
ഇന്ത്യയിൽ അധോലോക പ്രവർത്തനങ്ങൾക്ക് പേര് കേട്ട ഇടമാണ് മുംബൈ. അധോലോക സംഘങ്ങളുടെ താവളമെന്നും പറയാം.മുംബൈയുടെ അധോലോക ചരിത്രം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.അതിന് വർഷങ്ങൾ നീണ്ട ചരിത്രമുണ്ട്. ഹാജി മസ്താനും, കരിം ലാലയും, വരദ രാജ മുതലിയാരും, ചോട്ടാ ഷക്കീൽ, ചോട്ടാ രാജൻ എന്നിങ്ങനെ എന്തിന് അധികം പറയുന്നു മലയാളി ആയിരുന്ന രാജൻ മഹാദേവൻ നായർ എന്ന ബഡാ രാജൻ വരെ നിറഞ്ഞാടിയ പഴയ ബോംബെ അധോലോകം. കാലത്തിനൊപ്പം അത് പേര് മാറ്റി ഇന്ന് മുംബൈ അധോലോകം ആയി മാറി. നിയമ പാലകർക്ക് പോലും ഭയം ആണ് മുംബൈ അധോലോകത്തിനെതിരെ പ്രവർത്തിക്കാൻ. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന നയം ആണ് അവർ പിന്തുടരുന്നത്. അതിനാൽ തന്നെ അധോലോകത്തിന് തടസ്സം നിൽക്കുന്നവരെയെല്ലാം അവർ നിഷ്കരുണം കൊന്നു തള്ളിയിരുന്നു. നിയമ പാലകർ ആണെങ്കിൽ പോലും ജീവനിൽ ഭയം ഇല്ലാത്തവർ വിരളം ആണല്ലോ. അതിനാൽ തന്നെ പലരും ജീവനിൽ ഭയന്ന് ഇവരെ കണ്ടില്ല എന്ന് നടിച്ചു. എന്നാൽ ആ നിയമ പാലകരുടെ കൂട്ടത്തിൽ ചിലർ ഏങ്കിലും ഇവർക്ക് എതിരായി നിൽക്കുവാൻ ധൈര്യം കാണിച്ചിരുന്നു. തങ്ങളുടെ ജീവനെക്കാളും വലുത്, തങ്ങൾ ഏറ്റെടുത്തിരിക്കുന്ന ജോലി ആണ് എന്ന് വിശ്വസിക്കുന്ന വളരെ കുറച്ചു പേർ. അതിൽ ഒരാൾ ആയിരുന്നു മുംബൈ പോലീസിലെ സിംഹക്കുട്ടി എന്ന് തന്നെ പരാമർശിക്കാവുന്ന വിജയ് സലാസ്കർ എന്ന പോലീസ് ഉദ്യോഗസ്ഥൻ. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു നിമിഷം പോലും അയാൾ ക്രിമിനലുകളെ ഭയന്നിരുന്നില്ല. മറിച്ചു, അവരെ ഇല്ലായ്മ ചെയ്ത് രാജ്യത്തിന്റെ സമാധാനം കാത്തു സൂക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതിനായി പ്രവർത്തിക്കുകയും ഒടുവിൽ തന്റെ രാജ്യത്തിന് വേണ്ടി ധീര രക്ത സാക്ഷിത്വം വഹിക്കുകയും ചെയ്ത വിജയ് സലാസ്കറെ പറ്റി നാം ഓരോരുത്തരും അറിയേണ്ടതാണ്.
