വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: കൊല്ലാന്‍ തന്നെയായിരുന്നു ആക്രമിച്ചത്


Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ ഇന്ന് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വനിതയെ കസ്റ്റഡിയിലെടുത്തതായി സൂചന. പ്രതികളായ സജീവിനെയും സനലിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച വനിതയാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം വെള്ളറടയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്ക് ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ട്. മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.
അതേസമയം കൊല്ലാന്‍ ഉദേശിച്ച് തന്നെയാണ് പത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മിഥിലാജിനെയും ഹഖിനെയും ആക്രമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് കാരണമെന്നും മിഥിലാജിന്റെ സഹോദരന്‍ നിസാം മാദ്ധ്യമങ്ങളോട് പറഞ്ഞു. ”ഏറെക്കാലമായി ഡി.വൈ.എഫ്.ഐയിലും പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്ന ഇരുവരെയും ഇല്ലാതാക്കിയാല്‍ സി.പി.എമ്മിന്റെ വളര്‍ച്ച തടയാമെന്ന് അവര്‍ വിചാരിച്ചിരിക്കാം. കൊല്ലുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുവരെയും ക്രൂരമായി ആക്രമിച്ചത് ” എന്നും നിസാം പറഞ്ഞു.
”നേരത്തെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ഫൈസലിനെ വെട്ടിപരിക്കേല്‍പ്പിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് ഇരുവരെയും റോഡില്‍ കാത്തിരുന്ന് വെട്ടിവീഴ്ത്തിയത്. ഫൈസലിനെ ആക്രമിക്കാനിടയായ സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാകാം അവര്‍ ഹഖിനെ ലക്ഷ്യമിട്ടെത്തിയത്. ഹഖിനെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മിഥിലാജിനെയും കുത്തിവീഴ്ത്തിയത്. അവന്റെ നെഞ്ചില്‍ മാരകായുധം കുത്തിയിറക്കിയിരുന്നു. ഹൃദയത്തില്‍ ഏഴ് ഇഞ്ച് ആഴത്തിലാണ് കുത്തേറ്റത്. ഹഖിന്റെ തല വെട്ടിപ്പൊളിച്ച നിലയിലായിരുന്നു. സ്‌പൈനല്‍ കോഡിനും വെട്ടേറ്റു. അതിക്രൂരമായിട്ടായിരുന്നു അവരുടെ ആക്രമണം. മിഥിലാജ് ഒരു ഗുണ്ടയോ കൂലിത്തല്ലിന് പോകുന്ന ആളോ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളുടെ അറിവോടെയല്ലാതെ ഇതൊന്നും നടക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം അറിവുണ്ടായിരിക്കുമെന്നും” സഹോദരന്‍ ആരോപിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close