
ഒന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് വ്യാജസന്ദേശം. എറണാകുളം അസി. കമ്മിഷണര്‍ കെ.ലാല്‍ജിയുടെ പേരിലാണ് വ്യാജ ശബ്ദസന്ദേശം എത്തിയിരിക്കുന്നത്. അസി. കമ്മിഷണറുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. കൊല്ലം നീണ്ടകര ദളവാപുരത്തെ വീട്ടില്‍ സ്റ്റിക്കര്‍ പതിപ്പിച്ചതിനെക്കുറിച്ചു പരാമര്‍ശിച്ചു, കേരളം മുഴുവന്‍ കയ്യടക്കാന്‍ ഈ മാഫിയ മുന്നേറ്റം നടത്തുന്നുവെന്ന തരത്തിലുള്ളതാണു ശബ്ദസന്ദേശം. ഒന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ മാഫിയ ലക്ഷ്യം വയ്ക്കുന്നുവെന്നും വീട് സ്കെച്ച് ചെയ്യാനായാണു ഭിക്ഷക്കാരുടെ കൈവശം കറുത്ത സ്റ്റിക്കര്‍ കൊടുത്തുവിടുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.
വീടുകളില്‍ എന്തെങ്കിലും ചടങ്ങ് അറിയിക്കാനോ, ഏതെങ്കിലും വിലാസം തിരക്കിയോ എത്തുന്ന മുഖപരിചയമില്ലാത്ത എല്ലാവരുടെയും ഫോട്ടോയെടുക്കണമെന്നും ഇതിനുള്ള അധികാരം പൊലീസ് പൊതുജനങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നും സന്ദേശത്തിലുണ്ട്. എറണാകുളം അസി. കമ്മിഷണറായി എത്തുന്നതിനു മുന്‍പു കൊല്ലം സിറ്റിയില്‍ അസി. കമ്മിഷണറായിരുന്നു ലാല്‍ജി. ഇദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചാണു സന്ദേശം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.