1983 ൽ ആയിരുന്നു വിജയ് സലാസ്കർ മുംബൈ പോലീസിൽ ഇൻസ്പെക്ടർ ആയി സേവനം ആരംഭിച്ചത്. ജോലിയിൽ പ്രവേശിച്ച അതെ വർഷം തന്നെ ആയിരുന്നു അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യ എൻകൗണ്ടർ നടത്തുന്നതും. കലാ കാലങ്ങളായി പോലീസിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്ന രാജ ഷിഹാബുദ്ദീൻ എന്ന ഗുണ്ട ആയിരുന്നു വിജയ് സലാസ്കറിന്റെ ആദ്യ ഇര. സീനിയർ മുംബൈ പോലീസിനുള്ളിൽ സലാസ്കർ അന്ന് മുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ജോലിയിൽ പ്രവേശിച്ചു രണ്ട് വർഷമായപ്പോഴേക്കും, വിജയ് സലാസ്കറെ ക്രൈം ബ്രാഞ്ചിലെ ആന്റി എക്സോർഷ്യൻ സെൽ തലപ്പത്തേക്ക് മാറ്റി. അവിടെ മുതൽ സലാസ്കർ മുംബൈ അധോലോകത്തിനെതിരായ തന്റെ ജൈത്ര യാത്ര തുടങ്ങുകയായിരുന്നു. 24 വർഷത്തെ നീണ്ട സർവീസിൽ ഏകദേശം 75 മുതൽ 80 ഓളം ക്രിമിനലുകളുടെ കൊലപാതകത്തിൽ അദ്ദേഹം നേരിട്ട് പങ്കാളി ആയിട്ടുണ്ട്. പലരും തൊടാൻ ഭയന്ന മുംബൈ അധോലോകത്തിലേക്ക് ഇറങ്ങിചെന്ന് തന്റെ ദൗത്യങ്ങൾ ഓരോന്നായി നടപ്പാക്കുവാൻ അദ്ദേഹം ഭയം കാണിച്ചിരുന്നില്ല.
അക്കാലത്ത് മുംബൈയിൽ പ്രസിദ്ധമായിരുന്ന അരുൺ ഗാവ്ലിയുടെ സംഘത്തെ ആയിരുന്നു സലാസ്കർ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. ആ ഗ്യാങിലെ നിരവധി പേരുടെ കൊലപാതകങ്ങൾക്ക് വിജയ് സലാസ്കർ നേരിട്ടും, അല്ലാതെയും പങ്കാളി ആയി. മുംബൈ അധോലോകത്തെ മുഴുവൻ തന്നെ കൊണ്ട് തുടച്ചു മാറ്റാൻ സാധിക്കുകയില്ലെങ്കിൽപോലും, തന്നെ കൊണ്ട് കഴിയുന്നത്ര പേരെ ഇല്ലാതാക്കിയിരിക്കും എന്ന് അദ്ദേഹം ദൃഡ പ്രതിജ്ഞ എടുത്തിരുന്നു. ആ ആത്മവിശ്വാസം തന്നെയാണ് അന്ന് മുംബൈ അധോലോകത്തിലെ പ്രധാനി ആയിരുന്ന അരുൺ ഗാവ്ലിയെ വലയിൽ ആക്കുവാനായി , ഗാവ്ലിയുടെ കേന്ദ്രത്തിലേക്ക് കയറി ചെല്ലുവാൻ സലാസ്കറിന് ധൈര്യം നൽകിയത് .അന്നുവരെ മറ്റൊരു പോലീസുകാരും കാണിക്കുവാൻ മടിച്ച ധൈര്യമായിരുന്നു സർവീസിൽ കയറി വളരെ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ വിജയ് സലാസ്കർ കാണിച്ചത്. എന്നാൽ അന്ന് ഭാഗ്യം അരുൺ ഗാവ്ലിയുടെ പക്ഷത്തായിരുന്നു.തന്നെ തേടി സലാസ്കർ എത്തുന്നുണ്ട് എന്ന വാർത്ത എങ്ങനെയോ മണത്തറിഞ്ഞ ഗാവ്ലി, സലാസ്കറിന് പിടി കൊടുക്കാതെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാൽ വെറും കയ്യോടെ മടങ്ങി വരുവാൻ ആ ധീരനായ ഉദ്യോഗസ്ഥനും തയ്യാറല്ലായിരുന്നു. ഗാവ്ലിയുടെ രണ്ട് വിശ്വസ്തന്മാർ ആയിരുന്ന സദാ പാവ്ലെ, വിജയ് തൻഡൽ എന്നീ രണ്ട് പേരെ വകവരുത്തി ആയിരുന്നു അന്ന് സലാസ്കർ തന്റെ ഉദ്യമം അവസാനിപ്പിച്ചത്.
