൈൻ വഴി പണമിടപാട് നടത്തി നമ്മുടെ വീട്ടുപടിക്കൽ എത്തിക്കാവുന്നതാണ്. ഈ ഓൺലൈൻ പണമിടപാടിനു സഹായിക്കുന്ന ഒരു ടെക്നോളജി ആണ് യു. പി. ഐ (U. P. I).
U. P. I ‘എന്നാൽ യൂണിഫോം പേയ്മെന്റ് ഇന്റർഫേസ്’ (Uniform Payment Interface). നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും(N. P. C. I), റിസർവ് ബാങ്കും ചേർന്ന് പണമിടപാടിനു വേണ്ടി തയ്യാറാക്കിയ ഏകീകൃത ടെക്നോളജി ആണ് U. P. I. ഇത് ഉപയോഗിച്ച്, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരു വ്യക്തിയ്ക്കും, സ്വന്തം അക്കൗണ്ടിൽ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ വഴിയോ, നേരിട്ടോ പണം കൈമാറ്റം ചെയ്യുവാൻ സാധിക്കുന്നത് ആണ്. വളരെ എളുപ്പത്തിൽ തന്നെ ഈ വിദ്യ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യാം എന്നത് ആണ് ജനങ്ങളെ ഇതിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. ഒരു സ്മാർട്ട് ഫോണിന്റെ സഹായത്താൽ, സ്വീകർത്താവിന്റെ അക്കൗണ്ട് നമ്പർ പോലും ആവശ്യമില്ലാതെ തന്നെ നമുക്ക് അനായാസമായി പണം കൈമാറ്റം ചെയ്യാവുന്നതാണ്. ഇതിന് സഹായകമാകുന്ന അനേകം ആപ്പുകൾ നമുക്ക് ലഭ്യമാണ്. ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ, പേ ടിഎം മുതലായ അനവധി ആപ്പുകൾ ഇന്ന് ഈ രംഗത്ത് സജീവം ആണ്.
സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടും, ഒരു സ്മാർട്ട് ഫോണും ഉള്ള ഏതൊരു വ്യക്തിയ്ക്കും ഈ സേവനം ഉപയോഗപ്പെടുത്തുവാൻ കഴിയുന്നതാണ്. ഇതിനു വേണ്ടി ആദ്യം അനുയോജ്യമായ ആപ്പ്, ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന ഫോണിൽ ഡൗൺലോഡ് ചെയ്യുകയും, ആവശ്യമായ വിവരങ്ങൾ അതിൽ നൽകിയതിന് ശേഷം ബാങ്കിൽ നിന്നും, ഫോണിൽ ലഭിക്കുന്ന ഒ. ടി. പി മെസ്സേജ് ഉപയോഗിച്ചു ഇത് നമുക്ക് പ്രവർത്തന സജ്ജം ആക്കി എടുക്കാവുന്നതും ആണ്. എന്നാൽ പലരിലും ആശങ്ക ഉളവാക്കുന്ന ഒരു കാര്യം ആണ്, ഇത് എത്രത്തോളം സുരക്ഷിതം ആണ് എന്നത്. ബാങ്ക് വഴി നേരിട്ട് പണം ഇടപാട് നടത്തുന്നത് പോലെ തന്നെ ഇതും സുരക്ഷിതം ആണ് എന്നതാണ് വാസ്തവം. പാസ്സ്വേർഡ് ഉപയോഗിച്ചു മാത്രമേ നമുക്ക് ഇത് വഴി പണം കൈമാറ്റം ചെയ്യുവാൻ സാധിക്കുകയുള്ളു. അതിനാൽ തന്നെ, ഒരു പക്ഷെ ഈ ഫോൺ നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയാൽ, മറ്റൊരാൾ ഇത് വഴി പണം കൈമാറ്റം ചെയ്യുമോ എന്ന ആശങ്കയ്ക്ക് പ്രസക്തിയില്ല.
2016 ൽ ആരംഭിച്ച ഈ പദ്ധതിയ്ക്ക്, തുടക്കത്തിൽ 21 ബാങ്കുകൾക്ക് ആണ് N. P. C. I, യു. പി. ഐ അനുമതി നൽകിയിരുന്നത്. എന്നാൽ ഇന്ന് 216 ൽ പരം ബാങ്കുകൾ ഈ ടെക്നോളജി ഉപയോഗിച്ച് പണം കൈമാറ്റം നടത്തുന്നു. 1 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള ഏതൊരു പണം ഇടപാടും ഇത് വഴി നിലവിൽ സാധ്യമാകുന്നതാണ്. 2021 മെയ് മാസത്തിലെ കണക്ക് പ്രകാരം 100 മില്യൺ ആക്റ്റീവ് ഉപഭോക്താക്കൾ ആണ് യു. പി. ഐ ക്ക് ഉള്ളത്. 2025 ഓട് കൂടി ഇത് 500 മില്യണിലേക്ക് എത്തിക്കുവാൻ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്. ദിനം പ്രതി വളർന്നു കൊണ്ടിരിക്കുന്ന ഈ ടെക്നോളജി, കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കൊണ്ട് ഇരിക്കുക ആണ്. സമയം ലാഭിക്കുന്നതിൽ ഉപരി, ഇന്ന് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു അവസ്ഥ കണക്കിലെടുത്തു നോക്കുമ്പോൾ എന്ത് കൊണ്ടും സുരക്ഷിതമായ ഒരു രീതി ആണ് ഓൺലൈൻ പണം കൈമാറ്റം.
പണ്ട് കാലങ്ങളിൽ നമ്മടെ ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് 1 രൂപ കൈമാറണം എങ്കിൽ പോലും ബാങ്കിൽ പോയി ക്യു നിന്ന്, ഫോം പൂരിപ്പിച്ചു നൽകി ദിവസങ്ങൾ ഓളം കാത്തിരിക്കണമായിരുന്നു. ഈ രീതിയെ N. E. F. T എന്ന് പറയുന്നു എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി ഇവയെല്ലാം നമ്മുടെ വിരൽ തുമ്പിൽ എത്തിയിരിക്കുന്നു. ബാങ്കുകളിലെ തിരക്ക് കുറയ്ക്കുവാനും, ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ നിർവഹിക്കാനും N. E. F. T നെ രൂപാന്തരപ്പെടുത്തി, ഒരു ദിവസം കൊണ്ട് ബാങ്ക് വഴി പണം കൈമാറ്റം ചെയ്യാൻ സാധിക്കുന്ന R. T. G. S, പിന്നീട്, I. M. P. S എന്നീ സംവിധാനങ്ങളും കൊണ്ട് വന്നിരുന്നു. എന്നാൽ അതിൽ നിന്നും പ്രതീക്ഷിച്ച വിധത്തിൽ, ജോലി ഭാരം കുറവ് വന്നില്ല എന്നതു കൊണ്ട് പിന്നീട് 2016 ൽ, അന്നത്തെ റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന രഘുരാം രാജൻ, രാജ്യത്തെ 21 ബാങ്കുകളെ കോർത്തിണക്കി, 2016 ഓഗസ്റ്റ് 25 ന് U. P. I എന്നൊരു ടെക്നോളജി പുതിയതായി ജനങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുക ആയിരുന്നു. ജനങ്ങളിൽ നിന്നും ലഭിച്ച വമ്പിച്ച സ്വീകാര്യത, ഈ ടെക്നോളജിയെ ദിനം പ്രതി വളർത്തി ഇന്ന്, ഒഴിച്ചുകൂടാൻ കഴിയുവാത്ത ഒരു സംവിധാനം ആയി മാറുകയും ചെയ്തു.