ബോംബെ അധോലോകത്തെ “തമിഴ് പയ്യൻ”.


Spread the love

ബോംബെ അധോലോകത്തിന്റെ തുടക്കക്കാർ ആരൊക്കെയായിരുന്നു എന്ന് ചോദിച്ചാൽ, മൂന്നു പേരുകളായിരിക്കും ഉയർന്നു വരുന്നത്. ഹാജി മസ്താൻ, വരദരാജ മുതലിയാർ, കരിം ലാലാ. ഈ കൂട്ടത്തിൽ വരദരാജ മുതലിയാർ എന്ന പേര് കേൾക്കുമ്പോൾ തന്നെ, ഒരു തമിഴ് ബന്ധം പലർക്കും തോന്നിക്കാണും. അതേ വരദരാജ മുതലിയാർ ഒരു തമിഴ് പയ്യൻ തന്നെ ആയിരുന്നു. തെക്കു നിന്നും വണ്ടി കയറി ബോംബെയിലെത്തി അവസാനം ബോംബെ അധോലോകം വാണ കഥ.


1926-ൽ തമിഴ്നാട്ടിലെ തൂത്തുകുടിയിൽ, ഒരു ദരിദ്ര കുടുംബത്തിൽ ഒരു യൂണിയൻ നേതാവിന്റെ മകനായി വരദരാജ മുതലിയാർ ജനിച്ചു. ബ്രിട്ടീഷ്കാർക്ക് എതിരെയുള്ള ജനങ്ങളുടെ പോരാട്ടം വളരെ ശക്തമായി തന്നെ നടക്കുന്ന സമയം ആയിരുന്നു അത്. അതിനിടെ തൂത്തുക്കുടിയിൽ നടന്ന ഒരു വെടി വെയ്‌പ്പിൽ വരദരാജന്റെ അച്ചൻ മരണമടഞ്ഞു. യാതൊരു രീതിയിലും കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ മുതലിയാർ 1945-ൽ തൂത്തുക്കുടിയിൽ നിന്നും ബോംബെയിലേക്ക് കള്ള വണ്ടി കയറി. ബോംബെയിൽ കാല് കുത്തിയ മുതലിയാർ വെറും ഒരു തമിഴ് പയ്യൻ മാത്രം ആയിരുന്നു. എന്നാൽ ഈ ചെറുപ്പക്കാരൻ ബോംബെ നഗരം തന്നെ വിറപ്പിക്കുന്ന ഡോൺ ആയി പിന്നീട് മാറുകയായിരുന്നു.

ഇന്നത്തെ ഛത്രപതി ശിവജി മഹാരാജ ടെർമിനസിൽ, അന്ന് ദിവസേന 1 രൂപ 25 പൈസ എന്ന കൂലിയിൽ ചുമടെടുക്കൽ ആയിരുന്നു മുതലിയാരുടെ ആദ്യ തൊഴിൽ. കഠിനാധ്വാനിയായ മുതലിയാർ തനിക്ക് കിട്ടുന്നതിൽ ഒരു പങ്ക് പാവങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരുന്നു. പോർട്ടർ ആയി ജോലി ചെയ്യുന്ന സമയത്ത് തന്നെ, സി എസ് ടി സ്റ്റേഷന് അടുത്തുള്ള ദർഗയിൽ പാവങ്ങൾക്കായി ഭക്ഷണം വിതരണം ചെയ്തിരുന്നു. പിന്നീട് തന്റെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും മുതലിയാർ തന്റെ ഈ പതിവ് തെറ്റിച്ചിട്ടില്ല.


വെറും ഒരു കൂലിക്കാരനായി മാത്രം ഒതുങ്ങിയാൽ ഒന്നും നേടാനാവില്ല എന്ന ചിന്ത പിന്നീട് മുതലിയാരെ ചെറിയ ചെറിയ മോഷണങ്ങളിലേക്ക് നയിച്ചു. തുടർന്ന് ചെറിയ തോതിൽ മദ്യ വില്പനയും ആരംഭിച്ചു. ടയർ ട്യൂബുകളിൽ മദ്യം നിറച്ചായിരുന്നു മുതലിയാരുടെ വില്പന. ധാരാവി പോലുള്ള ചേരികൾ ആയിരുന്നു മുതലിയാരുടെ വില്പന കേന്ദ്രം. ആ കാലത്ത് ബോംബെയിൽ എത്തിച്ചേരുന്ന ദക്ഷിണ ഇന്ത്യക്കാരുടെ അഭയ കേന്ദ്രം ആയിരുന്നു മുതലിയാർ. അവർ സ്നേഹത്തോടെ അദ്ദേഹത്തെ വരദ ഭായ് എന്ന് വിളിച്ചു.


ശേഷം മുതലിയാർ ബോംബയിലെ വളർന്നു വന്നിരുന്ന അധോലോക നായകൻ ആയിരുന്ന ഹാജി മസ്താനുമായി സൗഹൃദം സ്ഥാപിച്ചു. മറ്റൊരു തമിഴ്നാട്ടുകാരനായ ഹാജി മസ്താന്റെ വിശ്വാസ്യത പിടിച്ചു പറ്റാൻ മുതലിയാർക്ക് പെട്ടന്ന് തന്നെ സാധിച്ചു. അങ്ങനെ മസ്താൻ വരദ രാജനെ തന്റെ അടുത്ത സുഹൃത്തായി കണക്കാക്കി. ബോംബെ തുറമുഖം വഴി വന്നെത്തുന്ന സാധനങ്ങൾക്ക് ബ്രിട്ടീഷുകാർ ഉയർന്ന നികുതി അടിച്ചേൽപ്പിച്ചിരുന്ന സമയമായിരുന്നു അത്. അതിനെതിരെ നികുതി വെട്ടിച്ച്, തുറമുഖത്ത് നിന്ന് സാധാരണക്കാർക്ക് സാധനം കൈമാറാൻ ഹാജി മസ്താന് സഹായം ആയി നിന്നത് മുതലിയാർ ആയിരുന്നു. അങ്ങനെ കള്ളക്കടത്തിലൂടെ പതിയെ വരദരാജൻ തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ തുടങ്ങി. പിന്നീട് ധാരാവി പോലുള്ള ചേരികളിലെ പ്രശ്നങ്ങൾക്ക് തീർപ്പ് കല്പിക്കുന്ന ഒരു ശക്തിയായി മാറി വരദരാജ മുതലിയാർ.


