നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവര്‍ക്കെതിരെ ഡബ്ല്യുസിസി


Spread the love

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറ് മാറിയ താരങ്ങള്‍ക്കെതിരെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അവരുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയത്. ‘എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ് എവിടെയങ്കിലും ഉയര്‍ന്നുവരുന്ന അനീതി’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഞാന്‍ എന്നും അവള്‍ക്കൊപ്പം എന്നും പോസ്റ്റില്‍ പറയുന്നു. ഡബ്ല്യു.സി.സി അംഗങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍ തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ഹരീഷ് പേരടിയും പ്രതിഷേധം ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു. കേസില്‍ കൂറുമാറിയ നടി ഭാമക്കെതിരേ രൂക്ഷ വിമര്‍ശനമാണ് രേവതി ഉന്നയിച്ചത്. സിനിമ രംഗത്തുള്ള സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളില്‍ വര്‍ഷങ്ങളായി കൂടെ പ്രവര്‍ത്തിച്ചും ഒത്തിരി നല്ല സമയങ്ങള്‍ പങ്കുവച്ചിട്ടും കൂടെയുള്ള ഒരു സ്ത്രീയുടെ വിഷയം വന്നപ്പോള്‍ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലരെന്നും രേവതി ഫേസ്ബുക്കില്‍ പറഞ്ഞു.
കൂറുമാറിയവരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്.
കേസില്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞ അമ്മയിലെ അംഗങ്ങള്‍ സംഘടനയില്‍നിന്നും രാജിവച്ച് പോകണമെന്നാണ് ഹരീഷ് പേരടി പ്രതികരിച്ചത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close