
ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ ടെസ്റ്റ് നടത്തുന്ന രാജ്യം അമേരിക്കയാണെന്ന്, യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇത് വരെ 50 മില്യൺ ടെസ്റ്റുകൾ ആണ് അമേരിക്ക നടത്തിയിട്ടുള്ളത്. ടെസ്റ്റുകളുടെ കണക്കിൽ തൊട്ടു പിന്നിലായി, രണ്ടാം സ്ഥാനത്തു തന്നെ ഇന്ത്യയും ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് മഹാമാരിക്ക് എതിരായി ട്രംപിന്റെ ഭരണകൂടം നടത്തി വരുന്ന പ്രവർത്തനങ്ങളെ പറ്റി വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. അമേരിക്കയിൽ ഏകദേശം 1,40,000 ആളുകൾ കോവിഡ് മഹാമാരി മൂലം മരണപ്പെട്ടു, 3.8 മില്യൺ ജനതയെ ഇത് വരെ കോവിഡ് ബാധിച്ചു. എന്നാൽ അമേരിക്കൻ സമ്പത് വ്യവസ്ഥ പതിയെ സാധാരണ നിലയിലേക്ക് തിരികെ വരികയാണെന്നും, മഹാമാരി ഇപ്പോൾ രാജ്യത്തിന്റെ ‘സൺ ബെൽറ്റ്’ ഭാഗത്താണ് കൂടുതലായി ബാധിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഒരു കുടുംബമായി നിന്ന്, നഷ്ടപ്പെട്ട ഓരോ ജീവനെയും ഓർത്തു ഞങ്ങൾ വിലപിക്കുന്നു എന്നും, മാത്രമല്ല നമ്മൾ കോവിഡിനെ തോൽപ്പിക്കുകയും, അതിനെതിരായ വാക്സിൻ ഉടൻ തന്നെ കണ്ടെത്തുകയും, വൈറസിനെ തോൽപ്പിക്കുകയും ചെയ്യുമെന്ന് താൻ പ്രതിജ്ഞ ചെയ്യുന്നു എന്നും അറിയിച്ചു. കൂടാതെ ചികിത്സാ മാർഗ്ഗങ്ങളുടെ വികസനത്തിനും, വാക്സിൻ വികസനത്തിനുമായി തങ്ങൾ അഹോരാത്രം പരിശ്രമത്തിലാണെന്ന് കൂടി അദ്ദേഹം മാധ്യമങ്ങൾക്ക് റിപ്പോർട്ട് നൽകി. ഈ രോഗത്തെ പറ്റി തങ്ങൾ ഇപ്പോൾ കൂടുതൽ പഠിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ, ഇനി മുതൽ ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത ഉള്ളവരെ സംരക്ഷിക്കുകയും, പ്രതീക്ഷിച്ചതിലും പെട്ടന്ന് തന്നെ വാക്സിന്റെ കണ്ടുപിടുത്തം സാധ്യമാക്കുകയും ചെയ്യും എന്ന് ട്രംപ് കൂട്ടി ചേർത്തു.
അമേരിക്കയിൽ ഇതുവരെ 50 മില്യൺ പരിശോധനകൾ നടന്നു കഴിഞ്ഞു. പരിശോധനയുടെ കണക്കിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ ഇത് വരെ 12 മില്യൺ ടെസ്റ്റുകൾ ആണ് നടന്നത്. മറ്റു രാജ്യങ്ങളിൽ 7 മില്യൺ, 6 മില്യൺ, 4 മില്യൺ തുടങ്ങിയ രീതിയിൽ 10 മില്യണിൽ താഴെ പരിശോധനകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. കണക്കുകൾ പ്രകാരം കുട്ടികളിലാണ് ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മൂലം മരണമടഞ്ഞവരിൽ 99.96% ആളുകളും മുതിർന്നവരാണ്. ഇത്തരം അപകട സാധ്യതകൾ മനസ്സിലാക്കിക്കൊണ്ട് രോഗത്തെ എങ്ങനെ പ്രധിരോധിക്കാമെന്നും പഠിക്കുന്നുണ്ട്. ഇത് മൂലം അമേരിക്കയിൽ മരണ സംഖ്യ കുറയ്ക്കാൻ പറ്റുമെന്നും ട്രംപ് പറയുകയുണ്ടായി.