പിന്നീട് മുതലിയാരുടെ വളർച്ച വളരെ പെട്ടന്നായിരുന്നു, കള്ളക്കടത്ത്, കൊള്ളയടി, വ്യാജ മദ്യം കടത്തൽ, വൻ മുതലാളിമാരുടെ വാടക കൊലയാളി, എന്നിങ്ങനെ മുതലിയാർ തന്റെ സാമ്രാജ്യം പടുത്തുയർത്തി. പിന്നീട്, വരദരാജൻ കൈ വയ്ക്കാത്ത മേഖലകൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. വരദരാജന്റെ വളർച്ച ഹാജി മസ്താന്റെയും വളർച്ച ആയിരുന്നു. വരദരാജനെ പോലൊരു കരുത്തൻ തന്റെ വലം കൈ ആയി നിന്നതുകൊണ്ട് വളരെ പെട്ടന്ന് തന്നെ ഹാജി മസ്താന് ബോംബെയിലെ കിരീടം വെക്കാത്ത രാജാവായി മാറാൻ സാധിച്ചു.


എന്നാൽ, 1980-കളിൽ ഹാജി മസ്താൻ തന്റെ കള്ളക്കടത്തു സാമ്രാജ്യം അവസാനിപ്പിച്ചു. ആ സമയത്ത് ഒരു ഡോൺ ആയി വരദരാജ മുതലിയാർ അവരോധിക്കപ്പെട്ടു. എന്നാൽ, മുതലിയാരുടെ തളർച്ച അവിടെ നിന്നാണ് ആരംഭിച്ചത് എന്ന് പറയാം. മുംബൈ പോലീസിൽ Y.C പവാർ എന്നൊരു കരുത്തനായ പോലീസ് ഓഫീസർ ചാർജ് എടുത്തത് തന്നെ ആയിരുന്നു അതിനു കാരണം. അത് വരെ പോലീസുകാർ ഗുണ്ടകളുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരായിരുന്നു. എന്നാൽ പവാർ വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.


എൻകൗണ്ടർ വിദഗ്ദൻ ആയിരുന്ന പവാർ, നഗരം സമാധാനപൂർവ്വം ആക്കണമെങ്കിൽ ഗുണ്ടാ സംഘങ്ങളെ തുടച്ചു നീക്കണം എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. വരദരാജ മുതലിയാരെ ലക്ഷ്യം വെച്ച് നടത്തിയ ഓപ്പറേഷനുകളിൽ മുതലിയാരുടെ ഗ്യാങിലെ ഒരുപാട് ഗുണ്ടകൾ കൊല്ലപ്പെടുകയും, നിരവധി പേര് ജയിലിൽ അടക്കപ്പെടുകയും ചെയ്തു.തന്റെ സാമ്രാജ്യത്തിന്റെ വേരിളകാൻ തുടങ്ങിയെന്ന് മനസ്സിലാക്കിയ മുതലിയാർക്ക് അടുത്ത ലക്ഷ്യം താൻ ആയിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ 1983-ൽ മുതലിയാർ തന്റെ അധോലോക ജീവിതം എന്നന്നേക്കുമായി ഉപേക്ഷിച്ചു, തന്റെ ജന്മ നാടായ തമിഴ്നാട്ടിലേക്ക് തന്നെ വിശ്രമ ജീവിതം നയിക്കാനായി തിരിച്ചുവന്നു. എന്നിരുന്നാലും പല തമിഴ് രാഷ്ട്രീയക്കാരും മുതലിയാരുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. 1983-ൽ നടന്ന മുതലിയാരുടെ മകളുടെ വിവാഹത്തിന് ഒരു മുഖ്യ അതിഥി ആയി M.G.R തന്നെ എത്തിയിരുന്നു. 1988-ൽ വിശ്രമ ജീവിതം നയിക്കവേ ഹൃദയാഘാതത്താൽ മുതലിയാർ മരണമടഞ്ഞു.


ഉറ്റ സുഹൃത്തിന്റെ മരണ വാർത്ത അറിഞ്ഞ് എത്തിയ ഹാജി മസ്താൻ ഒരു ചാർട്ടേഴ്‌ഡ് വിമാനത്തിൽ മുതലിയാരുടെ, ഭൗതിക ശരീരം മുംബൈയിൽ പൊതു ദർശനത്തിനു വയ്ക്കാനായി കൊണ്ട് പോയി. പതിനായിരക്കണക്കിന് ആളുകളായിരുന്നു അന്ന് അവിടെ തിങ്ങിക്കൂടിയത്. സാധാരണ ജനങ്ങൾക്ക് മുതലിയാരോടുള്ള സ്നേഹം തന്നെ ആയിരുന്നു അതിനു കാരണവും.

25 വർഷം ബോംബെയെ വിറപ്പിച്ച “അരുൺ ഗാവ്‌ലി യെ കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു

https://exposekerala.com/arun-gawli/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close