തന്റെ സംഘത്തിന് നേരെ ആഞ്ഞടിക്കുന്ന ഒരു കൊടുങ്കാറ്റായി വിജയ് സലാസ്കർ മാറി കൊണ്ടിരുന്നപ്പോൾ, ഒടുവിൽ മറ്റൊരു നിവർത്തിയും ഇല്ലാതെ ആരുൺ ഗാവ്ലിയ്ക്ക്, സലാസ്കർ തന്നെ വധിക്കുവാൻ ശ്രമിക്കുകയാണ് എന്ന് മുംബൈ പോലീസിന് പരാതി നൽകേണ്ടി വന്നു. എന്നാൽ അന്ന് ആ പരാതിയ്ക്ക് മറുപടിയായി ധീരനായ ഓഫീസർ സ്റ്റേറ്റ്മെന്റ് നൽകിയത് ഇപ്രകാരമാണ് – “മുംബൈയിൽ കുറ്റ കൃത്യങ്ങൾ നടത്തുന്നതോ, കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുകയോ ചെയ്യുന്നത് ആരാണെങ്കിലും, അതിനി ഏത് നേതാവായാലും, പോലീസുകാരിൽ പെടുന്നവർ ആണെങ്കിൽ പോലും, മറ്റൊരു ഭവിഷത്തും വകവയ്ക്കാതെ ഞാൻ അവർക്കെതിരെ ആക്ഷൻ എടുക്കുക തന്നെ ചെയ്തിരിക്കും” എന്നാണ്.
എന്നാൽ വിജയ് സലാസ്കറുടെ ജീവിതത്തിലെ ആ കറുത്ത ദിനം വന്നത് അന്ന് ആയിരുന്നു. 2008 നവംബർ 10ൽ. മുംബൈയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി സേവനം അനുഷ്ഠിക്കുന്ന കാമ ആൻഡ് ആൽബ്ളിസ് ആശുപത്രിയ്ക്ക് സമീപം ഭീകരാക്രമണം നടക്കുകയാണെന്നും ഐ. പി. എസ് ഓഫീസർ ആയ സദാനന്ദ ദത് പരിക്കേറ്റ് വീണിരിക്കുന്നുവെന്നുമുള്ള സന്ദേശം അന്ന് വൈകിട്ട് അദ്ദേഹത്തിന് ലഭിക്കുന്നു. സംഭവ സ്ഥലത്തു നിന്നും കുറച്ചകലെ ചത്രപതി ടെർമിനസിൽ ആയിരുന്നു വിവരം ലഭിക്കുമ്പോൾ സലാസ്കറും കൂട്ടരും ഉണ്ടായിരുന്നത്. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ട് ഓഫീസർമാർ ആയിരുന്ന ഹേമന്ത് കാർക്കർ, അശോക് കാംതെ, കൂടാതെ നാല് കോൺസ്റ്റബിൾമാരും ആയി ഒരു ക്വാളിസ് കാറിൽ സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചു. ഇവർ സംഭവ സ്ഥലത്ത് എത്തിയ ഉടൻ തന്നെ, ഒരു മരത്തിനു പിറകിൽ മറഞ്ഞു നിന്നിരുന്ന 2 തീവ്രവാദികൾ ഇവരുടെ വാഹനത്തിന് നേരെ എ. കെ 47 തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കോൺസ്റ്റബിൾ ഒഴികെ വിജയ് സലാസ്കർ ഉൾപ്പടെയുള്ള 6 പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു.
തന്റെ ജീവിതത്തിലെ 51 വർഷങ്ങളിൽ 24 വർഷവും അദ്ദേഹം മാറ്റിവെച്ചത് തന്റെ നാടിനു വേണ്ടിയായിരുന്നു. ഒരു ജനതയ്ക്ക് മുഴുവൻ സമാധാനത്തോട് കൂടിയുള്ള ജീവിതം സമ്മാനിക്കുവാൻ ആയിരുന്നു. സ്വന്തം ജീവൻ പോലും വക വെയ്ക്കാതെയായിരുന്നു അദ്ദേഹം ഓരോ ദൗത്യത്തിലും മുഴുകിയിരുന്നത്. ഒടുവിൽ തന്റെ ജീവൻ നൽകിയതും നാടിനു വേണ്ടി തന്നെ. അങ്ങനെ മുംബൈ അധോലോകം ഭയത്തോടെ കണ്ടുകൊണ്ടിരുന്ന ആ ധീര നായകൻ ഒരു ചരിത്രമായി മാറി. നാടിനു വേണ്ടി ആദ്ദേഹം നടത്തിയ സേവനങ്ങൾ മുൻ നിർത്തി 2009 ൽ ഭാരതം അദ്ദേഹത്തിന് അശോക ചക്രം നൽകി ബഹുമാനിച്ചു.
Read more: http://exposekerala.com/v-c-sajjanar
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://bit.ly/3jhwCp6